മലയാളികള്‍ക്ക് നിരവധി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. സിനിമയില്‍ നല്ല സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന ആള്‍കൂടിയാണ് അദ്ദേഹം. നടന്‍ ഇന്നസെന്റുമായി വളരെ അടുത്ത ബന്ധമാണ് സംവിധായകനുള്ളത്.
നമുക്ക് എന്ത് സംശയവും ചോദിക്കാന്‍ സാധിക്കുന്ന ഒരാളാണ് ഇന്നസെന്റെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹം എപ്പോഴും സ്വയം ‘ഞാന്‍ എട്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ’വെന്ന് പറയാറുണ്ടെന്നും പക്ഷെ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ള നടന്‍ ഇന്നസെന്റാണെന്നും സത്യന്‍ കൂട്ടിച്ചേര്‍ത്തു.
അക്കാദമിക് വിദ്യാഭ്യാസത്തെ കുറിച്ചല്ല താന്‍ പറയുന്നതെന്നും ഏത് കാര്യങ്ങളെ കുറിച്ചും പ്രായോഗികമായി സംസാരിക്കാനും അതിനെ തിരിച്ചറിയാനും സാധിക്കുന്ന ആളാണ് ഇന്നസെന്റെന്നും സംവിധായകന്‍ പറയുന്നു.
‘എന്തെങ്കിലും ആശയകുഴപ്പങ്ങള്‍ വരുമ്പോഴും സ്‌ക്രിപ്റ്റ് ഡിസ്‌ക്കസ് ചെയ്യുന്ന സമയത്തും ഞാനും ശ്രീനിയും ചില പ്രതിസന്ധികളില്‍ പെടുമ്പോഴും ഞങ്ങള്‍ ഇന്നസെന്റിനെ കാണും. ആ പ്രതിസന്ധി അദ്ദേഹം നിമിഷ നേരം കൊണ്ടുതന്നെ പരിഹരിക്കും.
തിരക്കഥയിലൊക്കെ ഇന്നസെന്റിന്റെ ഒരുപാട് പങ്കാളിത്തങ്ങളുണ്ട്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് പേരിട്ടത് അദ്ദേഹമാണ്. എന്റെ മാത്രമല്ല ചില പ്രിയദര്‍ശന്‍ സിനിമകളിലും ഇത്തരത്തില്‍ ഇന്നസെന്റിന്റെ പങ്കാളിത്തങ്ങള്‍ ഉണ്ടാകാറുണ്ട്. തേന്മാവിന്‍ കൊമ്പത്ത് സിനിമയില്‍ കാര്‍ത്തുമ്പി എന്ന പേരിട്ടത് അദ്ദേഹമാണ്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
താന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ള നടനാണ് ഇന്നസെന്റെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തെ താന്‍ നടനായിട്ടല്ല കണ്ടതെന്നും കുടുംബമായിട്ടാണ് കണ്ടതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
രാവിലെ ഇന്നസെന്റിന്റെ വിളികള്‍ ഇല്ലാത്ത ഒരു ദിവസം പോലും ഉണ്ടാവാറില്ലായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. അഭിനയത്തിന് വേണ്ടിയോ സിനിമക്ക് വേണ്ടിയോ അല്ലാതെ തന്നെ അദ്ദേഹം എല്ലാ ദിവസവും വിളിക്കുമായിരുന്നെന്നും സത്യന്‍ പറയുന്നു.
Content Highlight: Sathyan Anthikad says that Innocent is someone we can ask any question