| Sunday, 25th January 2026, 7:41 pm

ലോലഹൃദയമുള്ള സെന്‍സര്‍ ബോര്‍ഡ്; സര്‍വ്വം മായ കണ്ട് ഉദ്യോഗസ്ഥയുടെ കണ്ണ് നിറഞ്ഞതിനെക്കുറിച്ച് അഖില്‍ സത്യന്‍

അശ്വിന്‍ രാജേന്ദ്രന്‍

ജനനായകനും ഹാലും തുടങ്ങി സമീപകാലത്തിറങ്ങിയ പല ചിത്രങ്ങളെയും പ്രതിസന്ധിയിലാക്കിയവരാണ് രാജ്യത്തെ സെന്‍സര്‍ ബോര്‍ഡ്. രാഷ്ട്രീയ പ്രവേശനത്തോടെ സിനിമയില്‍ നിന്നും പടിയിറങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രം ജന നായകന് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഇപ്പോഴും റിലീസ് ചെയ്യാനാകാത്ത സാഹചര്യം സിനിമാ മേഖലയിലുണ്ട്.

സര്‍വ്വം മായ . Photo: screen grab/ Trailer

ഇതില്‍ നിന്നുമെല്ലാം വ്യത്യസ്തമായി സെന്‍സര്‍ ബോര്‍ഡില്‍ നിന്നും നേരിട്ട അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് മലയാളത്തിലെ ഹിറ്റ് ചിത്രം സര്‍വ്വം മായയുടെ സംവിധായകന്‍ അഖില്‍ സത്യന്‍. നിവിന്‍ പോളി നായകനായെത്തിയ ചിത്രത്തിന്റെ ബോക്‌സ് ഓഫീസിലെ വന്‍ വിജയത്തിന് ശേഷം അഖില്‍ സത്യന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെയായിരുന്നു അനുഭവം പങ്കുവെച്ചത്.

‘വളരെ സീരിയസ് ആയിട്ടുള്ള ആളാണ് ഓഫീസര്‍ എന്ന് കേട്ടപ്പോള്‍ വളരെ പേടിച്ചിട്ടാണ് സര്‍വ്വം മായയുടെ സെന്‍സറിങ്ങിന് പോയത്. ആദ്യം നമ്മള്‍ അവിടെ ചെല്ലുമ്പോള്‍ നമ്മുടെ ഫോണ്‍ അവര്‍ വാങ്ങിച്ച് വെക്കും. എന്നോട് ഫോണ്‍ വാങ്ങിച്ച ഓഫീസറുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു. അവര്‍ പടം ഫുള്‍ കണ്ടിട്ടാണ് എന്റെയടുത്തേക്ക് വന്നത്.

അത് കണ്ടപ്പോള്‍ തന്നെ എനിക്ക് ഒരു ധൈര്യം കിട്ടി. ഉള്ളില്‍ ചെന്നപ്പോള്‍ ആ ഓഫീസര്‍ സിനിമയിലെ ഓരോരുത്തരെക്കുറിച്ചും എന്നോട് പറയാന്‍ തുടങ്ങി. ഇതുപോലൊരു ചിത്രം അടുത്ത കാലത്തൊന്നും ഞാന്‍ കണ്ടിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മള്‍ പേടിച്ച് പോയ അവസ്ഥയെല്ലാം അതോടെ മാറി. അവിടുന്ന് ഇറങ്ങിയ ഉടന്‍ തന്നെ ഞാന്‍ നിവിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു,’ അഖില്‍ പറയുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ കാര്യത്തില്‍ മാത്രമല്ല സിനിമയുടെ ഷൂട്ടിന്റെ എല്ലാ ഘട്ടത്തിലും ഇത്തരത്തില്‍ ഒരു അനുഗ്രഹം തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്ന് അഖില്‍ പറഞ്ഞു. ചിത്രത്തിന്റെ എല്ലാ ഘട്ടത്തിലും ഒരു ശാന്തത ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വ്വം മായ . Photo: Jio Hotstar

ഒരിടവേളക്ക് ശേഷം നിവിന്‍ പോളി- അജു വര്‍ഗീസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം നൂറുകോടിയിലധികം രൂപ തിയേറ്ററില്‍ നിന്നും സ്വന്തമാക്കിയിരുന്നു. അഖില്‍ സത്യന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ചിത്രത്തില്‍ റിയ ഷിബു, മധു വാര്യര്‍, ജനാര്‍ദ്ദനന്‍, പ്രീതി മുകുന്ദന്‍, അല്‍ത്താഫ് സലീം തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. തിയേറ്ററിലെ മികച്ച വിജയത്തിന് ശേഷം സര്‍വ്വം മായ ജനുവരി 30 ന് ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്‌സ്റ്റാറില്‍
റിലീസ് ചെയ്യും.

Content Highlight: Sarvam Maya director Akhil Sathyan talks about the experience from censor board

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more