| Friday, 25th July 2025, 8:52 pm

നടുവേദന കാരണം ലാലിന് ശോഭനയെ എടുത്ത് പൊക്കാന്‍ പറ്റില്ലെന്ന് ഉറപ്പായി, ആ സീന്‍ എടുക്കാന്‍ വേണ്ടി ചെയ്തത്.... സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടുകളായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ആദ്യചിത്രമായ കുറുക്കന്റെ കല്യാണം മുതല്‍ ഏറ്റവുമൊടുവിലെത്തിയ മകള്‍ വരെ അദ്ദേഹത്തിന്റേതായ ശൈലി പിന്തുടര്‍ന്നവയായിരുന്നു. സമകാലികരായ പലരും നിറം മങ്ങിയെങ്കിലും തന്റെ ട്രാക്ക് മാറ്റാതെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു നാടോടിക്കാറ്റ്. 1987ല്‍ റിലീസായ ചിത്രം ഇന്നും സിനിമാപ്രേമികളുടെ ഫേവറെറ്റാണ്. ദാസന്റെയും വിജയന്റെയും ജീവിതപ്രശ്‌നങ്ങളും അവരുടെ പരിശ്രമങ്ങളും കാലങ്ങള്‍ക്കിപ്പുറവും മലയാളികളുടെ ശ്രദ്ധ നേടുന്നുണ്ട്.

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. നാടോടിക്കാറ്റിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹന്‍ലാലിന് അസഹ്യമായ നടുവേദനയായിരുന്നെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. ക്ലൈമാക്‌സ് സീനില്‍ ശോഭനയുടെ കഥാപാത്രത്തെ മോഹന്‍ലാല്‍ എടുത്തുപൊക്കുന്ന രംഗമുണ്ടായിരുന്നെന്നും അത് എങ്ങനെയെടുക്കുമെന്ന് ഒരുപാട് ആലോചിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.

നാടോടിക്കാറ്റ് എന്ന സിനിമയുടെ ടൈറ്റില്‍ എന്റെ കോണ്‍ട്രിബ്യൂഷനായിരുന്നു. എന്തുകൊണ്ടാണ് സിനിമക്ക് അങ്ങനെയൊരു പേരിട്ടതെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. പക്ഷേ, നാടോടിക്കാറ്റ് എന്ന് തന്നെ ഈ സിനിമക്ക് പേരിടണമെന്ന് എനിക്ക് തോന്നി. ‘പേരും സിനിമയും തമ്മില്‍ എന്താ ബന്ധം’ എന്ന് പ്രൊഡ്യൂസര്‍ ചോദിച്ചിരുന്നു.

‘എല്ലായിടത്തും, എല്ലാവരുടെയും അടുത്ത് എങ്ങനെ വേണമെങ്കിലും കയറിച്ചെല്ലാന്‍ നാടോടിക്കാറ്റിന് സാധിക്കും’ എന്ന് ഞാന്‍ പറഞ്ഞു. ‘ഓ… അങ്ങനെയാണല്ലേ, ഇപ്പോള്‍ ഓക്കെയായി’ എന്ന് പറഞ്ഞ് പ്രൊഡ്യൂസര്‍ കണ്‍വിന്‍സ്ഡായി. അതില്‍ പിന്നെ കൂടുതല്‍ ആലോചനയോ ചര്‍ച്ചയോ ഉണ്ടായില്ല. അങ്ങനെയാണ് ടൈറ്റില്‍ കിട്ടിയത്. അതുപോലെ ആ സിനിമയുടെ ക്ലൈമാക്‌സ് സീന്‍ ഷൂട്ട് ചെയ്യുന്ന സമയം ലാലിന് ഭയങ്കര നടുവേദനയായിരുന്നു.

നടു മടക്കാന്‍ പോലും പറ്റാത്തത്ര വേദനയായിരുന്നു അപ്പോള്‍. ശോഭനയുടെ കഥാപാത്രത്തെ എടുത്തുപൊക്കുന്നിടത്ത് സിനിമ തീരുകയാണ്. ആ സീന്‍ അന്ന് എടുക്കുകയും വേണം. പക്ഷേ, ലാല്‍ ശോഭനയെ എടുക്കാന്‍ നിന്നാല്‍ അയാളെ ആശുപത്രിയിലാക്കേണ്ടി വരും. ഒടുവില്‍ ഒരു സ്റ്റൂള്‍ വെച്ചിട്ട് അതില്‍ ശോഭനയെ ഇരുത്തി. മോഹന്‍ലാല്‍ എടുത്തുപൊക്കുന്നതിനനുസരിച്ച് ശോഭന എഴുന്നേല്‍ക്കും. അതാണ് അഭിനയം,’ സത്യന്‍ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad about the climax of Nadodikkattu movie

We use cookies to give you the best possible experience. Learn more