| Friday, 29th October 2021, 10:15 am

മാര്‍പാപ്പ-മോദി കൂടിക്കാഴ്ച: ബി.ജെ.പി നേതൃത്വത്തോട് സഭ സമരസപ്പെടുന്നെന്ന് സത്യദീപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കമാലി: നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് അടിപ്പെട്ട് ബി.ജെ.പി നേതൃത്വത്തോട് സഭ സമരസപ്പെടുന്നെന്ന് എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആര്‍.എസ്.എസ് അജന്‍ഡകള്‍ക്ക് വഴിപ്പെടുന്ന ബി.ജെ.പി. നേതൃത്വത്തോട് നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് അടിപ്പെട്ട് സഭ സമരസപ്പെടുന്നതായും മുഖപത്രില്‍ പറയുന്നു. ഇത് ജനാധിപത്യവിരുദ്ധ സന്ദേശമാണ് നല്‍കുന്നതെന്നും സത്യദീപത്തിന്റെ മുഖപ്രസംഗം പറയുന്നു.

‘ആര്‍.എസ്.എസ് അജണ്ടകള്‍ക്ക് അതിവേഗം വഴിപ്പെടുന്ന ബി.ജെ.പി ഭരണ നേതൃത്വത്തോട് നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് അടിപ്പെട്ട് സമരത്തിലാകാതെ സമരസപ്പെടുന്ന സഭയും സമൂഹവും ജനാധിപത്യ വിരുദ്ധ സന്ദേശമാണ് നല്‍കുന്നത്, മറക്കരുത്,’ മുഖപ്രസംഗത്തില്‍ പറയുന്നു.

മാര്‍പാപ്പ-മോദി കൂടിക്കാഴ്ചയില്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണം ചര്‍ച്ചയാവുമോ എന്ന് അറിയേണ്ടതുണ്ട്. സ്റ്റാന്‍ സ്വാമിയുടേതടക്കമുള്ള നീതിക്കു വേണ്ടിയുള്ള നിലവിളികള്‍ നിര്‍ദ്ദയമാം വിധം നിശബ്ദമാക്കപ്പെട്ടതെങ്ങനെയാണെന്ന് വിശദീകരിക്കപ്പെടുമോ എന്നും അറിയാനുണ്ടെന്നും സത്യദീപം മുഖപ്രസംഗത്തില്‍ പറയുന്നു.

ഇറ്റലിയില്‍ റോമില്‍ വെച്ച് നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനൊപ്പമാണ് മോദി ഫ്രാന്‍സിസ് മാര്‍പാപ്പയെയും കാണുന്നത്. ഒക്ടോബര്‍ 30 നായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.

ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങള്‍ സഭ കണ്ടില്ലെന്ന് നടിക്കരുതെന്നും മുഖപത്രത്തില്‍ പറയുന്നുണ്ട്. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Sathyadeepam article about Modi pope Francis meeting

We use cookies to give you the best possible experience. Learn more