| Friday, 12th December 2025, 3:04 pm

ഡബിള്‍ സ്‌ട്രോങ്, ക്ലീന്‍ U, ഇത്തവണ നിവിന്‍ രണ്ടും കല്പിച്ച് തന്നെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുകാലത്ത് ബോക്‌സ് ഓഫീസില്‍ തിളങ്ങി നിന്നിരുന്ന നടനായിരുന്നു നിവിന്‍ പോളി. തുടര്‍ച്ചയായ ഹിറ്റുകളിലൂടെ മോളിവുഡില്‍ തന്റേതായ സ്ഥാനം നേടാന്‍ ചുരുങ്ങിയ സമയം കൊണ്ട് നിവിന് സാധിച്ചു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിലും ബോക്‌സ് ഓഫീസ് പ്രകടനങ്ങളുടെ പേരിലും നിവിന്‍ വിമര്‍ശനം നേരിട്ടിരുന്നു.

അതിനെയെല്ലാം ഇല്ലാതാക്കുന്ന തരത്തിലാണ് നിവിന്റെ ലൈനപ്പ്. അടുത്ത പ്രൊജക്ടുകളെല്ലാം വലിയ പ്രതീക്ഷയുള്ളവയാണ്. അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന സര്‍വം മായ നിവിന്റെ കംബാക്കാകുമെന്നാണ് കണക്കുകൂട്ടല്‍. ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായിരിക്കുകയാണ്.

‘U’ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിവിന്റെ സ്‌ട്രോങ് സോണിലുള്ള ചിത്രമാണ് ഇതെന്ന് ആരാധകര്‍ പറയുന്നുണ്ട്. പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിവിന്റെ കംബാക്കിന് സര്‍വം മായയിലൂടെ വഴിയൊരുങ്ങുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. പാച്ചുവും അത്ഭുതവിളക്കിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍വം മായ.

സര്‍വം മായയുടേതായി പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം പ്രതീക്ഷ നല്‍കുന്നവയായിരുന്നു. നിവിന്‍ പോളിക്കൊപ്പം അജു വര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇരുവരും തമ്മിലുള്ള കോമ്പോ തന്നെയാണ് പലരുടെയും ഹൈപ്പിന് കാരണം.

ഫീല്‍ ഗുഡിനൊപ്പം കുറച്ച് ഹൊറര്‍ ഴോണറും ചിത്രത്തില്‍ ഉണ്ടെന്ന് ടീസര്‍ സൂചന നല്കുന്നുണ്ട്. റിലീസിന് രണ്ടാഴ്ച ബാക്കി നില്‌ക്കെ സെന്‍സറിങ് പൂര്‍ത്തിയായ ചിത്രം ആരാധകരില്‍ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. ക്രിസ്മസ് ദിനത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം വെക്കേഷന്‍ സീസണ്‍ മുതലെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.

നിവിനും അജുവിനും പുറമെ ജനാര്‍ദ്ദനന്‍, പ്രീതി മുകുന്ദന്‍, അല്‍ത്താഫ് സലിം, മധു വാര്യര്‍, രഘുനാഥ് പലേരി തുടങ്ങിയവര്‍ അണിനിരക്കുന്നുണ്ട്. ഒന്നര വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന നിവിന്‍ പോളി ചിത്രമാണ് സര്‍വം മായ. ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

Content Highlight: Sarvam Maya movie censoring completed

We use cookies to give you the best possible experience. Learn more