സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാലും സംഗീത് പ്രതാപും മാളവിക മോഹനനും പ്രധാനകഥാപാത്രമായി എത്തിയ ഹിറ്റ് ചിത്രമാണ് ഹൃദയപൂർവ്വം. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സന്ദീപ് എന്ന വ്യക്തിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. എന്നാൽ ചിത്രത്തെ വിമർശിച്ച് ഡോക്ടർ ഹാരിസ് ചിറക്കൽ രംഗത്ത് എത്തിയിരുന്നു.
അവയവം മാറ്റിവെച്ച വ്യക്തി എടുക്കേണ്ട മുൻകരുതലുകൾ ഒന്നും ചിത്രത്തിലില്ലെന്നും ഇത്ര സീനിയറായ സംവിധായകൻ വളരെ അലക്ഷ്യമായിട്ടാണ് വിഷയം കൈകാര്യം ചെയ്തതെന്നും ഹാരിസ് ചിറക്കൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.
‘ഹൃദയപൂർവ്വം എന്ന സിനിമയിലെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചിത്രീകരണത്തെ പ്രമുഖ ഡോക്ടർ വിമർശിച്ചിരുന്നു. അവയവദാനം പോലുള്ള സുപ്രധാന വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ് ഞാൻ സിനിമ ചെയ്തത്. ചിത്രീകരണത്തിനുമുമ്പ്, പ്രമുഖ ഹൃദ്രോഗ വിദഗ്ധരുമായും ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുമായും ശസ്ത്രക്രിയ കഴിഞ്ഞ പത്തോളം വ്യക്തികളുമായും ചർച്ചകൾ നടത്തി.
ശസ്ത്രക്രിയ കഴിഞ്ഞ മനുഷ്യരൊക്കെയും സാധാരണജീവിതം നയിക്കുന്നവരാണ്. അവയവമാറ്റം നടത്തിയവർ സാധാരണ മനുഷ്യരാണെന്നും സന്തോഷത്തോടെ സാധാരണജീവിതം നയിക്കാൻ അവർക്ക് സാധിക്കുമെന്നും കാണിക്കേണ്ടത് സമൂഹത്തിൽ അവയവമാറ്റ പ്രക്രിയക്ക് അനുകൂലമായ കാഴ്ചപ്പാടുണ്ടാക്കാൻ അത്യാവശ്യമാണ്.
സിനിമയിലെ സംഘട്ടനരംഗങ്ങൾ പോലും ഡോക്ടർമാരുമായി ചർച്ച ചെയ്ത ശേഷമാണ് ചിത്രീകരിച്ചത്. ‘നെഞ്ചടിച്ച് വീഴരുത്’ എന്ന നിർദേശമനുസരിച്ച് മോഹൻലാലിന്റെ കഥാപാത്രം കൈകുത്തിയാണ് വീഴുന്നത്.
കൂടാതെ ‘തോൽപ്പിക്കാൻ കൈകളും കാലുകളും മതി, ഹൃദയം അവിടെ സുരക്ഷിതമായി ഇരുന്നോളും’ എന്ന സംഭാഷണവും സൂക്ഷ്മമായ ആലോചനയുടെ ഫലമാണ്. സിനിമ പൂർത്തിയായാൽ അത് പ്രേക്ഷകരുടേതാണ്. അവരുടെ അഭിപ്രായങ്ങൾക്കുള്ള സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടാണ് ഞാൻ സിനിമ ചെയ്യുന്നത്,’ സത്യൻ അന്തിക്കാട് പറയുന്നു.
ഒരു കാര്യവും പഠിക്കുകയോ മനസിലാക്കുകയോ ചെയ്യാതെയാണ് മിക്ക മലയാള സിനിമകളും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും ജോസഫ് എന്ന സിനിമ മസ്തിഷ്‌ക മരണ അവയവ ദാനത്തിന് ഏൽപ്പിച്ച പ്രഹരം മാരകമായിരുന്നുവെന്നും ഡോക്ടർ ഹാരിസ് പറഞ്ഞിരുന്നു. തലയിൽ ചുറ്റിക കൊണ്ട് അടിച്ച് ബ്രെയിൻ ഡെത്ത് അവസ്ഥയിൽ എത്തിക്കുമെന്നാണ് ജോസഫ് എന്ന ചിത്രത്തിൽ കാണിച്ചിരിക്കുന്നതെന്നും എന്നാൽ വിദൂര സാധ്യത പോലും ഇല്ലാത്ത ആരോപണം ആണതെന്നും ഡോക്ടർ വിമർശിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. കൂടാതെ ഹൃദയമാറ്റത്തിന്റെ ശേഷമുള്ള കാര്യങ്ങളെക്കുറിച്ചും കുറിപ്പിൽ പ്രതിപാദിക്കുന്നുണ്ട്.
Content Highlight: I made the movie keeping in mind the seriousness of this important issue of organ transplant Sathyan Anthikkad