| Friday, 29th August 2025, 3:30 pm

സന്ദേശം ഇന്നത്തെക്കാലത്തും പ്രസക്തമായി നില്‍ക്കുന്നത് ആ ഒരു കാരണം കൊണ്ടാകാം: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എല്ലാ കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. കാലങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന സിനിമകളാണ് അദ്ദേഹം ഒരുക്കിയത്. കൂടെയുണ്ടായിരുന്ന പല സംവിധായകരും കാലത്തിനൊത്ത് മാറാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ തന്റെ സ്ഥിരം ശൈലി മാറ്റാതെയാണ് അദ്ദേഹം സിനിമകളൊരുക്കുന്നത്.

ശ്രീനിവാസനൊപ്പമാണ് സത്യന്‍ അന്തിക്കാട് വലിയ ഹിറ്റുകളൊരുക്കിയത്. ഇരുവരുടെയും കോമ്പോയില്‍ പിറന്ന ക്ലാസിക്കുകളാണ് നാടോടിക്കാറ്റ്, സന്ദേശം, പട്ടണപ്രവേശം തുടങ്ങിയ സിനിമകള്‍. ഇതില്‍ സന്ദേശം ഇന്നും ക്ലാസിക്കായാണ് സിനിമാപ്രേമികള്‍ കണക്കാക്കുന്നത്. ചിത്രത്തിലെ ഡയലോഗുകളെല്ലാം ഇന്നും പലരുടെയും ഫേവറെറ്റാണ്.

സന്ദേശം എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. താനും ശ്രീനിവാസനും ചേര്‍ന്ന് ഒരുക്കുന്ന സിനിമകളില്‍ തിരക്കഥ മാത്രമേ ആദ്യം പൂര്‍ത്തിയാക്കാറുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഷൂട്ടിനിടയിലാണ് കഥ കൂടുതല്‍ വികസിക്കുന്നതെന്നും താന്‍ ശ്രീനിവാസനൊപ്പം ആ പ്രോസസ്സില്‍ സഞ്ചരിക്കാറുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഷൂട്ട് നടക്കുന്നതിനനുസരിച്ച് ശ്രീനി ആ പടത്തിലെ ഡയലോഗുകളെല്ലാം എഴുതാറുള്ളത്. പലപ്പോഴും ജനറേറ്ററിന്റെ പുകയൊക്കെ കൊണ്ട് സിഗരറ്റ് വലിച്ചാണ് ഡയലോഗൊക്കെ എഴുതുന്നത്. ‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്’ എന്ന ഡയലോഗ് സീനെടുക്കുന്നതിന് തൊട്ടുമുമ്പ് കിട്ടിയ സാധനമാണ്. അതിന്റെ ഇംപാക്ട് വലുതാണ്.

സന്ദേശം എന്ന പടം എടുത്തപ്പോള്‍ ആ വര്‍ഷം അത് ഹിറ്റാകണമെന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളൂ. ഇത്രയും കാലം കഴിഞ്ഞും ആ പടം ആളുകള്‍ ചര്‍ച്ചയാക്കണമെന്നൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല. അന്നത്തെ കാലത്ത് തന്നെ ശ്രീനിവാസന് നല്ല രാഷ്ട്രീയബോധ്യമുണ്ടായിരുന്നെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതാണ് ആ സിനിമയില്‍ കാണിച്ചത്.

അന്ന് കേരളത്തിലുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് ഒട്ടും പിന്നോട്ട് പോയിട്ടില്ലെന്നും അവിടെത്തന്നെ നില്‍ക്കുകയാണെന്നും പല ട്രോളുകളും കാണുമ്പോള്‍ തോന്നാറുണ്ട്. ഒരുപക്ഷേ അതൊക്കെ കൊണ്ടാകാം സന്ദേശത്തെ പലരും ക്ലാസിക്കായി കണക്കാക്കുന്നത്,’ സത്യന്‍ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad explains why Samdesham movie considering as a classic

We use cookies to give you the best possible experience. Learn more