മലയാള സിനിമാപ്രേമികള്‍ക്ക് നിരവധി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങി മുന്‍നിര താരങ്ങളോടൊപ്പം ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ഇന്ന് യുവതലമുറയിലെ ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ ഉള്‍പ്പെടെയുള്ളവരുടെ കൂടെയും അദ്ദേഹം സിനിമ ചെയ്യുന്നുണ്ട്. തനിക്ക് അന്നത്തെ തലമുറയിലെ നടന്മാരും ഇന്നത്തെ തലമുറയിലെ നടന്മാരും തമ്മില്‍ വലിയ വ്യത്യാസം തോന്നിയിട്ടില്ലെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്.
‘മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്ക് വരുന്നു. സംവിധായകന്‍ ഫാസിലിന്റെ മകന്‍ ഫഹദ് ഫാസില്‍ അഭിനയത്തിലേക്ക് വരുന്നു. അവിടെ ഞാന്‍ ദുല്‍ഖറുമായും ഫഹദുമായും സൗഹൃദത്തില്‍ ആകുകയാണ് ചെയ്യുന്നത്.
അതായത് മോഹന്‍ലാലിനോടോ മമ്മൂട്ടിയോടെ ഉള്ളത് പോലെ തന്നെ എന്ത് തമാശയും പറയാവുന്ന സൗഹൃദം ഉണ്ടാക്കിയെടുക്കും. ഞങ്ങള്‍ക്ക് ഇടയിലെ അതിര്‍വരമ്പ് ആദ്യം തന്നെ ഇല്ലാതാക്കും. നമ്മള്‍ ഇവരോട് കൂടിചേരുന്നത് നല്ലതല്ലേ,’ സത്യന്‍ അന്തിക്കാട് പറയുന്നു.
‘പക്ഷെ അവന്‍ ഷൂട്ടിങ് തുടങ്ങുമ്പോള്‍ സത്യേട്ടാ എന്നാണ് വിളിക്കുന്നത്. അത്തരത്തില്‍ ഞങ്ങള്‍ക്കിടയിലെ അതിര്‍വരമ്പ് ഇല്ലാതാകുകയാണ്. അത് വലിയ വ്യത്യാസം കൊണ്ടുവരും. നമ്മള്‍ സീനിയറാണെന്നും തങ്ങളുടെ അച്ഛന്റെ കൂടെയുള്ള ആളാണെന്നും അവര്‍ക്ക് തോന്നുമ്പോഴാണ് പ്രശ്‌നം,’ സത്യന്‍ അന്തിക്കാട് പറയുന്നു.
തനിക്ക് വളരെ കാലം മുമ്പ് തന്നെ ഫഹദിന്റെ ടാലന്റിനെ പറ്റി തോന്നല്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ആ കാര്യം ഫാസിലിനോട് പറഞ്ഞതാണെന്നും എന്നാല്‍ ‘അവന്‍ പഠിക്കട്ടെ’ എന്നായിരുന്നു ഫാസിലിന്റെ മറുപടിയെന്നും സത്യന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Sathyan Anthikkad Talks About Newgen Actors Like Fahadh Faasil