സിനിമയ്ക്ക് വേണ്ടി നല്ല ഗാനങ്ങള്‍ വേണമെന്ന് എപ്പോഴും ആഗ്രഹിക്കാറുള്ള ആളാണ് താനെന്ന് സത്യന്‍ അന്തിക്കാട്. ഒ.എന്‍.വി, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയ പ്രഗല്ഭരുടെ വരികള്‍ തന്റെ സിനിമകള്‍ക്ക് മുതല്‍ക്കൂട്ടായിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
മാറുന്ന സംഗീത രീതിക്കനുസരിച്ച് പാട്ടുകള്‍ ചിട്ടപ്പെടുത്താന്‍ കഴിവുള്ള ജസ്റ്റിന്‍ പ്രഭാകറിന്റെ സാന്നിധ്യം ‘ഹൃദയപൂര്‍വം’ സിനിമയില്‍ ഏറെ വിലമതിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലെ ഗാനങ്ങളെഴുതാന്‍ കൈതപ്രത്തെയാണ് തീരുമാനിച്ചത്. ജോണ്‍സണ്‍ മാഷും കൈതപ്രവും ചേര്‍ന്നുള്ള കൂട്ടുകെട്ട് വളരെ മനോഹരമായിരുന്നു. ഒരുതവണ കമ്പോസിങ്ങിനിടെ കൈതപ്രം എത്താന്‍ വൈകിയപ്പോള്‍, പള്ളിയില്‍ പാടാനുള്ള ഭക്തിഗാനം എന്ന രീതിയില്‍ ഞാന്‍തന്നെ ‘വിശ്വം കാക്കുന്ന നാഥാ’ എന്ന് തുടങ്ങുന്ന കുറച്ച് വരികള്‍ ജോണ്‍സണ്‍ മാഷിന് നല്‍കി.
അദ്ദേഹം ആ വരികള്‍ക്ക് അതിമനോഹരമായി ട്യൂണ്‍ നല്‍കി. പിന്നീട് കൈതപ്രം വന്നപ്പോള്‍, ഈ ട്യൂണിന് പുതിയ വരികള്‍ എഴുതാന്‍ ആവശ്യപ്പെട്ടെങ്കിലും ഈ ഗാനം മാറ്റേണ്ടതില്ല എന്ന് അദ്ദേഹം നിര്‍ദേശിച്ചു. അങ്ങനെ പിറന്ന ആ ഗാനം പിന്നീട് വലിയ ജനശ്രദ്ധ നേടിയതില്‍ സന്തോഷമുണ്ട്,’സത്യന്‍ അന്തിക്കാട് പറഞ്ഞു.
മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഹൃദയപൂര്‍വ്വമാണ് സത്യന്‍ അന്തിക്കാടിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സോനു ടി.പിയാണ് സിനിമയുടെ തിരക്കഥ നിരവഹിച്ചത്. അനു മുത്തേടത്താണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. സിനിമയില്‍ മോഹന്‍ലാലിന് പുറമെ മാളവിക മോഹന്‍, സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ് തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു.
Content highlight: Sathyan Anthikad about the songs in his film