അഖിൽ സത്യന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ ചിത്രം ‘സർവ്വം മായ’ ഒ.ടി.ടി റിലീസിന് ശേഷം വീണ്ടും പ്രേക്ഷക ചർച്ചകൾക്ക് ഇടയായിരിക്കുകയാണ്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവായാണ് ആരാധകർ ഈ ചിത്രത്തെ വിലയിരുത്തുന്നത്. വർഷങ്ങൾക്ക് ശേഷം നിവിൻ–അജു വർഗീസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചതും, റിയ ഷിബു അവതരിപ്പിച്ച ഡെലൂലു/മായ എന്ന കഥാപാത്രവും സിനിമയെ കൂടുതൽ ശ്രദ്ധേയമാക്കി.
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം, ഒ.ടി.ടി റിലീസിന് പിന്നാലെ പ്രേക്ഷക ഹൃദയം കീഴടക്കുകയാണ്. ചിത്രത്തിലെ പല രംഗങ്ങളും സൂക്ഷ്മമായി ബന്ധിപ്പിച്ചുകൊണ്ട് കഥയ്ക്ക് മറ്റൊരർത്ഥം കണ്ടുപിടിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. അതിനൊപ്പം തന്നെ ഒരു പ്രധാന സംശയവും സോഷ്യൽ മീഡിയയിൽ ശക്തമായി ഉയർന്നു വരുന്നു, ഡെലൂലു സ്നേഹിച്ച വ്യക്തി പ്രഭേന്ദു തന്നെയാണോ? എന്നുള്ളത്.
സർവ്വം മായ, Photo: YouTube/ Screengrab
ചിത്രം അവസാനിക്കുന്നത് ചില സംശയങ്ങൾ തുറന്നുവച്ചുകൊണ്ടായതിനാൽ, പ്രേക്ഷകർ അവരവരുടെ അഭിപ്രായങ്ങളും സംശയങ്ങളും പങ്കുവെക്കുകയാണ്. മായ സ്നേഹിച്ചത് പ്രഭേന്ദുവിനെയാണെന്ന ചില വാദത്തെ പിന്തുണയ്ക്കുന്ന നിരവധി സാഹചര്യങ്ങൾ ചിത്രത്തിലുടനീളം കാണാമെന്നാണ് ആരാധകർ പറയുന്നത്.
പ്രഭേന്ദു സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത വ്യക്തിയാണെന്ന സൂചന ചിത്രത്തിലുണ്ട്. അതിന് കാരണം മായയുമായുള്ള ബന്ധമാണോ എന്ന സംശയവും ഉയരുന്നു. മായ, സോഷ്യൽ മീഡിയ വഴിയാണ് തനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയെ പരിചയപ്പെട്ടതെന്ന് മാതാപിതാക്കളോട് പറഞ്ഞതും, മായയും പ്രഭേന്ദുവും ഗിറ്റാറിസ്റ്റുകളാണെന്ന വിവരവും ഈ വാദത്തിന് ബലം നൽകുന്നു. നിവിൻ അവതരിപ്പിച്ച പ്രഭേന്ദു പ്രോഗ്രാമുകൾക്കായി ബെംഗളൂരുവിൽ പോകുന്ന സമയത്ത് അവിടെയായിരിക്കുമോ മായ ആദ്യമായി പ്രഭയെ കണ്ടതെന്നും, പിന്നീട് സോഷ്യൽ മീഡിയ വഴി അടുത്തറിയുകയായിരുന്നുവെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.
നിവിൻ പോളി, അജു വർഗീസ്, Photo: Aju Varghese/ Facebook
ഇതിനൊപ്പം, മായ തന്റെ യഥാർത്ഥ ഐഡന്റിറ്റി ആയിരിക്കില്ല ഉപയോഗിച്ചത് എന്ന സംശയവും ഉയരുന്നുണ്ട്. ഡെലൂലു എങ്ങനെ അവിനാശ് എന്ന കുട്ടിയോടൊപ്പം കൂടുതൽ സമയം ചെലവഴിച്ചുവെന്നതും ചർച്ചയാകുന്നു. ആദ്യം ഗിറ്റാറിസ്റ്റ് എന്ന സാമ്യമാണ് കാരണം എന്ന് തോന്നിച്ചെങ്കിലും, ആത്മാവ് ശരീരത്തിൽ നിന്ന് വേർപെട്ട ശേഷം കണ്ട ആദ്യ വ്യക്തി സ്കൂൾ ലീഡർ ആയിരുന്ന അവിനാശ് ആയതുകൊണ്ടാകാമെന്നാണ് ഒരു വിഭാഗം ആരാധകരുടെ വിലയിരുത്തൽ. അതുപോലെ തന്നെ, മായയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി പ്രഭ ആയതിനാൽ അവൾ അവനരികിൽ എത്തിയതായിരിക്കാമെന്ന ചിന്തയും ഉയരുന്നു.
