മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കോമ്പോയാണ് സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ എന്നിവരുടേത്. ടി.പി ബാലഗോപാലന്‍ എം.എയില്‍ തുടങ്ങിയ ഈ കോമ്പോ പിന്നീട് നിരവധി ഹിറ്റുകള്‍ സിനിമാപ്രേമികള്‍ക്ക് സമ്മാനിച്ചു. നാടോടിക്കാറ്റ്, തലയണമന്ത്രം, സന്ദേശം തുടങ്ങിയ ക്ലാസിക്കുകള്‍ ഈ കോമ്പോയില്‍ പിറന്നവയാണ്.
1997ല്‍ പിരിഞ്ഞ ഈ കോമ്പോ 2018ല്‍ ഞാന്‍ പ്രകാശനിലൂടെ വീണ്ടും ഒന്നിച്ചു. ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. തനിക്ക് എന്തും സംസാരിക്കാവുന്ന ആളുകളില്‍ ഒരാളാണ് ശ്രീനിവാസനെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. കൂട്ടുകെട്ട് പിരിഞ്ഞതും വീണ്ടും ഒന്നിച്ചതും കൂട്ടായെടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പക്ഷേ ശ്രീനി അതിലും ഹ്യൂമര്‍ ചേര്‍ത്തേ എല്ലാവരോടും പറയാറുള്ളൂ. ‘ഇയാള്‍ക്ക് ലോഹിതദാസിനെയും രഘുനാഥ് പലേരിയെയും കിട്ടിയപ്പോള്‍ എന്നെ ഉപേക്ഷിച്ചു’ എന്നാണ് പലരോടും പറഞ്ഞത്. ശ്രീനിയുടെ തമാശയാണ് അതൊക്കെ. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സിനിമകള്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ ശ്രീനി ‘നമ്മള്‍ ഒരുപോലെ ചിന്തിക്കുന്നു, ഒരുപോലുള്ള സിനിമകള്‍ വരുന്നു’ എന്ന് പറഞ്ഞാണ് പിരിഞ്ഞത്.
രണ്ട് വര്‍ഷത്തേക്ക് പിരിയാമെന്നും പിന്നീട് സിനിമ ചെയ്യാമെന്നും പറഞ്ഞ് പോയെങ്കിലും 16 വര്‍ഷം കഴിഞ്ഞാണ് ഒന്നിച്ചത്. അതിനിടയില്‍ ഞാന്‍ രഘുനാഥ് പലേരി, ലോഹിതദാസ് പോലുള്ളവരുമായി ഒന്നിച്ചു. ശ്രീനി മറ്റ് സിനിമകള്‍ ചെയ്തു. എന്നിട്ടാണ് ഞങ്ങള്‍ ഒടുവില്‍ ഞാന്‍ പ്രകാശന് വേണ്ടി വീണ്ടും ഒന്നിച്ചത്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
ശ്രീനിവാസന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ താന്‍ ഒന്നുകൂടെ ഫ്രഷ് ആകുമെന്ന് അദ്ദേഹം പറയുന്നു. ഇപ്പോഴും ഇടയ്‌ക്കൊക്കെ ശ്രീനിവാസനുമായി സംസാരിക്കുമ്പോള്‍ താന്‍ ചാര്‍ജാകുമെന്നും തന്നെ ചാര്‍ജാക്കാനുള്ള ചാര്‍ജിങ് പോയിന്റാണ് അയാളെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. ആരോഗ്യത്തിലേക്ക് തിരിച്ചുവരുന്ന അവസ്ഥയിലാണ് ശ്രീനിവാസനെന്നും സംസാരിക്കുമ്പോള്‍ ചെറിയൊരു പ്രശ്‌നം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
‘സ്വാഭാവികമായും പ്രായത്തിന്റേതായിട്ടുള്ള ചില പ്രശ്‌നങ്ങളുണ്ട്. പക്ഷേ, പഴയതിനെക്കാള്‍ ബ്രൈറ്റാണ് പുള്ളി. പണ്ടത്തെക്കാള്‍ ബുദ്ധിയും ഓര്‍മയും ഇപ്പോഴുണ്ട്. ഈയടുത്ത് ശ്രീനിയും വൈഫും ഞങ്ങളുടെ വീട്ടില്‍ വന്നു. അപ്പോള്‍ അടുത്തുള്ള ചിലയാളുകള്‍ വീട്ടിലേക്ക് വന്നു. ‘ശ്രീനിയേട്ടാ, അസുഖമൊക്കെ എങ്ങനെയുണ്ട്’ എന്ന് നാട്ടുകാരിലൊരാള്‍ ചോദിച്ചു. ‘അസുഖമൊക്കെ നന്നായി പോകുന്നു’ എന്ന് സ്വതസിദ്ധമായ ശൈലിയില്‍ ശ്രീനി മറുപടി നല്‍കി.
അയാളുടെ ഹ്യൂമര്‍ എവിടെയും പോയിട്ടില്ലെന്ന് മനസിലായി. ഹൃദയപൂര്‍വത്തിന്റെ ഷൂട്ടിനിടയിലും ശ്രീനി ലൊക്കേഷനിലേക്ക് വന്നിരുന്നു. അന്ന് ഞാനും ലാലും ശ്രീനിയും ഒന്നിച്ച് ഫോട്ടോയെടുത്തു. ആ സമയത്ത് ഞങ്ങള്‍ ചെയ്ത സിനിമകളും അതിന്റെ ഓര്‍മകളും മനസില്‍ ഫ്‌ളാഷായി മിന്നി. ആ സമയത്ത് ലാലിന്റെ കണ്ണ് നിറഞ്ഞിരുന്നു,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
Content Highlight: Sathyan Anthikkad about the humor sense of Sreenivasan