| Friday, 1st August 2025, 10:41 am

ലാലിന്റെയും മമ്മൂട്ടിയുടെയും ശബ്ദം പോലെ, ആ നടിയുടേത് മലയാളിക്ക് പരിചിതമായ ശബ്ദം: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയമായാലും നൃത്തമായാലും വാശി കയറിയാല്‍ നടി മഞ്ജു വാര്യരിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്. 1996ല്‍ തൂവല്‍ കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.

തൂവല്‍ കൊട്ടാരം സിനിമയില്‍ മഞ്ജു ഡബ്ബ് ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ചും സംവിധായകന്‍ പറയുന്നു. സുന്ദര്‍ ദാസ് സംവിധാനം ചെയ്ത സല്ലാപം സിനിമയില്‍ മഞ്ജുവിന് ശബ്ദം കൊടുത്തത് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജയായിരുന്നുവെന്നും അത് അവര്‍ ഭംഗിയായി ചെയ്തിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

എന്നാല്‍ തൂവല്‍ കൊട്ടാരം സിനിമയിലെ സ്വാഭാവികതയുള്ള അഭിനയം കണ്ടപ്പോള്‍ താന്‍ മഞ്ജുവിനോട് ‘ഈ സിനിമയില്‍ സ്വന്തം ശബ്ദം മതി’യെന്ന് പറയുകയായിരുന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. അന്ന് ‘അയ്യോ വേണ്ടവേണ്ട. എന്റെ ശബ്ദം മഹാ ബോറാണ്’ എന്നായിരുന്നു മഞ്ജുവിന്റെ മറുപടിയെന്നും അദ്ദേഹം പറയുന്നുണ്ട്.

‘ഒടുവില്‍ നിര്‍ബന്ധപൂര്‍വമാണ് ആദ്യത്തെ ഒന്നുരണ്ട് റീലുകള്‍ ഡബ്ബ് ചെയ്യിക്കുന്നത്. അത് പ്ലേ ചെയ്ത് കേട്ടപ്പോള്‍ കാതു രണ്ടും പൊത്തിപ്പിടിച്ച മഞ്ജു ‘ബോറാണ്. അങ്കിള്‍ ശ്രീജച്ചേച്ചിയെ വിളിച്ചോളൂ’വെന്ന് വിളിച്ചു പറഞ്ഞു.

‘സാരമില്ല, നമുക്ക് നോക്കാം’ എന്ന് മറുപടി പറഞ്ഞ ഞാന്‍ തുടര്‍ച്ചയായി അടുത്ത എല്ലാ റീലുകളും മഞ്ജുവിനെ കൊണ്ടുതന്നെ ഡബ്ബ് ചെയ്യിച്ചു. പകുതിയായപ്പോഴേക്കും മഞ്ജുവിന് തന്നെ ആത്മവിശ്വാസമായി,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

അവസാന രംഗമായപ്പോഴേക്കും ശബ്ദനിയന്ത്രണത്തിലൂടെ സീനിന് കൂടുതല്‍ ജീവന്‍ പകരാന്‍ മഞ്ജു സ്വയം പഠിച്ചുവെന്നും അപ്പോള്‍ ആദ്യത്തെ രണ്ടുമൂന്ന് റീലുകള്‍ വീണ്ടും ചെയ്തുനോക്കാമെന്ന് താന്‍ പറഞ്ഞുവെന്നും സംവിധായകന്‍ പറയുന്നു.

മഞ്ജു വാര്യര്‍ അത് അതിമനോഹരമായി തന്നെ ചെയ്തുവെന്ന് പറയുന്ന സത്യന്‍ അന്തിക്കാട് ‘ഇന്ന് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ശബ്ദം പോലെ മലയാളിക്ക് പരിചിതമാണ് മഞ്ജുവിന്റെ ശബ്ദവും’ എന്നും പറഞ്ഞു.

Content Highlight: Sathyan Anthikkad Talks About Dubbing Experience With Manju Warrier

Latest Stories

We use cookies to give you the best possible experience. Learn more