സർവ്വം മായ, Photo: IMDb
ബാധ ഒഴിപ്പിക്കുന്നതിനിടെ പ്രഭയെ കണ്ടപ്പോൾ മായക്ക് ഉണ്ടാകുന്ന ഒരു അപരിചിതമായ അടുപ്പവും, താൻ ആരാണെന്ന് അറിയാതെ തന്നെ പ്രഭയോട് അവൾക്ക് തോന്നുന്ന കണക്ഷനും പ്രേക്ഷകർ ശ്രദ്ധിക്കുന്നു. ‘ഒരു പെൺകുട്ടി ഇഷ്ടമാണെങ്കിൽ പോസിറ്റീവ് സിഗ്നൽ കാണിക്കുമ്പോൾ ഇങ്ങനെ ജാഡ ഇളക്കി നടക്കരുത്’ എന്ന് ഡെലൂലു പ്രഭയോട് പറയുന്ന സംഭാഷണവും, സാദ്യ എന്ന കഥാപാത്രത്തോട് കൂടുതൽ അടുക്കാൻ അവൾ പ്രഭയെ പ്രേരിപ്പിക്കുന്നതും ഡെലൂലുവിന് പ്രഭയോടുള്ള സ്നേഹം മറക്കാൻ വേണ്ടിയാകാം എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
അവസാനം, ഡെലൂലു താൻ മായയാണെന്ന് തിരിച്ചറിയുന്ന നിമിഷത്തിന് മുമ്പ് തന്നെ അവൾക്ക് പ്രഭയോടുള്ള ഇഷ്ടം അവൾ തിരിച്ചറിഞ്ഞിരുന്നു എന്നതാണ് ആരാധകരുടെ നിഗമനം. താൻ ആരാണെന്ന് പ്രഭയോട് വെളിപ്പെടുത്തി മായ അപ്രത്യക്ഷയാകുന്നു. പിന്നീട് പ്രഭ വല്യച്ഛനോട് കാര്യങ്ങൾ പറയുമ്പോൾ പഴയ ചാറ്റുകളെക്കുറിച്ചും പറഞ്ഞിട്ടുണ്ടാകാമെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് വല്യച്ഛൻ മായയുടെ മാതാപിതാക്കളെ കാണാൻ പ്രഭയോട് പോകാൻ പറയുന്നതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. മായ സ്നേഹിച്ചത് പ്രഭേന്ദുവിനെയാണെന്ന സത്യം അവർക്കറിയിക്കാനുള്ള ശ്രമമായിരുന്നു അതെന്നും, പ്രഭയെ നേരിട്ട് കാണിച്ചു കൊടുക്കാൻ സാധിക്കാത്തതിന്റെ വേദനയാണ് മായയ്ക്ക് മോക്ഷം ലഭിക്കാതെ പോയതെന്നും ചിലർ വിശ്വസിക്കുന്നു.
ഇങ്ങനെ ചിത്രത്തിലെ നിരവധി സാഹചര്യങ്ങൾ പരസ്പരം ബന്ധിപ്പിച്ചാണ് ഡെലൂലു സ്നേഹിച്ച ആ വ്യക്തി പ്രഭേന്ദു തന്നെയാണെന്ന് ഒരു വലിയ വിഭാഗം പ്രേക്ഷകർ ഉറപ്പിക്കുന്നത്. അവസാനം, ‘വിസ്മയത്തുമ്പത്ത്’ പോലെ, ഡെലൂലു ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയെന്നും പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നു.
Content Highlight: ‘Sarvam Maya’ became a topic of discussion after its OTT release