| Wednesday, 7th January 2026, 4:45 pm

ക്ഷയിച്ച ഇല്ലവും ജോലിയില്ലാത്ത നായകനുമെല്ലാം പഴയ കാലം, സര്‍വം മായയിലെ എത്തീസ്റ്റ് നമ്പൂതിരി പുതിയകാലത്തെ പൊളിച്ചെഴുത്ത്

അമര്‍നാഥ് എം.

സര്‍വം മായ 100 കോടിയിലേറെ കളക്ഷന്‍ നേടി മുന്നേറുകയാണ്. ആറ് വര്‍ഷത്തോളമായി വലിയൊരു ഹിറ്റില്ലാതിരുന്ന നിവിന്‍ പോളിയുടെ അതിഗംഭീര തിരിച്ചുവരവായാണ് സര്‍വം മായയെ കണക്കാക്കുന്നത്. പാച്ചുവും അത്ഭുതവിളക്കിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഫീല്‍ ഗുഡ് ഹൊറര്‍ ഴോണറിലാണ് ഒരുങ്ങിയത്.

പ്രഭേന്ദു എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നിവിന്‍ കാഴ്ചവെച്ചത്. സത്യന്‍ അന്തിക്കാട് യൂണിവേഴ്‌സിലെ നായകന്മാരുടെ സ്ഥിരം എലമെന്റുകള്‍ പ്രഭേന്ദുവിലുമുണ്ട്. എന്നാല്‍ സിനിമ പറയുന്ന വ്യത്യസ്തമായ രാഷ്ട്രീയം എടുത്തുപറയേണ്ടതാണ്. കേരളത്തിലെ പേരുകേട്ട നമ്പൂതിരി കുടുംബത്തിലെ അംഗമാണ് സര്‍വം മായയിലെ പ്രഭേന്ദു.

നിവിന്‍ പോളി Photo: Screen grab/ Firefly Films

ശബരിമലയിലെ മേല്‍ശാന്തിയായിരുന്ന നീലകണ്ഠന്‍ നമ്പൂതിരിയാണ് പ്രഭേന്ദുവിന്റെ അച്ഛന്‍. എന്നാല്‍ അത്രയും വലിയ കുടുംബത്തിലെ അംഗമായ നായകനെ നിരീശ്വരവാദിയായാണ് സിനിമയില്‍ ചിത്രീകരിച്ചത്. ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട്, തന്റെ പാഷനായ സംഗീതത്തില്‍ ഫോക്കസ് ചെയ്യുന്ന നായകന്‍ പുതുമയുള്ളതായിരുന്നു.

ദൈവത്തില്‍ തനിക്ക് വിശ്വാസം പോയെന്ന് പറയുന്ന നായകന്റെ മനസ് മാറ്റാന്‍ ആരും ശ്രമിക്കുന്നില്ല. കൈയില്‍ പൈസയില്ലാത്തപ്പോള്‍ അയാള്‍ പൂജാകര്‍മങ്ങള്‍ ചെയ്യുന്നത് വെറുമൊരു ജോലി എന്ന നിലക്ക് മാത്രമാണ്. വിശ്വാസത്തോടെയല്ല പ്രഭേന്ദു ആവാഹനവും ഹോമങ്ങളും ചെയ്യുന്നത്. എന്നാല്‍ എല്ലാവരും പ്രഭേന്ദുവിന്റെ പൂജ ഗംഭീരമാണെന്ന് പറയുകയും ചെയ്യുന്നുണ്ട്.

സര്‍വം മായ Photo:  Screen grab/ Firefly Films

നായകന്റെ നിരീശ്വരവാദം മാറ്റിയെടുക്കാന്‍ സിനിമയിലെ ഒരു കഥാപാത്രവും ശ്രമിക്കുന്നില്ല. മധു വാര്യര്‍ അവതരിപ്പിച്ച ദീപാങ്കുരന്‍ എന്ന സഹോദര കഥാപാത്രം പോലും പ്രഭേന്ദുവിന്റെ മനസ് മാറ്റിയെടുക്കുന്നതിന് പകരം അച്ഛനെ സഹായിക്കാന്‍ വേണ്ടി അമ്പലത്തില്‍ പൊയ്ക്കൂടെ എന്നാണ് ചോദിക്കുന്നത്. അപ്പോഴും അമ്പലത്തില്‍ കയറാത്ത പ്രഭേന്ദു അച്ഛന് പ്രായമായി എന്ന് തിരിച്ചറിയുകയും പിന്നീട് അദ്ദേഹത്തെ സന്തോഷപ്പെടുത്താനും വേണ്ടിയാണ് അമ്പലത്തില്‍ കയറുന്നത്.

അവസാനം വരെ ആ കഥാപാത്രത്തെ ദൈവവിശ്വാസിയായി ചിത്രീകരിക്കാത്തത് സംവിധായകന്‍ ചെയ്ത നല്ലൊരു മുന്നേറ്റമായി കണക്കാക്കാം. നമ്പൂതിരിയായ നായകനെ മലയാളസിനിമയില്‍ ചിത്രീകരിച്ചതിന്റെ പൊളിച്ചെഴുത്ത് കൂടിയാണ് സര്‍വം മായ. പ്രിയദര്‍ശന്‍- ടി. ദാമോദരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആര്യന്‍ എന്ന സിനിമയില്‍ നായകന്‍ നമ്പൂതിരി കുടുംബത്തിലെ അംഗമാണ്.

ആര്യന്‍ Phot: Screen grab/ Saina Movies

അമ്പലത്തിലെ ശാന്തിപ്പണിയില്‍ നിന്ന് നല്ല വുരമാനം ലഭിക്കാതെ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന നായകനെയാണ് ആര്യനില്‍ കാണിച്ചത്. ഒപ്പം സംവരണത്തിനെതിരെയുള്ള ഡയലോഗുകളും പില്‍ക്കാലത്ത് ചര്‍ച്ചയായി മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വം മായ ഇത്തരം സിനിമകളുടെ നരേറ്റീവിനെ പൊളിച്ചെഴുതുന്ന ശ്രമങ്ങള്‍ കൈയടിക്കപ്പെടേണ്ടതാണ്.

Content Highlight: Sarvam Maya is a reply to movies like Aryan

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more