കേരളത്തിന്റെ പച്ചപ്പും ഹരിതാഭയും വരച്ചുകാട്ടിയ ചിത്രങ്ങളാണ് സത്യൻ അന്തിക്കാടിന്റേത്. അദ്ദേഹത്തിന്റെ സിനിമകൾ കാണുമ്പോൾ നമ്മുടെ ജീവിതവുമായി എവിടെയെങ്കിലും സാമ്യം തോന്നും.
കാലത്തിനനുസരിച്ചുള്ള ഹാസ്യങ്ങളും ഓരോ സന്ദേശങ്ങളും അദ്ദേഹത്തിന്റെ സിനിമയിലൂടെ പകർന്ന് നൽകാൻ ശ്രമിക്കാറുണ്ട്. ചമയം എന്ന ചിത്രത്തിലൂടെ ആരംഭിച്ച് ഇപ്പോഴിതാ ഹൃദയപൂർവ്വം വരെ എത്തിനിൽക്കുന്നു അദ്ദേഹത്തിന്റെ സംവിധാന ചിത്രങ്ങൾ.
കൂടെ തിരക്കഥാകൃത്തായി ശ്രീനിവാസനും കൂടിയെത്തിയതോടെ ഒരുപാട് ഹിറ്റ് ചിത്രങ്ങൾ പിറന്നു. ഇപ്പോൾ ശ്രീനിവാസൻ തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വരവേൽപ്പ് എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സത്യൻ.
ശ്രീനിവാസന്റെ ജീവിതത്തിലുണ്ടായ നീറുന്ന പ്രശ്‌നമാണ് വരവേൽപ്പ് എന്ന ചിത്രത്തിന്റെ പശ്ചാത്തലമെന്നും വർഷങ്ങൾക്ക് മുമ്പുള്ള സിനിമയോട് ചേർത്ത് ഇന്നത്തെ കേരളത്തെ താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറയുന്നു.
‘1989ലാണ് വരവേൽപ്പ് എന്ന സിനിമ ചെയ്യുന്നത്. അതിനും പത്തുവർഷം മുമ്പ് ശ്രീനിവാസന്റെ ജീവിതത്തിലുണ്ടായ നീറുന്ന പ്രശ്‌നമാണ് ആ സിനിമയായി മാറിയത്. ആ കഥ ശ്രീനിവാസൻ ഒരിക്കലും സിനിമയക്ക് വേണ്ടി പറഞ്ഞതല്ല. അദ്ദേഹത്തിന്റെ അച്ഛൻ ഒരു ബസ് വാങ്ങുകയും അതിനെ തുടർന്നുണ്ടായ പ്രതിസന്ധികളും അനുഭവമായി എന്നോട് പറഞ്ഞപ്പോൾ ഇതിനുള്ളിൽ ഒരു സിനിമയുണ്ടെന്ന് ഞാൻ പറഞ്ഞു.
ആ സിനിമയ്ക്ക് ശേഷം ഒരുപാട് വർഷങ്ങൾക്കിപ്പുറം തീർച്ചയായും കേരളത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാകാം. ആ കാലഘട്ടത്തിൽ ഉണ്ടായിരുന്ന കേരളത്തിൻ്റെ തൊഴിലന്തരീക്ഷവും ഒരാളുടെ അനുഭവവും ചേർത്തുകൊണ്ട് സൃഷ്ടിച്ച സിനിമയാണത്. വർഷങ്ങൾക്ക് മുമ്പുള്ള സിനിമയോട് ചേർത്ത് ഇന്നത്തെ കേരളത്തെ താരതമ്യം ചെയ്യരുത്,’ സത്യൻ അന്തിക്കാട് പറയുന്നു.
വരവേൽപ്പ്
1989ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു വരവേൽപ്പ്. മോഹൻലാൽ, മുരളി, രേവതി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
ഏഴുവർഷം ഗൾഫിൽ ജോലി ചെയ്തതിനു ശേഷം, നാട്ടിലെത്തിയ മുരളി, സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ തീരുമാനിക്കുന്നതും ബസ് വാങ്ങിക്കുന്നതും പിന്നീട് അതിനെത്തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.
Content Highlight: Sathyan Anthikkad talking about Varavelpp Movie