കോഴിക്കോട്: “എന്റെ ഗ്രാമം ആരോഗ്യഗ്രാമം” എന്ന പദ്ധതിയുടെ ഭാഗമായി ചാലപ്പുറം ഗവണ്‍മെന്റ് ഗണപത് ഗേള്‍സ് യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ സര്‍വേയില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
കോഴിക്കോട് കോര്‍പ്പറേഷന്‍, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളില്‍ നടത്തിയ സര്‍വേയില്‍ പ്ലാസ്റ്റിക്കിന്റെ അനിയന്ത്രിതമായ ഉപയോഗവും ശുദ്ധീകരിക്കാത്ത നിരവധി കിണറുകളും വിദ്യാര്‍ത്ഥികള്‍ കണ്ടെത്തി. റെക്‌സിന്‍, പ്ലാസ്റ്റിക് ബാഗുകള്‍, ചെരുപ്പുകള്‍, എന്നിവയുടെ ഉപയോഗം വ്യാപകമാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
203 കുട്ടികളാണ് 40 ഗ്രൂപ്പുകളായി പഠന ബോധവത്ക്കരണ പരിപാടികളില്‍ പങ്കാളികളായത്. മഴക്കാലമാകുമ്പോഴേക്കും ഉണ്ടാകുന്ന രോഗങ്ങളും തുടര്‍ന്നുണ്ടാകുന്ന മരണങ്ങളുമാണ് കോര്‍പ്പറേഷന്റെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പരിപാടിയുമായി ചേര്‍ന്ന് “ഫീവര്‍ ഫ്രീ സോണ്‍ ത്രൂ സീറോ വേസ്റ്റ് ” എന്ന മുദ്രാവാക്യവുമായി വിശദപഠനത്തിന് കുട്ടികളെ പ്രേരിപ്പിച്ചത്.
സര്‍വ്വെയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് മേയറെ സന്ദര്‍ശിച്ചപ്പോള്‍
പതിനായിരത്തോളം വീടുകളാണ് കുട്ടികള്‍ സര്‍വേയുടെ ഭാഗമായി സന്ദര്‍ശിച്ചത്. പഠന പ്രദേശത്തെങ്ങും നിരവധി സ്ഥലങ്ങളില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കവറുകളും മറ്റും പല വീട്ടുകാരും കത്തിക്കുകയാണെന്നും അതില്‍ ആരും മടികാണിക്കുന്നില്ലെന്നുമാണ് പഠനത്തില്‍ പറയുന്നത്. അതേസമയം കാന്‍സര്‍, ചര്‍മ്മ നാഡീ രോഗങ്ങള്‍ എന്നിവയ്ക്ക് പ്ലാസ്റ്റിക് കത്തിക്കുന്നത് കാരണമാകുന്നുവെന്ന് പലര്‍ക്കും അറിയില്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
അഴുക്കുചാലും കിണറുകളും എങ്ങനെ വേണമെന്നതിനെ കുറിച്ചും ആരും ബോധവാന്മാരല്ല. ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലായി 120 പേരും കോര്‍പ്പറേഷനിലെ 75 പേരും കടുത്ത പനി ബാധിച്ചവരായിരുന്നു എന്ന് കണക്കാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ മാത്രം കണക്കാണിതെന്നും സര്‍വേയില്‍ പറയുന്നു.
ദുരിതപൂര്‍ണമായ ജീവിതാനുഭവങ്ങള്‍ ഉണ്ടായിട്ടും ജനങ്ങള്‍ ഒന്നും പഠിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പഠന റിപ്പോര്‍ട്ടിന്റെ സമര്‍പ്പണവും പ്രകാശനവും കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനാണ് നിര്‍വഹിച്ചത്.
