| Monday, 25th August 2025, 11:43 am

മോഹന്‍ലാലിനെ പോലെ ആദ്യ കാഴ്ചയില്‍ ശ്രദ്ധിച്ച യുവനടന്‍; പിന്നീട് അവന്‍ അത്ഭുതപ്പെടുത്തി: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് മികച്ച സിനിമകളും കഥാപാത്രങ്ങളും നല്‍കിയിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തിയ സിനിമകളായിരുന്നു ഒരു ഇന്ത്യന്‍ പ്രണയകഥ, ഞാന്‍ പ്രകാശന്‍ എന്നിവ.

ഇരുചിത്രങ്ങളിലും നായകനായത് ഫഹദ് ഫാസില്‍ ആയിരുന്നു. ഇപ്പോള്‍ ഫഹദിനെ കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. തനിക്ക് വളരെ കാലം മുമ്പ് തന്നെ ഫഹദിന്റെ ടാലന്റിനെ പറ്റി തോന്നല്‍ ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

താന്‍ ആ കാര്യം സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസിലിനോട് പറഞ്ഞതാണെന്നും സത്യന്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘പണ്ട് ഞാന്‍ ഫാസിലിന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നു. അന്ന് ഫഹദ് ഒരു കുട്ടിയാണ്. അന്നത്തെ ഫഹദിന്റെ ചേഷ്ടകളും മുഖവും കണ്ണുമൊക്കെ നമ്മളെ വളരെ നന്നായി അട്രാക്ട് ചെയ്തിരുന്നു. അന്ന് ഞാന്‍ ഫാസിലിനോട് ഇവനെ നമുക്ക് അഭിനയിപ്പിക്കണമെന്ന് പറഞ്ഞു.

അപ്പോള്‍ ‘അവന്‍ പഠിക്കട്ടെ’ എന്നായിരുന്നു ഫാസിലിന്റെ മറുപടി. പിന്നീട് രഞ്ജിത്ത് ചെയ്ത ഒരു പത്ത് കഥകളുടെ സിനിമ വന്നിരുന്നു. കേരള കഫേ ആയിരുന്നു അത്. അതിലെ ഷോര്‍ട്ട് ഫിലിം കണ്ടിട്ട് എനിക്ക് അവനെ വല്ലാതെ ഇഷ്ടമായി.

ഞാന്‍ കഥ തുടരുന്നു ചെയ്യുന്ന സമയമായിരുന്നു അത്. ഞാന്‍ ഫാസിലിനെ വിളിച്ചു. ‘ഇവനെ ഞാനൊന്ന് അഭിനയിപ്പിച്ചേക്കും’ എന്ന് പറഞ്ഞു. അന്ന് ഞാന്‍ ഫഹദിനെ കാണുകയും പരസ്പരം സംസാരിക്കുകയും ചെയ്തിരുന്നു,’ സത്യന്‍ അന്തിക്കാട് പറയുന്നു.

എന്നാല്‍ ഫഹദ് അങ്ങനെ ചെറിയൊരു റോളില്‍ വരേണ്ട ആളല്ലെന്ന് തനിക്ക് തോന്നിയെന്നും അതോടെ അവനെ പിന്നീട് ഉപയോഗിക്കാമെന്ന് കരുതുകയായിരുന്നെന്നും സംവിധായകന്‍ പറഞ്ഞു. അന്ന് മുതല്‍ക്ക് തന്നെ ഫഹദിന്റെ ഉള്ളിലൊരു പ്രതിഭയുണ്ടെന്ന് തനിക്ക് തോന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പിന്നീട് ഫഹദ് അഭിനയിക്കുന്നത് കണ്ടിട്ട് നമ്മള്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടില്ലേ. മോഹന്‍ലാലിനെ ആദ്യം കാണുമ്പോള്‍ നമ്മള്‍ നോട്ട് ചെയ്തത് പോലെ തന്നെ ശ്രദ്ധിച്ച ആളാണ് ഫഹദ് ഫാസില്‍. അത്രയും മികച്ച അഭിനയമാണ് അവന്റേത്,’ സത്യന്‍ അന്തിക്കാട് പറയുന്നു.


Content Highlight: Sathyan Anthikkad Talks About Fahadh Faasil

Latest Stories

We use cookies to give you the best possible experience. Learn more