ടെസ്റ്റ് ടീമിലേക്ക് തന്നെ പരിഗണിക്കാത്തതിനെക്കുറിച്ച് സംസാരിച്ച് ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്‍. ഓരോ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ എന്തിന് കഠിനാധ്വാനം ചെയ്യുന്നുവെന്ന ചോദ്യം സ്വയം ചോദിക്കുമെന്ന് സര്‍ഫറാസ് ഖാന്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി സര്‍ഫറാസ് ഖാന്‍ അവസാനം കളിച്ചത് 2024ലെ ന്യൂസിലാന്‍ഡ് സിരീസിലാണ്. ആഭ്യന്തരക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യയ്ക്കുവേണ്ടി ബാറ്റുവീശാന്‍ സാധിക്കാത്തതിന്റെ നിരാശ താരം പങ്കുവെച്ചു. റെയില്‍വേസിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിവസത്തിന് ശേഷം സംസാരിക്കുകയായിരുന്നു താരം.
ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് നേടിയ ശേഷവും പെട്ടെന്ന് പ്രയാസമുള്ള പിച്ചില്‍ തിളങ്ങാന്‍ കഴിയാതെ വരാം. ഞാന്‍ വിദേശത്ത് റണ്‍സ് നേടിയിട്ടില്ല എന്നല്ല, അവിടെയും നേടിയിട്ടുണ്ട്. സാരമില്ല. ഇത് അവരുടെ കാഴ്ചപ്പാടാണ്. എന്റെ ജോലി ക്രിക്കറ്റ് കളിക്കുകയാണ്. ഞാന്‍ കളിക്കും,’ സര്‍ഫറാസ് പറഞ്ഞു.
ഇന്ത്യയ്ക്ക് പുറത്ത് ഇന്ത്യ എയ്ക്കായി ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ സര്‍ഫറാസ് കളിച്ചിട്ടുണ്ട്. മൂന്ന് അര്‍ധസെഞ്ചുറികളോടെ 50 ശരാശരിയില്‍ 300 റണ്‍സ് നേടി. 2021ല്‍ ദക്ഷിണാഫ്രിക്കയില്‍ രണ്ടും, 2022ല്‍ ബംഗ്ലാദേശില്‍ രണ്ടും, 2023ല്‍ ദക്ഷിണാഫ്രിക്കയില്‍ രണ്ടും, 2025 മേയില്‍ ഇംഗ്ലണ്ടില്‍ ഒരു മത്സരവുമാണ് കളിച്ചത്.
ന്യൂസിലാന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പുള്ള ഷാഡോ ടൂറിലെ മൂന്ന് ഫോര്‍ ഡേ മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമില്‍ സര്‍ഫറാസിന് ഇടം ലഭിച്ചില്ല. ടീമിലേക്ക് വിളി പ്രതീക്ഷിച്ചിരുന്നെന്നും ഓരോ തവണ ടീം പുറത്തുവരുമ്പോഴും പ്രതീക്ഷയുണ്ടെന്നും താരം പറഞ്ഞു.
‘ഒരു ടീം പ്രഖ്യാപിക്കുമ്പോഴെല്ലാം എനിക്ക് പ്രതീക്ഷയുണ്ട്. പക്ഷേ സാരമില്ല. എന്നെ തിരഞ്ഞെടുക്കണോ വേണ്ടയോ എന്നത് അവരുടെ (സെലക്ടര്‍മാരുടെ) കൈയിലാണ്. എന്റെ ജോലി ക്രിക്കറ്റ് കളിക്കുകയാണ്,’ താരം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ കൂടുതല്‍ ചിന്തിക്കാറില്ല. എന്തിന് കൂടുതല്‍ കഠിനാധ്വാനം ചെയ്യണം എന്ന് എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്. ഞാന്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്, എങ്കിലും രാവിലെ അഞ്ചിന് എഴുന്നേറ്റ് പരിശീലനത്തിന് പോകുന്നു.
സാധാരണ കഠിനാധ്വാനം കൊണ്ട് തന്നെ എനിക്ക് രഞ്ജി ട്രോഫി കളിക്കാം. ഇപ്പോഴും 30, 40, 50, 100 റണ്‍സ് നേടുന്നുണ്ട്. അതുകൊണ്ട് ചിലപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ മനസ്സില്‍ വരും. പക്ഷേ സാരമില്ല. അച്ഛന്‍ കഠിനാധ്വാനം ചെയ്ത് വിയര്‍ക്കുന്നത് കാണുമ്പോള്‍, ഞാന്‍ പോയി അദ്ദേഹത്തിനായി റണ്‍സ് നേടും. എല്ലാ ദിവസവും രാവിലെ എഴുന്നേല്‍ക്കാന്‍ അത് പ്രചോദനമാകുന്നു,’ സര്‍ഫറാസ് പറഞ്ഞു.
2024ല്‍ ടീമില്‍ നിന്ന് പുറത്തായ ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തില്‍, കഴിഞ്ഞ വര്‍ഷം കര്‍ശനമായ വ്യായാമഭക്ഷണ ക്രമത്തിലൂടെ 97 കിലോയില്‍ നിന്ന് ഇപ്പോഴത്തെ 77 കിലോയിലേക്ക് 20 കിലോ ഭാരം സര്‍ഫറാസ് കുറച്ചു. കഴിഞ്ഞ വര്‍ഷം വൈറലായ ഈ മാറ്റത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമോ മുംബൈ ടീം മാനേജ്‌മെന്റോ ആരും അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
‘അവര്‍ വീണ്ടും വിളിക്കും, ഞാന്‍ പോയി കളിക്കും. ഇല്ലെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളി തുടരും,’ സര്‍ഫറാസ് പറഞ്ഞു.
Content Highlight: Sarfaraz Khan on India omission: I ask myself same question everyday, ‘Why should I work harder’.