മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കോമ്പോയുടേത്. കാലങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുന്ന സിനിമകള്‍ ഇരുവരും സിനിമാപ്രേമികള്‍ക്ക് നല്‍കിയിട്ടുണ്ട്. 11 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം.
തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്. ഫീല്‍ ഗുഡ് ഫാമിലി ഴോണറിലെത്തുന്ന ചിത്രത്തില്‍ പഴയ മോഹന്‍ലാല്‍ ഫ്‌ളേവറുകളെല്ലാമുണ്ടെന്ന് ടീസര്‍ സൂചന നല്‍കുന്നുണ്ട്. ഹൃദയപൂര്‍വത്തെക്കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്.
ഈയടുത്ത് ഒരു അവാര്‍ഡ് ഷോയ്ക്കിടെ താന്‍ മോഹന്‍ലാലിന് വേണ്ടി ഒരു കഥ തയാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. എന്നാല്‍ അത് കേട്ടതുമുതല്‍ കഥയെന്താണെന്നും തന്റെ കഥാപാത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചുകൊണ്ടേയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സിങ്ങറില്‍ സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.
‘ഒരു അവാര്‍ഡ് ഫങ്ഷന്റെ ഇടക്ക് മോഹന്‍ലാലിനൊപ്പം വീണ്ടും വര്‍ക്ക് ചെയ്യണമെന്നും അതിനുള്ള ആഗ്രഹവും ഞാന്‍ പ്രകടിപ്പിച്ചു. ആ സമയത്ത് സ്‌ക്രിപ്റ്റ് പൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ എന്റെ ആഗ്രഹം കേട്ടതുമുതല്‍ മോഹന്‍ലാല്‍ എന്നോട് കഥയെന്താണെന്ന് ചോദിച്ചുകൊണ്ടേയിരുന്നു. ‘ഈ പരിപാടിയൊന്ന് കഴിഞ്ഞിട്ട് പറയാം’ എന്ന് ഞാന്‍ ലാലിനോട് പറഞ്ഞു.
പക്ഷേ, ലാല്‍ വെറുതേയിരുന്നില്ല. എല്ലാവരും മറ്റൊരു പരിപാടിയിലേക്ക് പോയപ്പോള്‍ ‘കഥയുടെ ചെറിയൊരു ഐഡിയയെങ്കിലും പറയുമോ’ എന്ന് ചോദിച്ചു. ഞാന്‍ അപ്പോള്‍ അതിന്റെ ഐഡിയ ലാലുമായി പങ്കുവെച്ചു. അത് കേട്ട ഉടനെ ലാല്‍ എന്നോട് ‘നമുക്ക് ഈ സിനിമക്ക് ഹൃദയപൂര്‍വം എന്ന് പേരിട്ടാലോ’ എന്ന് ചോദിച്ചു. ഈ കഥക്ക് വേറൊരു ടൈറ്റില്‍ ചേരില്ലെന്ന് മനസിലായി. അത് മാത്രമല്ല, ടൈറ്റിലിലെ ആ എഴുത്ത് മോഹന്‍ലാല്‍ എഴുതിയതാണ്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
മോഹന്‍ലാലിന് പുറമെ സംഗീത് പ്രതാപ്, ലാലു അലക്‌സ്, സിദ്ദിഖ്, ബാബുരാജ്, ജനാര്‍ദനന്‍, അല്‍ത്താഫ് സലിം തുടങ്ങി വന്‍ താരനിര ഹൃദയപൂര്‍വത്തില്‍ അണിനിരക്കുന്നുണ്ട്. മാളവിക മോഹനനും സംഗീതയുമാണ് ചിത്രത്തിലെ നായികമാര്‍. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 28ന് ഓണം റിലീസായി പ്രേക്ഷകരിലേക്കെത്തും.
Content Highlight: Sathyan Anthikkad about the story behind the title of Hridayapoorvam movie