| Sunday, 31st August 2025, 10:51 pm

മമ്മൂട്ടി പറഞ്ഞിട്ടും ഞാന്‍ സിങ്ക് സൗണ്ടിലേക്ക് പോയില്ല, ആ നടനാണ് ഒടുക്കം എന്നെ കണ്‍വിന്‍സ് ചെയ്തത്: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയസംവിധായകരിലൊരാളാണ് സത്യന്‍ അന്തിക്കാട്. ആദ്യചിത്രമായ കുറുക്കന്റെ കല്യാണം മുതല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഹൃദയപൂര്‍വം വരെ ഒരേ ട്രാക്കില്‍ സഞ്ചരിക്കുന്ന സംവിധായകനാണ് അദ്ദേഹം. നാലരപ്പതിറ്റാണ്ടിലധികമായി ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് സത്യന്‍ അന്തിക്കാട്.

കാലത്തിനനുസരിച്ച് പലപ്പോഴും തന്റെ സിനിമകളില്‍ ടെക്‌നിക്കല്‍ സൈഡ് അപ്‌ഡേറ്റാക്കാന്‍ സത്യന്‍ അന്തിക്കാട് ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കഴിഞ്ഞ കുറച്ച് സിനിമകള്‍ സിങ്ക് സൗണ്ടിലാണ് ഒരുങ്ങിയത്. എന്നാല്‍ സിങ്ക് സൗണ്ടിനോട് തനിക്ക് ആദ്യം ചെറിയ രീതിയില്‍ വിമുഖതയുണ്ടെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്.

ഡബ്ബിങ്ങാണ് ഒരു സിനിമയെ പെര്‍ഫക്ടാക്കുന്നത് എന്നായിരുന്നു താന്‍ ധരിച്ച് വെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഡയലോഗിലെ തെറ്റുകള്‍ ഡബ്ബിങ്ങില്‍ ശരിയാക്കാമെന്നെല്ലാം തന്റെ ചിന്തയെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. സിങ്ക് സൗണ്ടിനെക്കുറിച്ച് മമ്മൂട്ടി തന്നോട് ആദ്യമേ പറഞ്ഞിരുന്നെന്നും അദ്ദേഹം പറയുന്നു.

‘മമ്മൂട്ടി ഇങ്ങനെ എന്നോട് സിങ്ക് സൗണ്ടിന്റെ ഗുണങ്ങളെക്കുറിച്ചൊക്കെ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, ഞാന്‍ ആ സമയത്ത് ആ വഴിക്കൊന്നും പോയില്ല. എന്റെ ചിന്തയാണ് ശരിയെന്ന് വിശ്വസിച്ചു. സിങ്ക് സൗണ്ടില്‍ പടമെടുക്കണമെങ്കില്‍ നല്ല പണിയാണെന്നാണ് ധരിച്ചത്. ആ ഏരിയയില്‍ ചെറിയൊരു സൗണ്ട് പോലും ഇല്ലാതെ വേണമല്ലോ പടമെടുക്കാന്‍.

ഞാന്‍ പ്രകാശന്റെ സമയത്ത് ഫഹദ് എന്നോട് സിങ്ക് സൗണ്ടിനെക്കുറിച്ച് സംസാരിച്ചു. അയാളുടെ പരിചയത്തില്‍ ഒരു സൗണ്ട് എഞ്ചിനീയര്‍ ഉണ്ടെന്ന് പറഞ്ഞ് അനില്‍ രാധാകൃഷ്ണനെ പരിചയപ്പെടുത്തി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും പടത്തില്‍ വര്‍ക്ക് ചെയ്ത പരിചയമായിരുന്നു ഫഹദിന്.

ഞാന്‍ പ്രകാശന്റെ ഷൂട്ട് തുടങ്ങി നാല് ദിവസം കഴിഞ്ഞപ്പോഴാണ് ഞാന്‍ സിങ്ക് സൗണ്ടിലെ സീനുകള്‍ കണ്ടത്. ഹെഡ്‌സെറ്റ് വെച്ച് കേട്ടപ്പോള്‍ ഓരോ ചെറിയ ഡീറ്റെയിലും കേള്‍ക്കാന്‍ സാധിച്ചു. ‘ഇത് കൊള്ളാം’ എന്ന ചിന്ത അപ്പോഴാണ് വന്നത്. പിന്നീട് ഞാന്‍ സിങ്ക് സൗണ്ട് തന്നെ മതിയെന്ന് തീരുമാനിച്ചു,’ സത്യന്‍ അന്തിക്കാട് പറയുന്നു.

ഹൃദയപൂര്‍വത്തില്‍ സിങ്ക് സൗണ്ട് ഉപയോഗിക്കാന്‍ മോഹന്‍ലാല്‍ ആദ്യം വിമുഖത കാണിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ പറഞ്ഞ് മനസിലാക്കിയ ശേഷമാണ് മോഹന്‍ലാല്‍ സിങ്ക് സൗണ്ടിന് തയാറായതെന്നും സിനിമ കണ്ടപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

Content Highlight: Sathyan Anthikkad saying Fahadh Faasil convinced him to use sync sound

We use cookies to give you the best possible experience. Learn more