| Friday, 29th August 2025, 9:27 pm

മമ്മൂട്ടി പറഞ്ഞത് സത്യമാണെന്ന് വിചാരിച്ചു; ഹിറ്റാകണമെന്ന് വിചാരിച്ചെടുത്ത സിനിമ: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയോടൊപ്പം ചെയ്ത സിനിമകളെ പറയുകയാണ് സത്യന്‍ അന്തിക്കാട്. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയാണ്  അദ്ദേഹം.

കളിക്കളം, അര്‍ത്ഥം എന്നീ സിനിമകളില്‍ കഥാപാത്രത്തിന് ഒരു അനാഥത്വമുണ്ട്. അയാള്‍ സ്വന്തം പേരില്ലാത്ത ഒരു കഥാപാത്രമാണ്. മമ്മൂട്ടി ഇന്ന് വരെ അഭിനയിച്ച സിനിമകളില്‍ മമ്മൂട്ടി ചെയ്ത പേരില്ലാത്ത കഥാപാത്രമായിരുന്നു അവയൊക്കെ. അര്‍ത്ഥം എന്ന സിനിമ ശരിക്കും പറഞ്ഞാല്‍ ഉണ്ടാക്കിയെടുത്ത ഒരു സിനിമയാണ്. മമ്മൂട്ടി എന്നെ വാശിപിടിപ്പിച്ച് ചെയ്ത സിനിമയാണ്. കാരണം അതിന് മുമ്പുള്ള ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമ വേണ്ടത്ര വിജയിച്ചില്ല.

മമ്മൂട്ടി എന്റെയടുത്ത് ഒരു ദിവസം പറഞ്ഞു, ‘ നിങ്ങള്‍ മോഹന്‍ലാലിനെ വെച്ച് ഹിറ്റ് ഉണ്ടാക്കുന്നുണ്ട്. എനിക്ക് വേറേ ധാരാളം ഹിറ്റുമുണ്ടാകുന്നുണ്ട്. നിങ്ങള്‍ക്ക് എന്നെ വെച്ച് ഹിറ്റുണ്ടാകാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കഴിവുകേടാണ്’ എന്ന്. അത് നമുക്കൊരു അടിയാണല്ലോ, സത്യമാണല്ലോ എന്ന് ഞാനും ഓര്‍ത്തു.

പിന്നെ ഞാന്‍ ആലോചിച്ചു മമ്മൂട്ടിയേ ആളുകള്‍ക്ക് ഇഷ്ടം തോന്നുന്ന ഘടകങ്ങളൊക്കെ കോര്‍ത്തിണക്കി ഒരു സിനിമ ചെയ്യാം എന്ന്. മമ്മൂട്ടിയുടെ ശബ്ദം, രൂപം, സൗന്ദര്യം അതൊക്കെ വെച്ച് വേണുനാഗവള്ളികൂടെ ഇരുന്ന് ശ്രീനിവാസനെയും കൂട്ടി ഒരു സിനിമ ചെയ്യാമെന്ന് വിചാരിച്ചു. അങ്ങനെ ഹിറ്റാകണമെന്ന് വിചാരിച്ച് ചെയ്ത ഒരു സിനിമയാണ് അര്‍ത്ഥം.

കഥ അങ്ങനെ തുടങ്ങിയെങ്കിലും തുടങ്ങി കഴിഞ്ഞപ്പോള്‍ ഞാന്‍ അതിന്റെ ഉള്ളിലേ കഥയിലേക്ക് പോയി. അതിലും ഉണ്ട് ഫാമിലി, സാമ്പത്തീക വെട്ടിപ്പ്, ചതി അങ്ങനെ കുറേ കാര്യങ്ങള്‍. പക്ഷേ ഒരു കാര്യം എപ്പോഴും സത്യമാണ്. തമാശയായലും ആക്ഷന്‍ ആയാലും എന്തായാലും അതിനുള്ളില്‍ നമ്മളെ സ്പര്‍ശിക്കുന്ന ഒരു സബ്‌ജെക്ട് വേണം. അതുണ്ടായാല്‍ മാത്രമേ സിനിമ നന്നാകുക,’ സത്യന്‍ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikad talks about the movie Artham

We use cookies to give you the best possible experience. Learn more