പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തി മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന ചിത്രമാണ് സര്‍വ്വം മായ. ഫയര്‍ ഫ്‌ളൈ എന്റ്രര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ രാജീവ് മേനോന്‍ നിര്‍മിച്ച ചിത്രം ഇതിനോടകം 75 കോടിയലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ സംവിധായകനായ അഖില്‍ സത്യനെ കുറിച്ച് നിര്‍മാതാവ് രാജീവ് മേനോന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. എമ്പയര്‍ ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ രീതികളെക്കുറിച്ച് രാജീവ് സംസാരിച്ചത്.
രാജീവ് മേനോന്‍. Photo: screen grab/ Empire talks/ youtube.com
‘എന്റെ ആദ്യത്തെ പ്രൊജക്ടാണ് സര്‍വ്വം മായ, അഖില്‍ സത്യന്‍ എന്ന സംവിധായകന്റെ സിനിമയെക്കുറിച്ചുള്ള ക്ലാരിറ്റിയും ആത്മവിശ്വാസവുമാണ് എന്നെ ചിത്രത്തിലേക്ക് അടുപ്പിച്ചത്. രണ്ട് മണിക്കൂര്‍ ഇരുപത്തിയേഴ് മിനുട്ടാണ് സിനിമയുടെ ദൈര്‍ഘ്യം അതില്‍ ഒരു 30 സെക്കന്‍ഡ് മാത്രമേ കൂടുതല്‍ എടുത്തിട്ടുണ്ടാകുകയുള്ളൂ. അത്രയും ക്ലാരിറ്റിയോടെയാണ് ഓരോ സീനും ഷൂട്ട് ചെയ്തത്.
എവിടെ ക്യാമറ വെക്കണം എന്ന വ്യക്തമായ ധാരണ സംവിധായകനുണ്ട്. ഒരു സീനിനു വേണ്ടി പല ആംഗിളില്‍ നിന്നും ഷോട്ടുകള്‍ എടുക്കുന്ന പരിപാടി അഖിലിനില്ല. കൃത്യമായ ഷെഡ്യൂളുകളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. അത്രയും ഉത്തരവാദിത്തത്തോടെയായാണ് അഖില്‍ ചിത്രം ചെയ്തു തീര്‍ത്തത്,’ നിര്‍മാതാവ് പറഞ്ഞു.
അഖില്‍ സത്യന്റെ ഏറ്റവും വലിയ ക്വാളിറ്റിയിലൊന്നാണ് അദ്ദേഹത്തിന്റെ കാസ്റ്റിങ്ങെന്നും റിയ ഷിബുവടക്കമുള്ള താരങ്ങളെ ചിത്രത്തിലേക്ക് കറക്ടായി എത്തിച്ചത് അഖിലാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആദ്യത്തെ ചിത്രത്തില്‍ നിവിനെ നായകനാക്കുന്നത് റിസ്‌ക് ആണെന്ന് പലരും പറഞ്ഞെങ്കിലും അഖില്‍ തന്ന ധൈര്യമാണ് നിവിന്‍ പോളിയെ നായകനാക്കാന്‍ എടുത്ത തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഖില്‍ സത്യനും റിയ ഷിബുവും
2015 ല്‍ ദാറ്റ്‌സ് മൈ ബോയ് എന്ന ഷോര്‍ട്ട് ഫിലിമിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അഖില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ഹൃദയപൂര്‍വ്വത്തിന്റെ കഥാകൃത്തായിരുന്നു അഖില്‍ സത്യന്‍. സര്‍വ്വം മായയുടെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് അഖിലാണ്. ചിത്രത്തില്‍ മധു വാര്യര്‍, ജനാര്‍ദ്ദനന്‍, അജുവവര്‍ഗീസ്, അല്‍ത്താഫ് സലീം, അരുണ്‍ അജികുമാര്‍, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
Content Highlight: Sarvam Maya Producer Rajeev Menon talks about Director Akhil Sathyan