| Wednesday, 11th February 2026, 7:52 pm

വെറുമൊരു ആക്‌സിഡന്റല്ല, മായയുടേത് ദുരഭിമാനക്കൊലയാണെങ്കിലോ? വൈറലായി സര്‍വ്വം മായ ഡീക്കോഡിങ്

അമര്‍നാഥ് എം.

ഒ.ടി.ടിയിലെത്തിയ രണ്ടാഴ്ച പിന്നിടുമ്പോഴും സോഷ്യല്‍ മീഡിയയില്‍ സര്‍വ്വം മായയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് അവസാനമായിട്ടില്ല. വെറുമൊരു ഫീല്‍ ഗുഡ് ചിത്രമായി ഒരുക്കിയ സര്‍വ്വം മായയെക്കുറിച്ച് ഇത്രയും ചര്‍ച്ചകള്‍ ഉയരുമെന്ന് സംവിധായകന്‍ അഖില്‍ സത്യന്‍ പോലും കരുതിയിട്ടുണ്ടാകില്ല. അത്തരത്തില്‍ വ്യത്യസ്തമായ ഒരു ഡീക്കോഡിങ്ങാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ചിത്രത്തിന്റെ ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ റിയ ഷിബു അവതരിപ്പിച്ച മായ എന്ന കഥാപാത്രത്തിന് നേരിടേണ്ടിവന്ന ആക്‌സിഡന്റാണ് ചര്‍ച്ചയായിരിക്കുന്നത്. അതുവരെ സിനിമ കണ്ടുകൊണ്ടിരുന്നവരെ അപ്പാടെ ഞെട്ടിച്ച സീനായിരുന്നു ആ അപകടരംഗം. എന്നാല്‍ അത് വെറുമൊരു അപകടമല്ലെന്നും പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയ ദുരഭിമാനക്കൊലയായേക്കാമെന്നുമാണ് പുതിയ കണ്ടുപിടിത്തം.

തെന്നല്‍ കൃഷ്ണ എന്ന ഐ.ഡി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചക്ക് വഴിവെച്ചത്. വിനീത് അവതരിപ്പിച്ച വിനോദ് മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തിന്റെ ബോഡി ലാംഗ്വേജ് കാറില്‍ കയറുന്നിടത്ത് മുതല്‍ മറ്റൊരു തരത്തിലാണെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. മകള്‍ ഒരു ഹിന്ദു പയ്യനെ പ്രണയിച്ചതുകൊണ്ട് അയാള്‍ നടത്തിയ ദുരഭിമാനക്കൊലയാണോ ഇതെന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.

കൃത്യം നടക്കുമ്പോള്‍ ആ ഭാഗത്ത് ആരുമില്ലെന്ന് ഉറപ്പാക്കുകയും അനിയനെ ഒഴിവാക്കുകയും ചെയ്തത് അയാളിലെ ബ്രില്യന്‍സാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഇക്കാരണം കൊണ്ടാകും പ്രേതമായതിന് ശേഷം ഡെലൂലു സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് പോകാന്‍ മടിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിനെക്കാള്‍ രസകരമായ കമന്റുകളാണ് പലരും പങ്കുവെക്കുന്നത്. സര്‍വം മായയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്നും സേതുരാമയ്യര്‍ സി.ബി.ഐ മായയുടെ കേസ് അന്വേഷിക്കുമെന്നുമാണ് ഒരു കമന്റ്. മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തില്‍ ബിജു മേനോന്‍ കരയുന്നതുപോലെയാണ് ഈ സീനില്‍ മാത്യു കരഞ്ഞതെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു.

‘കാര്‍ റോങ് സൈഡില്‍ പാര്‍ക്ക് ചെയ്തതുപോലും ഈ പ്ലാനിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു’, ‘മാത്യുവല്ല, അയാളുടെ ഭാര്യയാകാനാണ് ചാന്‍സ്. പ്രേമത്തിന്റെ കാര്യം അമ്മയോട് പറയുമ്പോള്‍ തന്നെ അവര്‍ പേടിച്ചാണ് പറയുന്നത്’, ‘അവളുടെ അനിയനാണ് യഥാര്‍ത്ഥ കുറ്റവാളി. സ്വത്ത് മുഴുവന്‍ അടിച്ചുമാറ്റാനുള്ള മാസ്റ്റര്‍ പ്ലാന്‍. കുട്ടിയായതുകൊണ്ട് ആരും സംശയിച്ചില്ല’, എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

വിനീതിന്റെ കഥാപാത്രത്തെ സംശയിക്കാനുള്ള കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇതേ ഐ.ഡി മറ്റൊരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. അതിന് താഴെയും രസകരമായ കമന്റുകളാണ് വരുന്നത്. കമലദളത്തില്‍ മോഹന്‍ലാലിന് വിഷം കൊടുത്തു കൊന്നതും മഴവില്ലില്‍ കുഞ്ചാക്കോ ബോബനെ ചതിച്ച് കൊന്നതുമെല്ലാം കമന്റില്‍ ചിലര്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.

കുറച്ചുനാള്‍ മുമ്പ് മായയുടെ കാമുകന്‍ ആരാണെന്നായിരുന്നു പലരും ചര്‍ച്ച ചെയ്തത്. നിവിന്‍ പോളി മുതല്‍ ജനാര്‍ദനനെ വരെ മായയുടെ കാമുകനാക്കി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ചര്‍ച്ചയായി മാറി. ഇപ്പോഴിതാ അപകടമരണത്തെയും കൊലപാതമാക്കിക്കൊണ്ടുള്ള പോസ്റ്റുകളും വൈറലായിരിക്കുകയാണ്.

Content Highlight: Sarvam Maya decoding post viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more