കണ്ടിറങ്ങിയവരുടെ മനസ്സും ഹൃദയവും ഒരുപോലെ നിറച്ച ചിത്രമാണ് അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളിയും അജു വര്‍ഗീസും പ്രധാന വേഷത്തിലെത്തിയ സര്‍വ്വം മായ. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ബോക്‌സ് ഓഫീസിലേക്ക് മികച്ച തിരിച്ചുവരവ് നടത്താന്‍ നിവിന്‍ പോളിക്ക് സര്‍വ്വം മായയിലൂടെ കഴിഞ്ഞിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയ ചിത്രം 130 കോടിയും കടന്ന് മുന്നേറുകയാണ്.
ഫീല്‍ ഗുഡ് ഴോണറിലൊരുങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ദൃശ്യങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരുപാട് കാലത്തിന് ശേഷം പാലക്കാടന്‍ ഗ്രാമഭംഗിയും പഴമയും ഒപ്പിയെടുത്ത സര്‍വ്വം മായ, കണ്ടിറങ്ങിയവര്‍ക്ക് റിഫ്രെഷിങ്ങ് അനുഭവമായിരുന്നു.
ശരണ്‍ വേലായുധന്‍. Photo: Sharanvelayudhan.com
സര്‍വ്വം മായയില്‍ ക്യാമറ ചലിപ്പിച്ച അനുഭവം ഛായഗ്രഹന്‍ ശരണ്‍ വേലായുധന്‍ കഴിഞ്ഞ ദിവസം ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. അമ്പിളി, സൗദി വെള്ളക്ക, പാച്ചുവും അത്ഭുതവിളക്കും തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ശരണ്‍ ചിത്രത്തിലെ നിവിന്‍ പോളി-അജു വര്‍ഗീസ് കൂട്ടുകെട്ടിനെ കുറിച്ചും സംവിധായകന്‍ അഖില്‍ സത്യനെക്കുറിച്ചും സംസാരിക്കുന്ന ഭാഗമണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
‘സ്‌ക്രീനില്‍ കാണുന്ന അതേ വൈബ് തന്നെയാണ് നിവിനും അജുവും റിയല്‍ ലൈഫിലും. അതിഗംഭീര കെമിസ്ട്രിയാണ് ഇരുവരും തമ്മിലുള്ളത്. ഷോട്ടിന് മുമ്പ് ഇരുവരും തമ്മില്‍ ഡിസ്‌കഷനെല്ലാം ഉണ്ടാവും അതേ ട്യൂണിങ്ങ് തന്നെയാണ് സ്‌ക്രീനിലും. ഓഡിയന്‍സിന് ഇവരുടെ കോംബോ ഒരുപാട് ഇഷ്ടമാണ്, നിവിന്‍ ചേട്ടനെ ഒരുപാട് നാളുകള്‍ക്ക് ശേഷം ഇങ്ങനെയൊരു സ്‌പേസില്‍ കാണുമ്പോഴുള്ള സന്തോഷവും വേറെയായിരുന്നു.
ചിത്രത്തിലെ സെറ്റുകളെല്ലാം അഖിലിന്റെ വിഷനായിരുന്നു, ഗ്രാമം, കുളം, തറവാട് വീട് ഇതെല്ലാം വേണമെന്ന് വളരെ സ്‌പെസിഫിക്ക് ആയിരുന്നു. നിവിനും അജുവും പാടത്തിന് നടുവിലൂടെ നടന്നുവരുന്ന സീനുകളെല്ലാം പാലക്കാട്ടെ കൊല്ലങ്കോട് നിന്നാണ് ഷൂട്ട് ചെയ്തത്. ചിത്രത്തിലെ ഓരോ രംഗവും അത്രയും എന്‍ജോയ് ചെയ്താണ് ചിത്രീകരിച്ചിരുന്നത്,’ ശരണ്‍ പറയുന്നു.
Photo: screen grab/ sarvam maya/ trailer
സര്‍വ്വം മായയുടെ സെറ്റില്‍ സ്‌പോട്ട് എഡിറ്റിങ്ങ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും അദ്ദേഹം പറഞ്ഞു. അഖില്‍ സത്യന്റെ സെറ്റില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ എല്ലാവരും വളരെയധികം ഹാപ്പിയാണെന്നും എത്ര ലോഡുണ്ടെങ്കിലും ഒരിക്കലും സ്‌ട്രെസ്സ് അറിയില്ലെന്നും ശരണ്‍ കൂട്ടിച്ചേര്‍ത്തു.
പാച്ചുവും അത്ഭുതവിളക്കിനും ശേഷം അഖില്‍ സത്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ റിയ ഷിബു, ജനാര്‍ദ്ദനന്‍, മധു വാര്യര്‍, പ്രീതി മുകുന്ദന്‍, അല്‍ത്താഫ് സലീം, അരുണ്‍ അജികുമാര്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: Sarvam Maya cinematographer sharan talks about his experience while working for cinema