ഒ.ടി.ടി റിലീസിന് ശേഷം സോഷ്യല്‍ മീഡിയ മുഴുവന്‍ ഡെലൂലു മയമാണ്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ കഴിഞ്ഞദിവസമാണ് ഒ.ടി.ടിയിലെത്തിയത്. പിന്നാലെ ചിത്രത്തിലെ ഡയറക്ടര്‍ ബ്രില്യന്‍സുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തിലെ ഡെലൂലു എന്ന കഥാപാത്രമാണ് പലരുടെയും ചര്‍ച്ചാവിഷയം.
റിയ ഷിബു അവതരിപ്പിച്ച ഡെലൂലു/ മായ ഒരുപാട് ചോദ്യങ്ങള്‍ ബാക്കിവെച്ചുകൊണ്ടാണ് പോകുന്നത്. ഡെലൂലുവിന്റെ കാമുകന്‍ ആരായിരിക്കും എന്നാണ് പലരും ചോദിക്കുന്നത്. ചിത്രത്തില്‍ ഒരിടത്തുപോലും ആ കഥാപാത്രത്തെ കാണിക്കുന്നില്ലെങ്കിലും ചില ക്ലൂ സംവിധായകന്‍ നല്‍കുന്നുണ്ട്. മായയെക്കാള്‍ പ്രായമുള്ള, ഹിന്ദുവായ, താടിയുള്ള ഒരാളാണ് മായയുടെ കാമുകനെന്നാണ് സിനിമയില്‍ പറയുന്നത്.
ഈ സൂചനകളെല്ലാം വെച്ച് പല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രഭേന്ദു തന്നെയാണ് കാമുകന്‍ എന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ മറ്റ് കഥാപാത്രങ്ങളെയും മായയുടെ കാമുകനായി ചിത്രീകരിക്കുന്നുണ്ട്. പ്രഭേന്ദുവിന്റെ ചേട്ടനായ ദീപാങ്കുരന്‍, കൂട്ടുകാരനായ രൂപേഷ് എന്ന് തുടങ്ങി വല്യച്ഛനെ വരെ മായയുടെ കാമുകനായി ചിലര്‍ ചിത്രീകരിച്ച പോസ്റ്റുകള്‍ വൈറലായിക്കഴിഞ്ഞു.
ഈ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ ഒരാളാണ് പ്രഭേന്ദുവിന്റെ അച്ഛന്‍ നീലകണ്ഠന്‍ നമ്പൂതിരി. രഘുനാഥ് പലേരി അവതരിപ്പിച്ച ഈ കഥാപാത്രത്തിന് താടിയില്ലാത്തതുകൊണ്ടുമാത്രം മായയുടെ കാമുകനായി ആരും സങ്കല്പിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ചില പോസ്റ്റുകള്‍. താടിയും മീശയുമില്ലാത്ത അല്‍ത്താഫിന്റെ ഡെലിവറി ബോയ്‌യും രക്ഷപ്പെട്ടെന്നും ചില പോസ്റ്റുകള്‍ പറയുന്നു.
രഘുനാഥ് പലേരി Photo: Jio Hotstar
സിനിമക്ക് നല്‍കിയത് പെര്‍ഫക്ട് എന്‍ഡിങ്ങാണെന്നും അതില്‍ ഇനി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് സ്ഥാനമില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. മായ എന്ന പേര് പോലെ അവളുടെ കാമുകനും മായയായി ഒളിഞ്ഞ് ഇരിക്കുന്നതാണ് ഭംഗിയെന്നും പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകളും വൈറലായി. ഈയടുത്ത് മറ്റൊരു സിനിമയും ഇത്രക്ക് ചര്‍ച്ചയായില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
പാച്ചുവും അത്ഭുതവിളക്കിനും ശേഷം അഖില്‍ സത്യന്‍ അണിയിച്ചൊരുക്കിയ സര്‍വ്വം മായക്ക് മികച്ച വരവേല്പാണ് തിയേറ്ററിലും ഒ.ടി.ടിയിലും ലഭിച്ചത്. മനുഷ്യരെക്കണ്ട് പേടിക്കുന്ന പ്രേതമുള്ള വ്യത്യസ്തമായ ഫീല്‍ ഗുഡ് ഹൊറര്‍ ചിത്രം നിവിന്‍ പോളിയുടെ തിരിച്ചുവരവിന് കാരണമായി. ബോക്‌സ് ഓഫീസില്‍ 150 കോടിയിലേറെ നേടിയ ചിത്രം ജിയോ ഹോട്‌സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്.
Content Highlight: Sarvam Maya movie director brilliance posts viral