| Monday, 28th September 2026, 10:04 pm

ദേ തിയേറ്ററീന്ന് പോയി, ദാ ഒ.ടി.ടിയില്‍ വന്നു... 21 ദിവസം കൊണ്ട് ഒ.ടി.ടി റിലീസിനൊരുങ്ങി സര്‍ദാര്‍ 2

അമര്‍നാഥ് എം.

തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് സര്‍ദാര്‍ 2. കാര്‍ത്തിയെ നായകനാക്കി പി.എസ് മിത്രന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. 2023ല്‍ തിയേറ്ററുകളിലെത്തിയ സര്‍ദാറിന് മൂന്ന് വര്‍ഷത്തിനിപ്പുറം ഒരുങ്ങിയ സീക്വല്‍ പ്രേക്ഷകര്‍ കൈയൊഴിയുകയായിരുന്നു.

120 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം 21 കോടിയാണ് ആകെ നേടിയത്. കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി സര്‍ദാര്‍ 2 മാറിക്കഴിഞ്ഞു. തുടര്‍ച്ചയായ മൂന്നാമത്തെ ഫ്‌ളോപ്പാണ് സര്‍ദാര്‍ 2ലൂടെ കാര്‍ത്തിക്ക് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒക്ടോബര്‍ ഒന്നിന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചത്. റിലീസ് ചെയ്ത് 21ാം ദിവസമാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്. സമീപകാലത്ത് ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ഏറ്റവും വേഗത്തിലുള്ള ഒ.ടി.ടി റിലീസ് കൂടിയാണ് സര്‍ദാര്‍ 2ന്റേത്. മിനിമം എട്ട് ആഴ്ചയെങ്കിലും ഒ.ടി.ടി റിലീസിന് വേണമെന്ന് തിയേറ്ററുടമകള്‍ ആവശ്യപ്പെടുന്ന സമയത്താണ് ‘ദേ പോയി, ദാ വന്നു’ എന്ന് പറഞ്ഞ രീതിയില്‍ സര്‍ദാര്‍ 2ന്റെ ഒ.ടി.ടി റിലീസ്.

കാര്‍ത്തിയുടെ മുന്‍ ചിത്രമായ വാ വാത്തിയാറിന്റെ ഒ.ടി.ടി റിലീസും ഇതുപോലെ വേഗത്തിലായിരുന്നു. ഈ വര്‍ഷം ജനുവരി 14ന് തിയേറ്ററുകളിലെത്തിയ ചിത്രം ജനുവരി 28ന് ഒ.ടി.ടിയിലെത്തിയിരുന്നു. സര്‍ദാര്‍ 2 പോലെ ബജറ്റ് തിരിച്ചുപിടിക്കാനാകാതെ പരാജയപ്പെട്ട ചിത്രമായിരുന്നു വാ വാത്തിയാര്‍. നളന്‍ കുമാരസ്വാമി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരെ പാടെ നിരാശപ്പെടുത്തി.

ഒരുകാലത്ത് ഗംഭീര സ്‌ക്രിപ്റ്റ് സെലക്ഷനുമായി തമിഴകത്തെ ഞെട്ടിച്ച നടനായിരുന്നു കാര്‍ത്തി. സഹോദരന്‍ സൂര്യ ബാക്ക് ടു ബാക്ക് ഫ്‌ളോപ്പുകളുമായി കഷ്ടപ്പെട്ടപ്പോള്‍ കാര്‍ത്തി ഗംഭീര സിനിമകളുമായി കളംനിറയുകയായിരുന്നു. ഒരു സംവിധായകനൊപ്പം വീണ്ടും കൈകോര്‍ക്കാതെയായിരുന്നു 24 സിനിമകള്‍ താരം ചെയ്തത്.

എന്നാല്‍ പൊന്നിയിന്‍ സെല്‍വന്‍ ആ റെക്കോഡ് തകര്‍ത്തു. പിന്നീടാണ് കാര്‍ത്തിയുടെ കരിയറിലെ ഡൗണ്‍ഫാള്‍ ആരംഭിച്ചത്. പ്രേം കുമാര്‍ സംവിധാനം ചെയ്ത മെയ്യഴഗന്‍ മാത്രമായിരുന്നു സമീപകാലത്ത് കാര്‍ത്തിയുടെ കൊള്ളാവുന്ന ഒരു ചിത്രം. താരത്തിന്റെ തിരിച്ചുവരവിന് ഇന് കൈതി 2 തന്നെ വരണമെന്നാണ് സിനിമാപേജുകളുടെ പ്രവചനം. പഴയതിനെക്കാള്‍ ശക്തമായി താരം തിരിച്ചുവരുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Sardar 2 OTT release date announced

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more