ഗവ. ഗണപത് മോഡല്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ രൂപം കൊടുത്ത നൂതനവും വ്യത്യസ്തവുമായ പദ്ധതിയാണ് “ഫീവര്‍ ഫ്രീ സോണ്‍ ത്രൂ സീറോ വേസ്റ്റ് ” അഥവാ എന്റെ ഗ്രാമം ആരോഗ്യ ഗ്രാമം പദ്ധതി. ഈ പദ്ധതി പ്രകാരം തന്റെ വീടും പ്രദേശവും ഉള്‍ക്കൊള്ളുന്ന ചുറ്റുപാടില്‍ വിദ്യാര്‍ത്ഥികള്‍ ഗ്രൂപ്പായി ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തി. വളര്‍ന്നുവരുന്ന തലമുറയെ സാമൂഹ്യ പങ്കാളികളാക്കി മാറ്റുകയെന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യംവെച്ചത്. പഠനത്തില്‍ മാത്രമല്ല ജീവിതത്തിലും എപ്ലസ് നേടേണ്ടത് ആവശ്യമാണ് എന്ന് മനസിലാക്കി ഒരു വിദ്യാര്‍ത്ഥികളെ പൂര്‍ണമായി വാര്‍ത്തെടുക്കുകയാണ് ഈ പദ്ധതി. നഗരത്തിലെ വിദ്യാലയമാണെങ്കിലും ഗ്രാമപച്ചപ്പിനായുള്ള ആഗ്രഹമാണ് പഠന പദ്ധതിക്കു പിന്നിലുള്ളതെന്ന് അധ്യാപകര്‍ പറയുന്നു.
കുട്ടികളുടെ ബോധവത്കരണ റാലി
ജൂണ്‍, ജൂലൈ മാസങ്ങളില്‍ കോഴിക്കോട് കോര്‍പ്പറേഷനും പരിസരപ്രദേശങ്ങളും പകര്‍ച്ചപ്പനിയുടേയും മറ്റുവ്യാധികളുടേയും പിടിയില്‍ അകപ്പെട്ടതിന്റെ കാരണം അന്വേഷിക്കുകയും അതിനുള്ള ശാശ്വത നിവാരണം നിര്‍ദേശിക്കുകയുമായിരുന്നു വിദ്യാര്‍ത്ഥികള്‍.
ജൂണ്‍ ജൂലൈ മാസങ്ങളില്‍ പാഠഭാഗങ്ങള്‍ ചര്‍ച്ച ചെയ്യവേ സംസ്ഥാനത്തെ പനിമരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചര്‍ച്ചയായെന്നും പനിമരണങ്ങള്‍ കൂടി വരുന്നതായി കണ്ടതോടെയാണ് ഇത് പരിശോധിക്കണമെന്നും ഇത് പ്രൊജക്ടായി മുന്നോട്ടുകൊണ്ടുപോകണമെന്നും കുട്ടികളുടെ ഇടയില്‍ നിന്നും ആവശ്യം ഉയര്‍ന്നതെന്നും പരിപാടിയുടെ കോര്‍ഡിനേറ്ററും അധ്യാപകനുമായ എന്‍.ബഷീര്‍ പറയുന്നു.
“” ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ പാഠഭാഗങ്ങളുടെ ചര്‍ച്ചയ്ക്കിടെയാണ് ഇത്തരമൊരു ആശയം പറയുന്നത്. അധ്യാപകരും രക്ഷിതാക്കളും അതിനെ പിന്തുണയ്ക്കുകയായിരുന്നു. ജൂലൈ 31 ാം തിയതി കുട്ടികളുടെ കയ്യില്‍ സര്‍വേ ഫോം എത്തിച്ചു. ഏഴാം ക്ലാസിലെ 203 കുട്ടികളെ 40 ഗ്രൂപ്പായി തിരിച്ചുകൊണ്ട് കോഴിക്കോട് കോര്‍പ്പറേഷന്റെ വിവിധ ഭാഗങ്ങൡും പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലും ( കുട്ടികള്‍ എവിടെയാണോ താമസിക്കുന്നതും അവിടവും അതിന്റെ ചുറ്റുപാടും) സര്‍വേ ആരംഭിക്കുകയായിരുന്നു. കുട്ടികളെ കൊണ്ട് കഴിയുന്ന വീടുകള്‍ ചെയ്യാനാണ് പറഞ്ഞത്. പെണ്‍കുട്ടികളെ കൊണ്ടാണ് സര്‍വേ ചെയ്യിച്ചത്. അതുകൊണ്ട് തന്നെ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പ്രസന്‍സ് നിര്‍ബന്ധമായും ഏര്‍പ്പെടുത്തിയിരുന്നു.പതിനായിരത്തോളം വീടുകളാണ് സര്‍വേയുടെ ഭാഗമായി കുട്ടികള്‍ സന്ദര്‍ശിച്ചത്. ജൂലൈ 31 മുതല്‍ ജനുവരി 31 വരെയുള്ള കാലാവധിക്കുള്ളിലാണ് ഇത് സാധ്യമായത്. സമൂഹവുമായി ആഴത്തില്‍ ബന്ധപ്പെടുന്ന പ്രവര്‍ത്തനമായതിനാല്‍ കുട്ടികളുടെ ബഹുമുഖ വികാസവും ഇതുവഴി സാധ്യമാകുന്നു. “” – പ്രൊജക്ട് കോര്‍ഡിനേറ്ററും അധ്യാപകനുമായ എന്‍.ബഷീര്‍ പറയുന്നു.
