| Wednesday, 27th August 2025, 5:44 pm

കരിയറില്‍ ബുദ്ധിമുട്ടിയ സമയത്തും രജിനിയുടെ പടത്തില്‍ വില്ലനായി വിളിച്ചപ്പോള്‍ പോയില്ല, അത്തരം വേഷം ചെയ്യാന്‍ താത്പര്യമില്ലായിരുന്നു: സത്യരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് സത്യരാജ്. 1978ല്‍ റിലീസായ സട്ടം എന്‍ കൈയില്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാജീവിതം ആരംഭിച്ചത്. ചെറിയ വേഷങ്ങളിലൂടെ ആരംഭിച്ച കരിയര്‍ പിന്നീട് വില്ലന്‍ വേഷങ്ങളിലേക്ക് ചുവടുമാറി. തുടര്‍ന്ന് നായകവേഷത്തിലും സത്യരാജ് തന്റെ കഴിവ് തെളിയിച്ചു. ഒരുകാലത്ത് തമിഴിലെ മുന്‍നിര നായകനായി തിളങ്ങിയ താരമായിരുന്നു അദ്ദേഹം.

തമിഴിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2010ന് ശേഷം ക്യാരക്ടര്‍ റോളുകളിലേക്ക് സത്യരാജ് ചുവടുമാറ്റി. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ സത്യരാജ് ശ്രദ്ധിക്കപ്പെട്ടു. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജ് രജിനികാന്തിനൊപ്പം അഭിനയിച്ച ചിത്രം കൂലി അടുത്തിടെ റിലീസായിരുന്നു.

രജിനികാന്തുമായി അഭിനയിക്കാന്‍ ഇത്രയും വര്‍ഷത്തെ ഗ്യാപ് വേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സത്യരാജ്. ഇത്രയും വര്‍ഷമൊന്നും വേണ്ടി വരില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കൂലിക്ക് മുമ്പ് രജിനിയുടെ ഒരു സിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ തന്നെ വിളിച്ചെന്നും എന്നാല്‍ താനത് ഒഴിവാക്കിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘സാക്ഷാല്‍ ഷങ്കര്‍ എന്നെ വിളിച്ചിട്ടും ഞാന്‍ ആ പടം ചെയ്തില്ല. വേറെ ഒന്നുമല്ല, ശിവാജി എന്ന സിനിമയില്‍ വില്ലനാകാന്‍ ഷങ്കര്‍ എന്നെ സമീപിച്ചിരുന്നു. അന്നത്തെ എന്റെ അവസ്ഥ കുറച്ച് മോശമായിരുന്നു. നായകനായി ഞാന്‍ അഭിനയിച്ച പടങ്ങളെല്ലാം വരിവരിയായി പൊട്ടുകയായിരുന്നു. കരിയര്‍ തന്നെ തുലാസില്‍ നില്‍ക്കുന്ന ഒരു അവസ്ഥയായിരുന്നു അത്.

അപ്പോഴാണ് രജിനിയുടെ വില്ലനായി അഭിനയിക്കാന്‍ എന്നെ വിളിക്കുന്നത്. അത് ഞാന്‍ സ്വീകരിക്കാത്തതിന്റെ കാരണം ഷങ്കര്‍ സാറോട് പറയുകയും ചെയ്തു. ‘ഇപ്പോള്‍ എന്റെ പടങ്ങള്‍ അത്രക്ക് ഹിറ്റാകുന്നില്ല. നായകനായിട്ടാണ് ഈ സിനിമകളത്രയും ചെയ്തത്. ഇപ്പോള്‍ ഞാന്‍ രജിനിയുടെ വില്ലനായി അഭിനയിച്ചാല്‍ ഒരുപാട് അവസരം കിട്ടും. പക്ഷേ, വില്ലന്‍ വേഷത്തില്‍ ടൈപ്പ്കാസ്റ്റാവും,’ സത്യരാജ് പറഞ്ഞു.

പുതിയ ചിത്രമായ കൂലിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ശ്രുതി ഹാസനോട് സംസാരിക്കുകയായിരുന്നു സത്യരാജ്. രജിനികാന്ത് നായകനായ ചിത്രത്തില്‍ രാജശേഖര്‍ എന്ന കഥാപാത്രത്തെയാണ് സത്യരാജ് അവതരിപ്പിച്ചത്. കുറച്ച് സ്‌ക്രീന്‍ ടൈം മാത്രമേ ഉണ്ടായിരുന്നുവെങ്കിലും കഥയിലെ പ്രധാനവേഷമായിരുന്നു അദ്ദേഹത്തിന്റേത്.

Content Highlight: Sathyaraj saying he rejected the villain role in Sivaji movie starring Rajnikanth

Latest Stories

We use cookies to give you the best possible experience. Learn more