| Tuesday, 26th August 2025, 10:32 am

അമൽ ഡേവിസിനെ അതുപോലെ വേണമെന്ന് സത്യൻ സാർ പറഞ്ഞു; കഥയിലും അങ്ങനെയായിരുന്നു: സം​ഗീത് പ്രതാപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ ചിത്രങ്ങളിലൂടെ നടനെന്ന നിലയിൽ സിനിമാപ്രേമികൾക്ക് ഏറെ പരിചിതനായ വ്യക്തിയാണ് സംഗീത് പ്രതാപ്. എഡിറ്ററായിട്ടാണ് സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം. 2024ൽ പുറത്തിറങ്ങിയ ലിറ്റിൽ മിസ് റാവുത്തർ എന്ന സിനിമയിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടാൻ സംഗീതിന് സാധിച്ചു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ പ്രേമലുവാണ് സംഗീതിനെ ജനപ്രിയനാക്കിയത്. പിന്നീട് മോഹൻലാലിന്റെ ചിത്രം തുടരുമിലും സം​ഗീത് ചെറിയ വേഷത്തിൽ എത്തിയിരുന്നു. മോഹൻലാലിന്റെയൊപ്പം തന്നെയുള്ള ഹൃദയപൂർവ്വമാണ് വരാനിരിക്കുന്ന സിനിമ. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘നോർമലി എന്റെയൊരു പ്രോസസ് പ്രകാരം ആദ്യം കഥയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. എന്റെയൊരു സെലക്ഷൻ പ്രോസസിൽ കഥ കേട്ട് കഥാപാത്രത്തിന്റെ പ്രാധാന്യം നോക്കിയിട്ടാണ് സിനിമ ചൂസ് ചെയ്യാറുള്ളത്. ഞാൻ അങ്ങനെ ചെയ്യാത്ത ഒരേയൊരു സിനിമയാണ് ഹൃദയപൂർവ്വം. അവിടെ സത്യൻ അന്തിക്കാട് – മോഹൻലാൽ എന്നുപറയുന്ന രണ്ടുപേരുകൾ സിനിമയോടുള്ള ഇഷ്ടം തോന്നിപ്പിച്ച പേരുകളാണ്,’ സംഗീത് പ്രതാപ് പറയുന്നു.

താൻ സത്യൻ അന്തിക്കാടിനെ പരിചയപ്പെടുന്നതിന് മുമ്പും ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് ചോദിക്കുമ്പോൾ മനസ്സിനക്കരെ എന്നാണ് പറയുന്നതെന്നും അവിടെ നിന്നും അവരുടെ ചിത്രത്തിലെ ഭാഗമാകുന്നത് നല്ല അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഥ പറയുമ്പോഴേ തന്റെയടുത്ത് ചിത്രത്തിലുടനീളമുള്ള റോളാണെന്നാണ് പറഞ്ഞിരുന്നതെന്നും മോഹൻലാലിന്റെ ഒപ്പമാണെന്ന് പറഞ്ഞിരുന്നെന്നും സംഗീത് പ്രതാപ് കൂട്ടിച്ചേർത്തു. മോഹൻലാലിന്റെ കൂടെ എന്ന വാക്ക് മാത്രം മതിയായിരുന്നു സിനിമയുടെ ഭാഗമാകാൻ എന്നും പിന്നീങ്ങോട്ട് നമ്മളെയും വളരെ കാര്യമായിട്ടാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രേമലു സിനിമക്ക് ശേഷമാണ് സിനിമയെ സീരിയസായി സമീപിക്കാൻ തുടങ്ങിയതെന്നും അമൽ ഡേവിസ് എന്ന കഥാപാത്രം എങ്ങനെ ആയിരുന്നോ അതുപോലെ വേണം എന്നായിരുന്നു സത്യൻ അന്തിക്കാട് പറഞ്ഞിരുന്നതെന്നും സംഗീത് പ്രതാപ് കൂട്ടിച്ചേർത്തു.

അവർക്ക് വേണ്ടിയിരുന്നത് പ്രേമലുവിൽ ഉണ്ടായിരുന്ന ഓറ റീക്രിയേറ്റ് ചെയ്യണമെന്നായിരുന്നെന്നും കഥയിൽ അതുണ്ടായിരുന്നെന്നും സംഗീത് പ്രതാപ് പറഞ്ഞു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു സം​ഗീത്.

Content Highlight: SathyanAnthikkad said he wants Amal Davis to be like that says Sangeeth Prathap

We use cookies to give you the best possible experience. Learn more