| Monday, 2nd February 2026, 12:14 pm

നിവിന്റെ ഗിറ്റാർ വായനയും വി.എഫ്.എക്സും ബോറായി; ആ സീനിന്റെ ആവശ്യമില്ലായിരുന്നു: ഒ.ടി.ടി റിലീസിന് ശേഷം ചർച്ചയായി സർവ്വം മായ

നന്ദന എം.സി

അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ സർവ്വം മായ ഒ.ടി.ടി റിലീസിന് പിന്നാലെ വീണ്ടും പ്രേക്ഷക ചർച്ചകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. തിയേറ്റർ റിലീസിന് ശേഷം മികച്ച പ്രതികരണം നേടിയ ചിത്രം, ഒ.ടി.ടി പ്ലാറ്റ്ഫോമിലെത്തിയതോടെ സൂക്ഷ്മമായ നിരീക്ഷണത്തിനും ചർച്ചകൾക്കും ഇടയാവുകയാണ്.

ചിത്രത്തിലെ നിവിൻ–അജു കോംബോയും, ഡെലൂലു എന്ന യക്ഷി കഥാപാത്രമായി എത്തിയ റിയ ഷിബുവിന്റെ പ്രകടനവും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

സർവ്വം മായ, Photo: IMDb

വർഷങ്ങൾക്ക് ശേഷം നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവെന്ന നിലയിലും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, സിനിമയിലെ ചില രംഗങ്ങൾ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ലെന്ന അഭിപ്രായമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ചിത്രത്തിൽ നിരീശ്വരവാദിയായ പ്രഭ എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. മാനസികമായി തളർന്നിരിക്കുന്ന പ്രഭയുടെ ജീവിതത്തിലേക്ക് ഡെലൂലു എന്ന യക്ഷിയുടെ പ്രവേശനവും, അതിലൂടെ അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് കഥയുടെ ആധാരം. ചെറുപ്പം മുതൽ വലിയൊരു ഗിറ്റാറിസ്റ്റ് ആകണമെന്ന സ്വപ്നം ഉണ്ടെങ്കിലും അതിൽ തന്റെ കഴിവ് തെളിയിക്കാൻ കഴിയാതെ പോയ പ്രഭ, ഡെലൂലുവിന്റെ സാന്നിധ്യത്തിലൂടെയാണ് ആ സ്വപ്നത്തിലേക്ക് വീണ്ടും എത്തുന്നത്.

എന്നാൽ ചിത്രത്തിന്റെ അവസാനത്തെ സ്റ്റേജ് സീൻ പ്രേക്ഷകർക്ക് അത്രയൊന്നും പിടിച്ചില്ലെന്നാണ് പൊതുവായ അഭിപ്രായം. പ്രഭ വലിയൊരു കോൺസെർട്ടിൽ ഗിറ്റാറിസ്റ്റായി നിൽക്കുന്ന രംഗത്തിലെ വി.എഫ്.എക്സും കോസ്റ്റ്യൂമും വളരെ മോശമായിരുന്നുവെന്നും, ആ സീനിന് യാതൊരു കഥാപരമായ ആവശ്യകതയുമില്ലായിരുന്നുവെന്നും പ്രേക്ഷകർ പറയുന്നു.

സർവ്വം മായ, Photo: YouTube/ Screen grab

പലരും അഭിപ്രായപ്പെടുന്നത്, ചിത്രത്തിന്റെ ആദ്യത്തെ സീൻ തന്നെയായിരുന്നു സർവ്വം മായയ്ക്ക് ഏറ്റവും പറ്റിയ എൻഡിങ് പോയിന്റ് എന്നതാണ്. ഡെലൂലുവിന്റെ ആഗ്രഹപ്രകാരം അവളുടെ വീട്ടിലെത്തി പ്രഭയെ തന്റെ കാമുകനായി അവതരിപ്പിക്കുന്ന രംഗവും, തുടർന്ന് ലാവെൻഡർ പൂക്കൾ, സോഫ്റ്റ് മ്യൂസിക്, കാറ്റ് എന്നിവ ചേർന്ന് ഒരുക്കിയ ആ മനോഹര മുഹൂർത്തത്തിലൂടെയും സിനിമ അവസാനിപ്പിച്ചാൽ മതിയായിരുന്നു എന്നാണ് പ്രേക്ഷക അഭിപ്രായം. ഡെലൂലുവിന്റെ സാന്നിധ്യം കാറ്റിലൂടെ പ്രഭ അനുഭവിക്കുന്നതോടെ ടൈറ്റിലിലേക്ക് കടന്നാൽ കൂടുതൽ ഇമ്പാക്റ്റ് ഉണ്ടാകുമായിരുന്നു എന്നും ചിലർ അഭിപ്രായപ്പെടുന്നു.

അതേസമയം, തുടർന്ന് വരുന്ന സ്റ്റേജ് സീനിലെ ഇന്ട്രോയും വി.എഫ്.എക്സും നിവിൻ പോളിയുടെ കോസ്റ്റ്യൂമും ഗിറ്റാർ പിടിച്ച സ്റ്റൈലും ‘വളരെ ബോറായി’ തോന്നിയെന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ. ആ ഗിറ്റാർ പിടിക്കവാ രീതി ഒരു എക്സ്പീരിയൻസ് ഉള്ള വ്യക്തി ഗിറ്റാർ പിടിക്കുന്ന പോലെ തോന്നിയില്ല എന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയരുന്നു.

എന്തായാലും പ്രഭ ഒരു ദിവസം വലിയ ഗിറ്റാറിസ്റ്റ് ആകുമെന്ന കാര്യം വ്യക്തമാണ്, പക്ഷേ അത് തെളിയിക്കാൻ അത്തരമൊരു സീൻ വേണ്ടിയിരുന്നില്ല എന്നതാണ് ഇപ്പോൾ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Content Highlight: Sarvam Maya became a topic of discussion after its OTT release

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more