| Monday, 29th December 2025, 9:43 pm

നിവിന്റെ അടിയില്‍ ബോക്‌സ് ഓഫീസില്‍ വീഴാതെ രക്ഷപ്പെട്ടത് പൃഥ്വിയും മോഹന്‍ലാലും കല്യാണിയും, അതിവേഗം 50 കോടി നേടി സര്‍വം മായ

അമര്‍നാഥ് എം.

ക്രിസ്മസ് റിലീസുകളില്‍ അതിഗംഭീര കുതിപ്പ് നടത്തുകയാണ് നിവിന്‍ പോളി നായകനായ സര്‍വം മായ. 230 സെന്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഭൂരിഭാഗം തിയേറ്ററുകളിലും ഹൗസ്ഫുള്ളായാണ് പ്രദര്‍ശനം നടത്തുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ 50 കോടിയിലേറെ സര്‍വം മായ സ്വന്തമാക്കിക്കഴിഞ്ഞു. ആദ്യ വീക്കെന്‍ഡില്‍ തന്നെ ബോക്‌സ് ഓഫീസില്‍ പല റെക്കോഡുകളും ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.

ആദ്യ വീക്കെന്‍ഡില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ സിനിമകളില്‍ ആറാം സ്ഥാനത്താണ് സര്‍വം മായ. ആദ്യ വീക്കെന്‍ഡില്‍ 45.2 കോടിയാണ് ചിത്രം നേടിയത്. എമ്പുരാന്‍, തുടരും എന്നീ സിനിമകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 174 കോടിയാണ് എമ്പുരാന്‍ നേടിയത്. 69 കോടിയാണ് തുടരും ആദ്യ വീക്കെന്‍ഡില്‍ സ്വന്തമാക്കിയത്.

മലയാളത്തിലെ സര്‍വകാല വിജയമായ ലോകഃ ചാപ്റ്റര്‍ വണ്‍ (66 കോടി), പൃഥ്വിരാജ് നായകനായ ആടുജീവിതം (64.1 കോടി), മോഹന്‍ലാലിന്റെ ലൂസിഫര്‍ (55 കോടി) എന്നിവയാണ് സര്‍വം മായയുടെ മുന്നിലുള്ള ചിത്രങ്ങള്‍. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് കളക്ഷനുകളെ പിന്തള്ളിയാണ് സര്‍വം മായ ലിസ്റ്റില്‍ മുന്‍പന്തിയിലെത്തിയത്.

2022ല്‍ പുറത്തിറങ്ങിയ ഭീഷ്മപര്‍വമാണ് മമ്മൂട്ടിയുടെ കരിയര്‍ ഹൈയസ്റ്റ് ഫസ്റ്റ് വീക്കെന്‍ഡ് കളക്ഷന്‍. 44.6 കോടിയാണ് ചിത്രം നേടിയത്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ടര്‍ബോ 44.5 കോടിയുമായി തൊട്ടുപിന്നിലുണ്ട്. ആറ് വര്‍ഷമായി എടുത്തപറയാന്‍ വലിയൊരു ഹിറ്റില്ലാതിരുന്ന നിവിന്‍ പോളിയുടെ അതിഗംഭീര തിരിച്ചുവരവായാണ് പലരും സര്‍വം മായയെ കണക്കാക്കുന്നത്.

സര്‍വം മായ Photo: Forum Reels/ X.com

നിവിന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി സര്‍വം മായ മാറുമെന്നും പലരും കണക്കുകൂട്ടുന്നുണ്ട്. നിവിന്റെ എവര്‍ഗ്രീന്‍ ഹിറ്റ് പ്രേമം തലനാരിഴക്കാണ് 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കാതെ പോയത്. സെന്‍സര്‍ കോപ്പി പുറത്തുവന്നില്ലായിരുന്നെങ്കില്‍ മലയാളത്തിലെ ആദ്യ 100 കോടി നിവിന്റെ പേരിലിരുന്നേനെ. ക്രിസ്മസ് വെക്കേഷന്‍ ഇനിയും ആറ് ദിവസമുള്ളതിനാല്‍ ബോക്‌സ് ഓഫീസില്‍ സര്‍വം മായ ഇനിയും കുതിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഒപ്പം റിലീസായ പല സിനിമകളെയും ബഹുദൂരം പിന്തള്ളിയാണ് സര്‍വം മായയുടെ കുതിപ്പ്. മോഹന്‍ലാല്‍ നായകനായ പാന്‍ ഇന്ത്യന്‍ പ്രൊജക്ട് വൃഷഭയെ ചിത്രത്തിലെവിടെയും ഇല്ലാത്ത രീതിയില്‍ പിന്നിലാക്കാന്‍ സര്‍വം മായക്ക് സാധിച്ചു. ഇത് നാലാം തവണയാണ് ബോക്‌സ് ഓഫീസില്‍ നിവിന്‍ മോഹന്‍ലാലിനെ ക്ലാഷില്‍ തോല്പിക്കുന്നത്.

പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് സര്‍വം മായ. നിവിന് പുറമെ അജു വര്‍ഗീസ്, റിയ ഷിബു, പ്രീതി മുകുന്ദന്‍, ജനാര്‍ദനന്‍, മധു വാര്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Sarvam Maya enters to 50 crore club within five days

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more