| Sunday, 3rd August 2025, 2:12 pm

ആ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ചെയ്താല്‍ ലാലിനെ വെച്ച് ഇനിയും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാം: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ച ഒരു കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാടിന്റേതും മോഹന്‍ലാലിന്റേതും. ഒരു കാലത്ത് മോഹന്‍ലാലിനെ പല ഭാവങ്ങളില്‍ കാണിക്കാന്‍ സത്യന്‍ അന്തിക്കാടിന് സാധിച്ചിരുന്നു.

ഇപ്പോള്‍ വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. ഇനിയും മോഹന്‍ലാല്‍ എന്ന നടനെ പഴയതുപോലെ ഭംഗിയായിട്ട് അവതരിപ്പിക്കാന്‍ തോന്നാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സത്യന്‍ അന്തിക്കാട്.

അഭിനയിപ്പിച്ചിട്ട് കൊതി തീര്‍ന്നിട്ടില്ലാത്ത നടനാണ് ഇന്നും തനിക്ക് മോഹന്‍ലാലെന്നും അതിപ്പോള്‍ പഴയ മോഹന്‍ലാലാണോ പുതിയ മോഹന്‍ലാലാണോ എന്നുള്ളതല്ലെന്നും സംവിധായകന്‍ പറയുന്നു.

നാടോടിക്കാറ്റിലെ മോഹന്‍ലാലിനെ ഇന്നത്തെ മോഹന്‍ലാലിലൂടെ റീപ്ലേസ് ചെയ്യാന്‍ പറ്റില്ലെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രൂപത്തിലും പ്രായത്തിലും ഒക്കെയുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ മോഹന്‍ലാലിനെ വെച്ചിട്ടുള്ള ക്യാരക്ടേഴ്‌സ് ചെയ്യുകയാണെങ്കില്‍ ഇതുപോലെ തന്നെ ലാലിനെ വെച്ച് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

കാരണം മോഹന്‍ലാല്‍ ബേസിക്കലി അഭിനേതാവാണ്. മോഹന്‍ലാലിനെ ക്യാമറയുടെ മുന്നില്‍ നിര്‍ത്തിയിട്ട് എനിക്ക് കൊതി തീര്‍ന്നിട്ടില്ല. അപ്പോള്‍ അത് ഇന്നും മോഹന്‍ലാലുമായി സംസാ രിക്കുമ്പോഴൊക്കെ ആ ഹ്യൂമറും സാധനങ്ങളുമൊക്കെ ഇപ്പോഴും ലാലിലുണ്ട്.

എന്നുവെച്ചിട്ട് അന്നത്തെ ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലെ ‘മെ ചെല്‍ത്താഹെ ഹൂം, ഹെ ഹൈ’ എന്ന് പറയിപ്പിച്ചിട്ട് ചെയ്യാന്‍ പാടില്ല,’ സത്യന്‍ അന്തിക്കാട് പറയുന്നു.

ഇപ്പോഴത്തെ അവസ്ഥ വെച്ച് കഥാപാത്രങ്ങളെ ഉണ്ടാക്കിയാല്‍ മോഹന്‍ലാലിനെ വെച്ചിട്ട് ഇനിയും രസകരമായ സിനിമകള്‍ ചെയ്യാന്‍ പറ്റുമെന്ന വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരന്‍, ഒരു പെണ്‍കുട്ടിയുടെ മുന്നില്‍ കാല്‍ കുത്തിമറിയുന്നൊരാള്‍ എന്നിവയൊന്നും ഇനി മോഹന്‍ലാലിനെ വെച്ച് ചെയ്യാന്‍ പറ്റില്ലെന്നും സംവിധായകന്‍ പറഞ്ഞു.

Content Highlight: Sathyan Anthikkad Talks About Mohanlal

We use cookies to give you the best possible experience. Learn more