മഴക്കാലമാവുമ്പോഴേക്കും നാടാകെ പടരുന്ന രോഗങ്ങളും മരണവുമാണ് ശക്തമായ അറിവും പ്രേരണയുമായത്. തങ്ങള്‍ക്കും കൂട്ടുകാര്‍ക്കും സംഭവിക്കാവുന്ന ദുരന്തങ്ങള്‍ ഇല്ലാതാക്കാന്‍ ഇവര്‍ നടത്തുന്ന ഒരു വന്‍ പരിശ്രമമാണിത്. സ്വന്തം വീട്ടില്‍ ബോധവത്ക്കരണം നടത്തുകയാണ് കുട്ടികള്‍ ആദ്യം ചെയ്തത്. തുടര്‍ന്ന് അയല്‍വീടുകളിലേക്ക് നിങ്ങി. ഇതിനായി കൃത്യമായി രൂപം കൊടുത്ത ലഘുലേഖയും സര്‍വേ ഫോറവും ഉപയോഗിക്കുകയുണ്ടായെന്നും അധ്യാപകര്‍ പറയുന്നു.
സര്‍വേയിലെ കണ്ടെത്തലുകള്‍
1.വീടുകളിലെ ജൈവമാലിന്യങ്ങള്‍ സ്വയം സംസ്‌ക്കരിക്കാതെ അവ ഡ്രൈനേജുകളിലേക്ക് ഒഴുക്കിവിടുന്നു
2.വീടുകളിലെ സെപ്റ്റിക് ടാങ്കുകള്‍ സുരക്ഷിതമല്ലാതെ കാണുന്നു. മിക്ക വീടുകളിലും ടോയ് ലറ്റുകളുടെ വാല്‍വുകള്‍ നെറ്റ് കൊണ്ട് മൂടാത്ത അവസ്ഥയിലാണ്
3.പ്ലാസ്റ്റ്ിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതായി കണ്ടുവരുന്നു
4.ഫ്രിഡ്ജിന്റെ വേസ്റ്റ് വാട്ടര്‍ േ്രട ദിവസങ്ങളോളം ശുചീകരിക്കാതെ കിടക്കുന്നു
5.കിണര്‍ ശുദ്ധീകരിക്കാത്ത വീടുകളും കുറവല്ല
6.പല വീടുകളിലും കുടിവെള്ള ടാങ്ക് മാസങ്ങളോളം ശുദ്ധീകരിക്കാതിരിക്കുന്നു.
7.ഉറങ്ങുമ്പോള്‍ പല വീടുകളിലും കൊതുകുവല ഉപയോഗിക്കുന്നില്ല
ഈ കണ്ടെത്തലുകളില്‍ നിന്നും മനസിലാകുന്നത് ഇത്തരം വീടുകളിലാണ് പകര്‍ച്ചപ്പനി വ്യാപകമായി കാണുന്നത് എന്നാണ്. പനി മാത്രമല്ല കോളറ പോലുള്ള മാരകരോഗങ്ങളും പെരുകാന്‍ ഇതു കാരണമാകുന്നു.
