മലയാളികള്‍ക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ശ്രീനിവാസന്റെ തിരക്കഥയില്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്.
ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, ടി.പി. ബാലഗോപാലന്‍ എം.എ, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ്, തലയണമന്ത്രം, സന്ദേശം തുടങ്ങി നിരവധി സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ എത്തിയിട്ടുണ്ട്.
ഒപ്പം മൈ ഡിയര്‍ മുത്തച്ഛന്‍, ഗോളാന്തര വാര്‍ത്ത, ഇരട്ടകുട്ടികളുടെ അച്ഛന്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഞാന്‍ പ്രകാശന്‍ തുടങ്ങിയ സിനിമകളും ശ്രീനിവാസന്‍ – സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റേതാണ്.
താനും ശ്രീനിവാസനും കലഹിച്ചിട്ടുണ്ടെന്നും എന്നാല്‍ അതെല്ലാം തിരക്കഥാ ചര്‍ച്ചകള്‍ക്കിടയില്‍ മാത്രമാണെന്നും പറയുകയാണ് സത്യന്‍ അന്തിക്കാട്. ഒരു ദിവസത്തിനപ്പുറം ആ ദേഷ്യം നീണ്ടു നിന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
‘നാടോടിക്കാറ്റ് സിനിമയുടെ സമയത്ത് നടന്ന കാര്യങ്ങള്‍ എനിക്ക് ഇന്നും ഓര്‍മയുണ്ട്. അന്ന് ഷൂട്ടിങ് ഡേറ്റൊക്കെ തീരുമാനിച്ചു. എന്നാല്‍ ക്ലൈമാക്‌സ് രൂപപ്പെട്ടിട്ടില്ല. ഞാന്‍ നിര്‍ദേശിക്കുന്ന സന്ദര്‍ഭങ്ങള്‍ ശ്രീനിക്കും ശ്രീനി പറയുന്നത് എനിക്കും തൃപ്തിയാകുന്നില്ലായിരുന്നു. ദാസനും വിജയനും ഞങ്ങളുടെ മുമ്പില്‍ എങ്ങോട്ട് തിരിയണമെന്ന് അറിയാതെ നട്ടംതിരിഞ്ഞു നില്‍ക്കുന്ന അവസ്ഥയായി.
ഒടുവില്‍ ശ്രീനി പിണങ്ങി. ‘ഞാന്‍ നാളെ നാട്ടിലേക്ക് തിരിച്ചു പോവുകയാണ്. എനിക്ക് ഇതില്‍ കൂടുതല്‍ ചിന്തിക്കാന്‍ പറ്റില്ല. തിരക്കഥ എഴുതണമെന്ന് പറഞ്ഞ് നിങ്ങളുടെ മുമ്പില്‍ ഭിക്ഷാംദേഹിയായി ഞാന്‍ വന്നിട്ടില്ലല്ലോ. എന്നെ വിട്ടേക്ക്’ എന്നും പറഞ്ഞ് കരിമ്പടമെടുത്ത് തലവഴി മൂടി ശ്രീനി കിടന്നു. ഏറ്റുമുട്ടലിന് നില്‍ക്കാതെ തിരിച്ച് ഞാന്‍ എന്റെ ഫ്‌ളാറ്റിലേക്കും പോയി,’ സത്യന്‍ അന്തിക്കാട് പറയുന്നു.
എന്നാല്‍ പിറ്റേന്ന് രാവിലെ താന്‍ മുറിയില്‍ ചെല്ലുമ്പോഴും കടന്നല്‍ കുത്തിയ മുഖഭാവത്തോടെ കലിപ്പില്‍ ഇരിക്കുന്ന ശ്രീനിവാസനെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പതുക്കെ പതുക്കെ താന്‍ സിനിമയുടെ നല്ലവശങ്ങളെ പറ്റിയും തങ്ങളുണ്ടാക്കിയ രസകരമായ രംഗങ്ങളുടെ പുതുമയെക്കുറിച്ചും സംസാരിച്ചെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
‘അറിയാതെ ശ്രീനിയും അതിലേക്ക് ചേര്‍ന്നു. അന്നാണ് കോവൈ വെങ്കിടേശന്‍ എന്ന കഥാപാത്രം ജനിക്കുന്നത്. അവിടം മുതല്‍ കഥക്ക് വീണ്ടും ജീവന്‍ വെച്ചു. എഴുതാന്‍ പോകുന്ന സീനുകളെക്കുറിച്ച് പറഞ്ഞ് ഞങ്ങള്‍ പൊട്ടിച്ചിരിച്ചു.
മനസിലെ കാര്‍മേഘമെല്ലാം മാഞ്ഞു കഴിഞ്ഞിരുന്നു. അപ്പോള്‍ ശ്രീനി ചോദിച്ചു ‘ഇന്നലെ പറഞ്ഞ സീനുകള്‍ ബോറായിരുന്നു അല്ലേ’യെന്ന്. ഞാന്‍ അതേയെന്ന് തലകുലുക്കി. ‘ഹൃദയംഗമമായ മാപ്പ്’ അതിലുമുണ്ടൊരു ശ്രീനിവാസന്‍ ടച്ച്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
Content Highlight: Sathyan Anthikkad Talks About Sreenivasan And Nadodikattu Movie