| Sunday, 4th January 2026, 11:04 am

അവൾപോലുമറിഞ്ഞില്ല അതവൾക്കുവേണ്ടി എഴുതിയ ഗാനമാണെന്ന്: സത്യൻ അന്തിക്കാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംവിധാനം പോലെ ഗാനരചനയിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് സത്യൻ അന്തിക്കാട്. ഗാനരചയിതാവാകാൻ മുൻകൂട്ടി തീരുമാനമോ ലക്ഷ്യമോ ഉണ്ടായിരുന്നില്ലെന്നും എന്നാൽ ചെറുപ്പം മുതൽ സാഹിത്യത്തോടുള്ള ഇഷ്ടമാണ് തന്നെ പാട്ടെഴുത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു നിമിഷം തരു’ എന്ന ഗാനം തന്റെ ഭാര്യക്ക് വേണ്ടി എഴുതിയതാണെന്നും എന്നാൽ അത് അവൾ അറിഞ്ഞിരുന്നില്ലെന്നും കൈരളി ടി വി യ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Sathyan Anthikad Family, Photo: Akil sathyan/ Facebook

‘ഗാന രചയിതാവ് ആകാൻ കാരണം പണ്ട് സാഹിത്യത്തോട് ഒരിഷ്ടമുണ്ടായിരുന്നു എന്നുള്ളതാണ്. ഡോക്ടർ ബാലകൃഷ്ണനാണ് എന്നോട് പാട്ട് എഴുതാൻ പറഞ്ഞത്. ഞാനൊരു ഗാന രചയിതാവ് ആയിട്ട് വന്ന ആളല്ല. കവിത എഴുതാൻ അറിയുന്ന ഒരാൾക്ക് ഗാനമെഴുതാൻ സാധിക്കുമെന്നും ഒന്നെഴുതി നോക്കാനും അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെയാണ് ആദ്യമായി ലവ് ലെറ്റർ എന്ന സിനിമയ്ക്ക് വേണ്ടി ഗാനമെഴുതുന്നത്.

ആ സിനിമയിൽ രണ്ട് പാട്ടുകളെഴുതി. പിന്നീട് സിന്ദൂരം സിനിമയിൽ പാട്ടെഴുതാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ആ സിനിമയിൽ ഓരോ ഗാനവും ഓരോ സാഹചര്യത്തിന് അനുസരിച്ചുള്ള പാട്ടുകളാണ്. അതെല്ലാം വ്യത്യസ്‍തമായ ആളുകളാണ് എഴുതുക. അതിൽ നിന്നും ഇഷ്ട്ടമുള്ള ഒരു സാഹചര്യം എടുത്ത് ഒരു പാട്ട് എഴുതാൻ അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെ എഴുതിയ പാട്ട് ആണ് ‘ഒരു നിമിഷം തരു’ എന്ന ഗാനം,’ സത്യൻ അന്തിക്കാട് പറഞ്ഞു.

സത്യൻ അന്തിക്കാട്, നിമ്മി സത്യൻ, Photo: Sathyan anthikad / Facebook

ഈ പാട്ടിന് മറ്റെല്ലാ ഗാനങ്ങളേക്കാളും പ്രത്യേകതയുണ്ട്. ഇത് സത്യൻ അന്തിക്കാട് തന്റെ ഭാര്യയ്ക്കായി എഴുതിയ പ്രണയഗാനമാണ്. ഇരുപത്തിയൊന്നാം വയസിലാണ് അദ്ദേഹം ഈ ഗാനം എഴുതിയത്. ഭാര്യയുടെ യഥാർത്ഥ പേര് നിമ്മി ആയിരുന്നുവെങ്കിലും, ഗാനത്തിൽ നിർമ്മല എന്ന പേരാണ് അദ്ദേഹം ഉപയോഗിച്ചത്. അന്ന് നിമ്മി കേരള വർമ്മ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയായിരുന്നു.

‘ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്, നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ’ എന്ന വരികൾ അവളെ മനസ്സിൽ കണ്ടുകൊണ്ടാണ് എഴുതിയത്, സത്യൻ അന്തിക്കാട് പറയുന്നു. ആ സമയത്ത് നിമ്മി തന്റെ ഭാര്യയല്ലായിരുന്നു. ഈ പാട്ട് കേട്ടാൽ അവൾക്ക് മനസ്സിലാകും തന്നെ അഭിനന്ദിക്കുമെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നാട്ടിൽ തിരിച്ചെത്തിയപ്പോൾ അവൾക്ക് മാത്രം യാതൊരു പ്രതികരണവും ഉണ്ടായില്ല. നിമ്മി ഒഴികെ ബാക്കി എല്ലാവർക്കും പാട്ട് അവളെക്കുറിച്ചാണ് എഴുതിയതെന്ന് മനസ്സിലായിരുന്നുവെന്നും സത്യൻ അന്തിക്കാട് ചിരിയോടെ ഓർക്കുന്നു.

ഇന്നും മലയാള സിനിമയിലെ ഏറ്റവും ഹൃദയസ്പർശിയായ പ്രണയഗാനങ്ങളിലൊന്നായി ‘ഒരു നിമിഷം തരു’ ഓർമ്മിക്കപ്പെടുന്നു. അത് ഒരു സിനിമാപാട്ട് മാത്രമല്ല, സത്യൻ അന്തിക്കാടിന്റെ ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ പ്രണയകവിത കൂടിയാണ്.

Content Highlight: Sathyan Anthikad talks about writing songs for the film

We use cookies to give you the best possible experience. Learn more