കരിയര്‍ ആരംഭിച്ച് നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും തന്റെ സ്ഥിരം ശൈലിയില്‍ നിന്ന് മാറാത്ത സംവിധായകനാണ് സത്യന്‍ അന്തിക്കാട്. കുടുംബചിത്രങ്ങളിലൂടെയാണ് സത്യന്‍ അന്തിക്കാട് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയിലേക്കെത്തിയത്. തന്റെ സമകാലീനരായ പലരും കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മാറാന്‍ ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് സത്യന്‍ അന്തിക്കാട് സ്ഥിരം ശൈലിയില്‍ വിജയം നേടുന്നത്.
ജൂനിയര്‍ സീനിയര്‍ വ്യത്യാസമില്ലാതെ മലയാളത്തിലെ ഒട്ടുമിക്ക നടന്മാരെ നായകനാക്കി അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ട്. യുവനടന്മാരില്‍ ശ്രദ്ധേയനായ ഫഹദ് ഫാസിലിനെക്കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. ക്യാമറക്ക് മുന്നില്‍ തന്നെ വിസ്മയിപ്പിച്ച നടന്മാരില്‍ ഒരാളാണ് ഫഹദെന്ന് അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
‘ഫഹദിനെ ഞാന്‍ ചെറുപ്പം തൊട്ട് കണ്ടിട്ടുണ്ട്. അതായത് ഫാസിലിന്‍രെ വീട്ടില്‍ ഞാന്‍ പണ്ട് പോകാറുണ്ടായിരുന്നു. ഞാന്‍ സംവിധാനം ചെയ്ത നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്തിന്റെ കഥ ഫാസിലിന്റെയായിരുന്നു. ആ പടത്തിന്റെ ഡിസ്‌കഷന് പോകുമ്പോല്‍ ഫഹദിനെ ശ്രദ്ധിച്ചിട്ടുണ്ട്. ‘ഇവന് എന്തായാലും നല്ല നടനാകും,’ എന്ന് ഫാസിലിനോട് പറയാറുണ്ട്.
‘അവന്‍ തത്കാലം പഠിക്കട്ടേ’ എന്നായിരുന്നു ഫാസില്‍ പറഞ്ഞത്. അവന്റെ ടാലന്റിനെക്കുറിച്ച് എനിക്ക് അന്നേ അറിയാമായിരുന്നു. പിന്നീട് അവന്‍ തിരിച്ചുവന്ന സമയത്ത് ഞാന്‍ അവനെ വീണ്ടും ശ്രദ്ധിച്ചു. രഞ്ജിത് 10 കഥകള്‍ വെച്ച് ചെയ്ത പടത്തില്‍ ഫഫദിന്റെ പോര്‍ഷന്‍ ഞാന്‍ കണ്ടു. അവനെ വെച്ച് ഒരു പടം ചെയ്യണമെന്ന് ആഗ്രഹിച്ചു,’ സത്യന്‍ അന്തിക്കാട് പറയുന്നു.
കഥ തുടരുന്നു എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലേക്ക് താന്‍ ഫഹദിനെ പരിഗണിച്ചെന്നും അതിന് വേണ്ടി ഫഹദുമായി സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫഹദുമായി സംസാരിച്ച ശേഷം ചെറിയ വേഷത്തില്‍ ഒതുക്കേണ്ട നടനല്ല അയാളെന്ന് മനസിലായെന്നും നല്ലൊരു കഥയ്ക്ക് വേണ്ടി കാത്തിരുന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
‘അങ്ങനെയാണ് ഇന്ത്യന്‍ പ്രണയകഥയിലേക്ക് ഞാന്‍ ഫഹദിനെ പരിഗണിച്ചത്. അതുവരെ ടിപ് ടോപ് ഡ്രസില്‍ മാത്രം കണ്ട ഫഹദിനെ വെള്ളയും വെള്ളയും ഉടുപ്പിക്കുകയായിരുന്നു. അതുമായി അയാള്‍ പെട്ടെന്ന് ജെല്ലായി. മോഹന്‍ലാലിനെപ്പോലെ ആദ്യം കാണുമ്പോള്‍ തന്നെ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള കഴിവ് ഫഹദിനുണ്ട്. അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രം അയാള്‍ എന്ത് ഗംഭീരമായിട്ടാണ് ചെയ്തത്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
Content Highlight: Sathyan Anthikkad about Fahadh Faasil’s performance