മലയാള സിനിമയില്‍ പകരക്കാരനില്ലാത്ത സംഗീത സംവിധായകനാണ് ജോണ്‍സണ്‍. മലയാളത്തിലെ പ്രമുഖ സംവിധായകരായ ഭരതനും പത്മരാജനും സത്യന്‍ അന്തിക്കാടിനും വേണ്ടി സിനിമയില്‍ ഏറ്റവും കൂടുതല്‍ സംഗീതം നല്‍കിയതും ഇദ്ദേഹമാണ്.
ഇപ്പോള്‍ കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍സണ്‍ മാഷിനെ കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. തന്റെ ആത്മാവിനോട് ചേര്‍ന്ന് നില്‍ക്കുന്ന കൂട്ടുകാരനാണ് ജോണ്‍സനെന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.
‘ഒരു സിനിമയില്‍ എന്ത് തരത്തിലുള്ള സംഗീതമാണ് വേണ്ടതെന്ന് ഞാന്‍ ആഗ്രഹിക്കുമ്പോള്‍ അത് പ്രാവര്‍ത്തികമായി കേള്‍പ്പിച്ച് എന്നെ അത്ഭുതപ്പെടുത്തിയ സംഗീത സംവിധയകനാണ് അദ്ദേഹം. അസാധാരണ പ്രതിഭയായിരുന്നു. എന്റെ സിനിമകള്‍ക്ക്, പ്രത്യേകിച്ച് അന്നത്തെ നാട്ടിന്‍പുറത്തെ കഥകള്‍ എടുക്കുമ്പോള്‍ എന്റെ സിനിമകള്‍ക്ക് ഏറ്റവും കൂടുതല്‍ യോജിച്ച മ്യൂസിക് തന്ന ഒരു സംഗീത സംവിധായകനാണ് അദ്ദേഹം. മ്യൂസിക്ക് കൊണ്ട് സിനിമയെ എലവേറ്റ് ചെയ്യുന്ന ഒരാളാണ്,’ സത്യന്‍ അന്തിക്കാട് പറയുന്നു.
എന്നാല്‍ ജോണ്‍സന്‍ ഇല്ലാതായതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസക്തി മലയാളികള്‍ കൂടുതല്‍ തിരിച്ചറിഞ്ഞതെന്നും ആളുകള്‍ ഇത്രയും തന്നെ സ്‌നേഹിക്കുന്നുവെന്ന് ജോണ്‍സന് തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന വിഷമം തനിക്കുണ്ടെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.
‘ജോണ്‍സന്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം ഇത്രയും കൂടുതല്‍ ആഘോഷിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ ജോണ്‍സന്‍മാഷ്, മഴ ,കട്ടന്‍ ചായ എന്നീ സംഗതികളൊക്കെ പറയുന്നത് കാണാം. ബാക്ഗ്രൗണ്ട് സ്‌കോറുപോലും ആളുകള്‍ക്ക് കാണാപാഠമാണ്. തൂവാനത്തുമ്പികളില്‍ ക്ലാര വരുന്ന മ്യൂസിക്ക് ഒക്കെ ഒരു പാട്ട് പോലെ തന്നെ ഹിറ്റാണ്. ജോണ്‍സണ്‍ എന്റെ മനസില്‍ ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന വ്യക്തിയാണ്,’ സത്യന്‍ അന്തിക്കാട് പറയുന്നു.
തന്റെ നീണ്ട കരിയറില്‍ രണ്ടു തവണ ദേശീയ പുരസ്‌കാരവും അഞ്ചു തവണ കേരള സംസ്ഥാന പുരസ്‌കാരവും ജോണ്‍സണ്‍ സ്വന്തമാക്കിയിരുന്നു.
Content highlight: Sathyan Anthikad talks about music director Johnson