| Tuesday, 21st April 2026, 2:16 pm

ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്; ക്ഷേത്രത്തില്‍ ക്രിസ്തീയ ഗാനം പാടിയ നന്ദഗോവിന്ദം ഭജന്‍സിനെതിരെ ശശികല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോട്ടയം വേമ്പിന്‍കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച ‘നന്ദഗോവിന്ദം ഭജന്‍സി’നെതിരെ രൂക്ഷവിമര്‍ശനവുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല.

ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ലെന്ന് ശശികല പറഞ്ഞു. ചിക്കന്‍ മസാല നല്ലതാണെന്നും പക്ഷേ പായസത്തിലിടരുതെന്നുമായിരുന്നു ശശികലയുടെ പരിഹാസം.

നന്ദഗോവിന്ദം ഭജന്‍സിന് അഭിനന്ദന പ്രവാഹമെന്ന മനോരമ ഓണ്‍ലൈനിന്റെ കാര്‍ഡ് പങ്കുവച്ചായിരുന്നു ശശികലയുടെ കുറിപ്പ്.

‘ഇതുവരെ അവരെ ആരും അഭിനന്ദിച്ചിരുന്നില്ലേ? പതിനായിരങ്ങള്‍ മണിക്കൂറുകള്‍ അവരെ കാത്തിരുന്നിരുന്നത് നിന്ദിക്കാനായിരുന്നോ? ചെറിയ പ്രവാഹം അരുവിയാണ് തോടാണ് പുഴയാണ് അവയൊക്കെ ഭൂമിയുടേയും ജീവജാലങ്ങളുടേയും ദാഹം മാറ്റാനും മനസ്സും ശരീരവും കുളിപ്പിക്കാനും ഒക്കെ നല്ലതാണ്!

പക്ഷേ പ്രവാഹത്തിന് ശക്തി കൂടിയാല്‍ അത് പലതിനേയും ഒഴുക്കി കളയും ! ചൂരല്‍മലയിലൊക്കെ പ്രവാഹം ശക്തി കൂടിയതിന്റെ അനുഭവം എന്താണെന്ന് നമുക്കറിയാമല്ലോ? ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ല. Any How ആശംസകള്‍. ചിക്കന്‍ മസാല നല്ലതാണ്. പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണ്,’ ശശികല കുറിച്ചു.

‘അവര്‍ വരുന്നത് ക്ഷേത്രത്തിലേക്കാണെന്ന ബോധം വരുന്നവര്‍ക്കുണ്ടാകുമല്ലോ. പിന്നെന്താ പ്രശ്നം. വരുന്നവരില്‍ മദ്യപാനികളുണ്ടാകും, അവര്‍ക്കുവേണ്ടി അടിച്ചങ്ങുപൂസായി ….കുടിച്ചങ്ങു …..’ എന്ന പാട്ട് പാടാന്‍ പറ്റുമോ?’ എന്ന് കമന്റിലും ശശികല കുറിച്ചു.

ശശികലയ്ക്ക് പുറമെ ഹൃദയവിദ്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയും നന്ദഗോവിന്ദം ഭജന്‍സ് ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരുന്നു.

സംഘത്തെ ‘നന്ദകുന്തിരിക്കം ഭജന്‍സ്’ എന്ന് പരിഹസിച്ച അദ്ദേഹം, ഹിന്ദുക്കളുടെ ചെലവില്‍ പ്രശസ്തി നേടിയ ശേഷം ക്ഷേത്രവേദികളില്‍ ‘ഹാലേലൂയ്യ’ പാടുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു പറഞ്ഞത്.

മോഹന്‍ സിത്താരയുടെ സംഗീതത്തില്‍ കെ.ജെ. യേശുദാസ് പാടിയ ‘ഈ പരദേവനഹോ’ എന്ന ഗാനമായിരുന്നു നന്ദഗോവിന്ദം ഭജന്‍സ് ടീം പാടിയത്. ഈ ഗാനം ആലപിക്കുന്നതിന് പിന്നില്‍ വ്യക്തമായ ഒരു കാരണമുണ്ടെന്ന് ഭജനസംഘം വേദിയില്‍ അറിയിച്ചിരുന്നു.

ക്ഷേത്രവും തൊട്ടടുത്ത പള്ളിയും തമ്മിലുള്ള ദൃഢമായ ബന്ധം ഉയര്‍ത്തിക്കാട്ടാനായിരുന്നു അവര്‍ ഗാനം ആലപിച്ചത്. ക്ഷേത്രത്തിലെ ദേശവിളക്കിന് പള്ളിയില്‍ വിളക്ക് തെളിയിക്കുന്നതും, ഉത്സവത്തിനെത്തുന്നവര്‍ക്ക് പള്ളിയുടെ വാഹനപാര്‍ക്കിങ് സൗകര്യം നല്‍കുന്നതും ചൂണ്ടിക്കാട്ടിയാണ് മതസൗഹാര്‍ദത്തിന്റെ ഭാഗമായി ഈ ഗാനം അവതരിപ്പിച്ചത്. ഇതിന് വലിയ അഭിനന്ദനം നന്ദഗോവിന്ദം ഭജന്‍സിന് ലഭിക്കുന്നതിനിടെയാണ് ഹിന്ദു ഐക്യവേദിയുടേയും ഹൃദയവിദ്യ ഫൗണ്ടേഷന്റേയും വിമര്‍ശനം.

വിമര്‍ശനങ്ങള്‍ ഒരുവശത്ത് ശക്തമാകുമ്പോഴും, കലയ്ക്ക് അതിര്‍വരമ്പുകളില്ലെന്നും മതസൗഹാര്‍ദത്തിന്റെ മാതൃകയാണിതെന്നും പറഞ്ഞ് ഒരു വലിയ വിഭാഗം ആളുകള്‍ നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണയ്ക്കുന്നുണ്ട്.

Content Highlight: Sasikala against Nandagovindam Bhajans for singing Christian songs in temple

We use cookies to give you the best possible experience. Learn more