കേരള സര്‍ക്കാരും കോഴിക്കോട് കോര്‍പ്പറേഷനും പഞ്ചായത്തുകളും നിരന്തരമായ ബോധവത്ക്കരണമോ നടത്താതെ പകര്‍ച്ചപ്പനി പിടിപെടുന്ന സമയത്തുമാത്രം ഉപരോധം തീര്‍ക്കുന്നു. റവന്യൂ വരുമാനത്തിന്റെ ഭൂരിപക്ഷം ചെലവാക്കുന്നത് ആരോഗ്യ മേഖലയിലാണെങ്കിലും ഒന്നും പരിഹാരമായി മാറുന്നില്ലെന്നും സര്‍വേയില്‍ പറയുന്നു.
നിര്‍ദേശങ്ങള്‍
————-
1.വീടിനു പുറത്ത് മലിനവെള്ളം കെട്ടിനില്‍ക്കുന്ന സാചര്യം ഒഴിവാക്കുക
2.ചെറിയചെടികളിലാണ് ഈഡിസ് കൊതുകുകള്‍ പകല്‍ വിശ്രമിക്കുന്നത്
3.ചെറിയ ചെടികള്‍ ചുറ്റും വളരാന്‍ അനുവദിക്കരുത്
4.തൊഴുത്തും പരിസരവും അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക
5.അടപ്പിലാത്ത വെള്ളടാങ്കുകള്‍ കൊതുകുവലകൊണ്ട് മൂടുക
6.വാഴ കൈത എന്നിവയുടെ ഇലകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക
7.ഫ്രിഡ്ജ് കൂളര്‍ എന്നിവയുടെ അടിഭാഗത്ത് ശേഖരിക്കപ്പെടുന്ന വെള്ളം യഥാസമയം നീക്കുക
രക്ഷിതാക്കളും അധ്യാപകരും വഴികാട്ടികളായുള്ള പ്രസ്തുത സര്‍വേ നടത്തിയത് അവധിദിവസങ്ങളിലാണ്. മഴക്കാലത്ത് മാത്രം മാലിന്യമുക്ത പ്രവര്‍ത്തനം എന്നതുമാറി വീടും ചുറ്റുമുള്ള പ്രദേശവും പൂര്‍ണാമായി സീറോ വേസ്റ്റ് എന്ന രീതിയിലേക്ക് ഇന്നുതന്നെ മാറ്റുക വഴി ഒരു പരിധി വരെ രോഗാണുക്കളെ ചെറുക്കാന്‍ സാധിക്കും എന്നത് വിദ്യാര്‍ത്ഥികള്‍ ഇതിലൂടെ കാണിച്ചുകൊടുക്കുന്നു.
ജൂലൈ 31 ന് തുടങ്ങി ജനുവരി 31 ന് അവസാനിക്കുന്ന “എന്റെ ഗ്രാമം ആരോഗ്യഗ്രാമം” പദ്ധതിയില്‍ ഹൗസ് കാമ്പയിന്‍, ആരോഗ്യസര്‍വേ, ബോധവത്ക്കരണ ലഘുലേഖ, ബോധവത്ക്കരണ ക്ലാസുകള്‍,ആരോഗ്യ സെമിനാര്‍, ആരോഗ്യപ്രവര്‍ത്തകരുമായി മുഖാമുഖം, സൈക്കിള്‍ റാലി, റോഡ് ഷോ, മേയറുമായി അഭിമുഖം, ജില്ലാ കളക്ടറുമായി ചര്‍ച്ച എന്നിവ ഈ കാലയളവില്‍ സംഘടിക്കപ്പെട്ടു.
ആറ് മാസത്തെ വിദ്യാര്‍ത്ഥിനികളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു പരിധിവരെ കോര്‍പ്പറേഷനിലേയും ഒളമണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലേയും ജനങ്ങളെ ബോധവത്ക്കരിക്കാന്‍ സാധിച്ചതായി വിദ്യാര്‍ത്ഥികളും അധ്യാപകരും പറയുന്നു.
പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോഴാണ് നിരവധി വിവരങ്ങള്‍ മനസിലായതെന്നും അങ്ങനയെയാണ് കോര്‍പ്പറേഷന്‍ അധികാരികളേയും ജില്ലാ കളക്ടറേയും കാണണെന്ന് തീരുമാനിക്കുന്നതെന്നും എന്‍. ബഷീര്‍ പറയുന്നു. കോഴിക്കോട് ജില്ലാ കളക്ടറെ കണ്ട് 16 കുട്ടികളും അധ്യാപകരും സംസാരിച്ചെന്നും ചങ്ങളുടെ പ്രവര്‍ത്തനത്തെ അവര്‍ അഭിനന്ദിക്കുകയും എല്ലാ പിന്തുണയും അറിയുകയും ചെയ്‌തെന്നും ഇദ്ദേഹം പറയുന്നു. എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പഠനറിപ്പോര്‍ട്ട് അയച്ചുകൊടുക്കമെന്നും ബഷീര്‍ വ്യക്തമാക്കി.
ആത്മാര്‍ത്ഥമായ സഹകരണമാണ് എല്ലായിടത്തുനിന്നും കുട്ടികള്‍ക്ക് ലഭിച്ചതെന്നും എടുത്തുപറയേണ്ട മറ്റൊരു പ്രധാന നേട്ടം ഈ കുട്ടികളുടെ ജീവിതത്തില്‍ വന്ന മാറ്റമാണെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു. സ്വന്തം വീടുകളിലെ മാല്യന്യനിര്‍മാര്‍ജന കാര്യങ്ങളില്‍ അതീവശ്രദ്ധയുള്ളവരും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുന്നവരുമായി വിദ്യാര്‍ത്ഥികള്‍ മാറിയെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
സര്‍ക്കാര്‍ വിദ്യാലയത്തിന്റെ ശക്തിയും പ്രതിബദ്ധതയും വിളംബരം ചെയ്യുന്ന ഈ കുട്ടികളുടെ സ്വപ്‌നം പ്ലാസ്റ്റിക് രഹിതവും രോഗമുക്തവുമായ നാടമാണ്. പ്ലാസ്റ്റികിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്നും ഉപയോഗം ശിക്ഷാര്‍ഹമാക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു. ചികിത്സകളല്ല കൊതുകു നിവാരണവും പരിസര ശുചിത്വവുമാണ് നടപ്പാക്കേണ്ടതെന്നാണ് അവര്‍ ഉറപ്പിച്ചു പറയുന്നത്.
ബഷീര്‍ നെല്ലിയോട്ട്, അധ്യാപകന്‍
എന്‍. ബഷീര്‍ പ്രൊജക്ട് കോര്‍ഡിനേറ്ററും കെ. ലത കണ്‍വീനറുമായ ഈ പദ്ധതി വിജയിപ്പിക്കുന്നതിന് പി.ടി.എപ്രസിഡന്റ് വി.പി ശ്യാം കുമാറും ഹെഡ്മിസ്ട്രസ് പി.എസ് ഭവാനിയും പ്രിന്‍സിപ്പല്‍ പി.വി സുബ്ര്മണ്യദാസും എസ്.ആര്‍.ജി കണ്‍വീനര്‍ ടി.മനോജ് കുമാറും നേതൃനിരയിലുണ്ടായിരുന്നു.
ഇതിനിടെയാണ് സംസ്ഥാനത്തെ ജലസ്രോതസ്സുകളില്‍ 67 ശതമാനത്തിലും മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയാണെന്ന സര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട് ജനുവരി 30 ന് പുറത്തുവരുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പതിനാല് ജില്ലകളിലെ 2003 വാര്‍ഡുകളിലായി പ്രധാനപ്പെട്ട 3606 ജലസ്രോതസുകളിലാണ് സ്ഥിതി വിവരപഠനം നടത്തിയത്. ഇതില്‍ 2642 ജലസ്‌ത്രോതസ്സുകളും മലിനമാണെന്നാണ് കണ്ടെത്തല്‍. പഠനം നടത്തിയ ജലസ്രോതസ്സുകളൊക്കെയും കുടിവെള്ളത്തിനായി ഉപയോഗിക്കുന്നവയായിരുന്നു.
