അഖിൽ സത്യന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ സർവ്വം മായ തിയേറ്ററുകളിൽ ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ ഒ.ടി.ടി റിലീസിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കുകയാണ്. വർഷങ്ങൾക്ക് ശേഷമുള്ള നിവിൻ–അജു കോംബോയും ക്യൂട്ട് യക്ഷിയായി എത്തിയ ഡെലൂലുവും ചേർന്ന് ഒരുക്കിയ മാജിക്കൽ ലോകം മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ഹൊറർ കോമഡി ഴോണറിലൊരുങ്ങിയ ചിത്രം, ചിരിയും ഇമോഷനും നിറഞ്ഞ ഒരു ഫീൽഗുഡ് അനുഭവമാണ് നൽകിയത്. ചിത്രത്തിലെ ഓരോ രംഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. നിവിൻ പോളിയുടെയും അജു വർഗീസിന്റെയും കോമഡി സീക്വൻസുകൾ പ്രേക്ഷകർ ആഘോഷമാക്കിയപ്പോൾ, ഡെലൂലുവും പ്രഭയും ചേർന്ന രംഗങ്ങൾ സിനിമയ്ക്ക് മറ്റൊരു പ്രത്യക ഭംഗി നൽകുകയായിരുന്നു.
സർവ്വം മായ, Photo: IMDb
എന്നാൽ സിനിമ മുഴുവൻ ചിരിപ്പിച്ചിട്ടും, അവസാന 15 മിനിറ്റ് പ്രേക്ഷകരെ ഇമോഷണലി തളർത്തിയെന്നാണ് പൊതുവായ അഭിപ്രായം. പ്രത്യേകിച്ച് ചിത്രത്തിന്റെ അവസാനത്തിൽ ഡെലൂലു അപ്രതീക്ഷിതമായി മാഞ്ഞുപോകുന്ന രംഗമാണ് ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.
അത്രയും നാൾ കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് വിട്ടുപോയ അനുഭവമായിരുന്നു ആ നിമിഷമെന്ന് പലരും അഭിപ്രായപ്പെട്ടു. പ്രഭയോട് ‘മായ’ എന്ന പേര് സ്നേഹത്തോടെ പറഞ്ഞ് കെട്ടിപ്പിടിച്ച ശേഷം ഡെലൂലു അപ്രത്യക്ഷയാകുന്ന സീൻ, പ്രഭയെ പോലെ തന്നെ പ്രേക്ഷകരെയും മാനസികമായി തകർത്തുവെന്നാണ് അഭിപ്രായം. ‘ഒന്ന് കൂടി തിരികെ വന്നിരുന്നെങ്കിൽ’ എന്ന ആഗ്രഹം പലരും അഭിപ്രായപ്പെടുന്നു
സർവ്വം മായ, Photo: IMDb
ഈ ഇമോഷണൽ സീനിന് കൂടുതൽ ആഴം നൽകിയത് ജസ്റ്റിൻ പ്രാകാശിന്റെ മാജിക്കൽ പശ്ചാത്തല സംഗീതമാണ്. സംഗീതം ചേർന്നപ്പോൾ ആ വിടവാങ്ങൽ രംഗം കൂടുതൽ ഹൃദയസ്പർശിയായി മാറുകയായിരുന്നുവെന്നും പ്രേക്ഷകർ പറയുന്നു.
ഡെലൂലുവും പ്രഭയും തമ്മിലുള്ള കോമഡി-ക്യൂട്ട് മോമെന്റുകൾ ‘നല്ല തണുത്ത കാറ്റുണ്ടല്ലോ’, ‘സാധ്യ… ഈ ബണ്ണും ചാറും കഴിക്കുന്നില്ലേ’ തുടങ്ങിയ ഡയലോഗുകൾ പ്രേക്ഷകർക്ക് നിറഞ്ഞ ചിരി സമ്മാനിച്ചിരുന്നുവെങ്കിലും, അവസാന നിമിഷം അതെല്ലാം മാറുകയായിരുന്നു.
ഡെലൂലു ഒരിക്കൽ കൂടി തിരികെ വന്നിരുന്നെങ്കിൽ എന്ന പ്രേക്ഷകരുടെ ആഗ്രഹം തന്നെ സർവ്വം മായ എത്രത്തോളം ഹൃദയത്തിൽ തൊട്ട ചിത്രമാണെന്നതിന് തെളിവായി മാറുകയാണ്.