| Friday, 7th November 2025, 10:03 am

ആസിഫിന്റെ 'സര്‍ക്കീട്ട് ഇനി ഗോവ ചലച്ചിത്രമേളയില്‍ കാണാം: ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്ത സര്‍ക്കീട്ട് 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞടുക്കപ്പെട്ടത്. 25 ഇന്ത്യന്‍ സിനിമകളില്‍ ഒന്നായാണ് സര്‍ക്കീട്ട് തെരഞ്ഞെടുക്കപ്പെട്ടത്.

താമര്‍ കെ. വി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രത്തില്‍ ആസിഫ് അലിക്ക് പുറമെ ഓര്‍ഹാന്‍ ഹൈദര്‍, ദിവ്യ പ്രഭ, ദീപക് പറമ്പോല്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. ഏറെ നീരുപക പ്രശംസ നേടിയ ചിത്രം തിയേറ്ററില്‍ വേണ്ടത്ര വിജയിച്ചിരുന്നില്ല.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് സിനിമ നിര്‍മിച്ചത്. പൂര്‍ണമായും ഗള്‍ഫ് രാജ്യങ്ങളിലാണ് സര്‍ക്കീട്ട് ചിത്രീകരിച്ചത്. എഡി.എച്ച്.ഡി അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസ്ഓര്‍ഡര്‍ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന എഴ് വയസുകാരനായ ജെപ്പുവും ആമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം. ആസിഫ് അലിയാണ് ആമീര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

അയാസ് ഹസന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ഗോവന്ദ് വസന്തയാണ്. സംഗീത പ്രതാപാണ് സിനിമയുടെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് 56 മത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ ഗോവയില്‍ നടക്കുക. തുടരും, എ.ആര്‍.എം തുടങ്ങിയ മലയാള ചിത്രങ്ങളും ഗോവാ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Content highlight: Sarkeet has been selected for the 56th International Film Festival of India

We use cookies to give you the best possible experience. Learn more