പഠന വിധേയമായ ജലസ്രോതസ്സുകളില്‍ 46.10 ശതമാനം ഭാഗികമായി മലിനമായപ്പോള്‍ 26.90 ശതമാനം പൂര്‍ണമായും മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഇതിനെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം കുടിവെള്ള സ്രോതസ്സുകള്‍ പൂര്‍ണമായും നശിക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.
പൂര്‍ണമായും മലിനമായ ജലസ്രോതസ്സുകള്‍ ഏറ്റവും കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ്. തൊട്ടുപിന്നാലെയുള്ളത് കണ്ണൂരാണ്. ഏറ്റവും കുറവ് മലിനമായ ജലസ്രോതസ്സുകള്‍ തിരുവനന്തപുരം ജില്ലയിലാണെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ജലസ്രോതസ്സുകള്‍ മലിനമാക്കുന്നില്‍ പ്രധാനം ഹോട്ടല്‍ മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും മറ്റ് ചവറുകളുമടങ്ങുന്ന ഖരമാലിന്യവുമാണെന്നാണ് കണ്ടെത്തല്‍.
ഇതില്‍ മുന്നിലുള്ളത് മലപ്പുറമാണ്. കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളും ഖരമാലിന്യം നിക്ഷേപിച്ച് ജലസ്രോതസ്സുകള്‍ മലിനമാക്കുന്നതില്‍ മുന്‍പന്തിയിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജലസ്‌ത്രോതസ്സുകളില്‍ കണ്ടിരുന്ന ജൈവവൈവിധ്യത്തിലും മത്സ്യസമ്പത്തിലും ഗണ്യമായ കുറവുണ്ടായതായും ഒപ്പം അമിതമായ വളപ്രയോഗം ജലസ്രോതസ്സുകളെ കൂടുതല്‍ മലിനമാക്കുന്നുവെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ഥിതി ഗുരുതരമായതുകൊണ്ടുതന്നെ തദ്ദേശസ്ഥാപനങ്ങളോ സര്‍ക്കാരോ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. ഭാരത പോലുള്ള സംസ്ഥാനത്തെ പ്രധാന നദികളും കായലോരങ്ങളിലും മാലിന്യങ്ങള്‍ കൂടുതലായി തള്ളുമ്പോള്‍ കുടിവെള്ളം മലിനമാക്കപ്പെടുക മാത്രമല്ല ജലസ്രോതസ്സുകളുടെ നിലനില്‍പ്പിനെ തന്നെ ഇത് ഗുരുതരമായി ബാധിക്കുമെന്നും സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം ജനങ്ങളില്‍ നിന്നും നികുതി വാങ്ങുന്ന പഞ്ചായത്തുകളും നഗര സഭകളും മാലിന്യങ്ങള്‍ നൂറ് ശതമാനം അപകടകരമല്ലാത്ത വിധം സംസ്‌ക്കരിക്കാന്‍ ബാധ്യസ്ഥരാണെന്നും പൊതുജനത്തെ വിശ്വാസത്തിലെടുത്തുകൊണ്ട് ചെയ്യേണ്ട ഒരു പ്രവര്‍ത്തനമാണ് ഇതെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ പ്രതികരിക്കുന്നു.
“”ഇത് പരിഹരിക്കാന്‍ ആദ്യം ചെയ്യേണ്ടത് നിയമം പാലിക്കുക എന്നതാണ്. എന്നാല്‍ അത് പാലിക്കാനാണ് പലര്‍ക്കും വിഷമം. നമ്മുടെ പഞ്ചായത്തുകള്‍,നഗര സഭകള്‍, അവരുടെ മാലിന്യം നൂറ് ശതമാനം അപകടകരമല്ലാത്ത വിധം സംസ്‌ക്കരിക്കാന്‍ ബാധ്യസ്ഥരാണ്. നമ്മള്‍ അവര്‍ക്ക് നികുതി കൊടുക്കുന്നുണ്ട്. പൊതുജനത്തെ വിശ്വാസത്തിലെടുത്തുകൊണ്ട് ചെയ്യേണ്ട ഒരു പ്രവര്‍ത്തനമാണ് ഇത””- അദ്ദേഹം പറയുന്നു.