മലയാളത്തിലെ ഹിറ്റ്‌മേക്കര്‍മാരിലൊരാളാണ് സത്യന്‍ അന്തിക്കാട്. നാല് പതിറ്റാണ്ടിലധികമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന സത്യന്‍ അന്തിക്കാട് ഇന്നും ഇന്‍ഡസ്ട്രിയില്‍ സജീവമാണ്. കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ സത്യന്‍ അന്തിക്കാട് ഇന്നും തന്റെ സ്ഥിരം ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച ആര്‍ട്ടിസ്റ്റുകളെ വെച്ച് സിനിമ ചെയ്യാന്‍ സത്യന്‍ അന്തിക്കാടിന് സാധിച്ചു. എല്ലാ സിനിമകളിലും സ്ഥിരം കാസ്റ്റ് കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം പ്രത്യേകശ്രദ്ധ വെച്ചുപുലര്‍ത്തിയിരുന്നു. ഒരുകാലത്ത് തന്റെ സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്ന നടന്മാരെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
‘പണ്ട് വര്‍ക്ക് ചെയ്തിരുന്ന നടന്മാര്‍ പലരും ഇന്നില്ല. ശങ്കരാടി ചേട്ടന്‍, ഒടുവിലേട്ടന്‍, ഇന്നസെന്റ്, വേണു ചേട്ടന്‍, കെ.പി.എ.സി. ലളിത അങ്ങനെ എല്ലാവരും നമ്മളെ വിട്ടുപോയി. അതില്‍ ഓരോരുത്തരുമായും സിനിമക്ക് പുറമെ വലിയ ആത്മബന്ധം ഞാന്‍ പുലര്‍ത്തിയിട്ടുണ്ടായിരുന്നു. ശങ്കരാടി ചേട്ടനെ എന്റെ കുടുംബത്തിലെ ഒരു കാരണവരായിട്ടാണ് ഞാന്‍ കണ്ടിരുന്നത്.
അദ്ദേഹത്തിന് ആ ഒരു സ്ഥാനം കൊടുത്തുപോകും. അത്ര നല്ല ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. സത്യം പറഞ്ഞാല്‍ എന്റെ കല്യാണം നടക്കാന്‍ കാരണം അദ്ദേഹമാണ്. സിനിമയുമായി നടക്കുന്ന എനിക്ക് പെണ്ണിനെ തരില്ലെന്ന് പറഞ്ഞപ്പോള്‍ ശങ്കരാടി ചേട്ടനാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കിന്റെ പുറത്താണ് വീട്ടുകാര്‍ കല്യാണത്തിന് സമ്മതിച്ചത്.
ഒടുവില്‍ ഉണ്ണികൃഷ്ണനെ ഒരു ചേട്ടനായിട്ടാണ് കാണുന്നത്. എനിക്ക് കൈവള്ളയിലിട്ട് കൊണ്ടുനടക്കാവുന്ന ക്യാരക്ടറായിരുന്നു അദ്ദേഹത്തിന്റേത്. സ്‌നേഹം കൊണ്ടുള്ള ഒരു പേടിയുണ്ടല്ലോ, അത് ഞങ്ങളുടെ ഇടയിലുണ്ടായിരുന്നു. ഞാന്‍ പറഞ്ഞാല്‍ എന്തും അനുസരിക്കുന്നയാളായിരുന്നു അദ്ദേഹം. എന്തിനും സ്വാതന്ത്ര്യം കൂടുതലുള്ള ആളായിട്ടാണ് തോന്നുന്നത്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
ഇന്നസെന്റിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. താന്‍ ഏറ്റവുമധികം സംസാരിച്ചിട്ടുള്ളത് ഇന്നസെന്റിനെക്കുറിച്ചാണെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. നടനായിട്ടല്ല, കുടുംബത്തിലെ ഒരു അംഗമായിട്ടാണ് താന്‍ ഇന്നസെന്റിനെ കണ്ടിട്ടുള്ളതെന്നും അദ്ദേഹവുമായി ഫോണ്‍ ചെയ്യാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: Sathyan Anthikkad about his bond with Shankaradi, Oduvil Unnikrishnan and Innocent