| Tuesday, 15th September 2026, 10:43 am

ജസ്റ്റിന്‍ തമിഴനാണെന്നോ അല്ലെങ്കില്‍ അങ്കമാലി പണ്ട് തമിഴ്‌നാടിന്റെ ഭാഗമാണെന്നോ പറഞ്ഞിരുന്നെങ്കില്‍ 500 കോടി കിട്ടിയേനെ; വൈറലായി ബെത്‌ലഹേമിനുള്ള 'ടിപ്പുകള്‍'

അമര്‍നാഥ് എം.

മോളിവുഡിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ് നിവിന്‍ പോളി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് ഓണം റിലീസായെത്തിയ ബെത്‌ലഹേം ബോക്‌സ് ഓഫീസില്‍ നിന്ന് 300 കോടിക്ക് മുകളിലാണ് സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് മാത്രം 130 കോടിക്കടുത്തും ചിത്രം സ്വന്തമാക്കി.

ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസിന്റെ മുന്‍ ചിത്രം പ്രേമലുവും ആന്ധ്രയില്‍ ഗംഭീര വിജയമായിരുന്നു. കേരളത്തിലും ആന്ധ്രയിലും തകര്‍ത്തോടുമ്പോള്‍ തമിഴ്‌നാട്ടില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റിന് അത്ര നല്ല സ്വീകരണം ലഭിക്കുന്നില്ല. ചിത്രം തമിഴ്‌നാട്ടില്‍ ഹിറ്റാക്കാനുള്ള ചില ടിപ്പുകള്‍ വിവരിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ ഹിറ്റായത് കഥ നടക്കുന്നത് കൊടൈക്കനാലിലായതുകൊണ്ടും ക്ലൈമാക്‌സിലെ ഇളയരാജയുടെ പാട്ട് കാരണമാണെന്നും പോസ്റ്റില്‍ പറയുന്നു. ബെത്‌ലഹേമിലും അത്തരമൊരു കാര്യം കൊണ്ടുവന്നിരുന്നെങ്കില്‍ നന്നായേനെ എന്നും പോസ്റ്റിലുണ്ട്. അനൂപ് ജോസ് എന്ന ഐ.ഡി പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.

ജസ്റ്റിനും കുടുംബവും വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ നിന്ന് വന്ന് അങ്കമാലിയില്‍ താമസമാക്കിയവരാണെന്നോ അല്ലെങ്കില്‍ അങ്കമാലി പണ്ട് തമിഴ്‌നാടിന്റെ ഭാഗമായിരുന്നെന്നോ പറഞ്ഞിരുന്നെങ്കില്‍ നന്നായേനെയെന്നും അനൂപിന്റെ പോസ്റ്റില്‍ പറയുന്നു. ‘തമിഴ് പയ്യന്‍- കേരള പൊണ്ണ്, സെമ കോമ്പോ’ എന്ന് പറഞ്ഞ് തമിഴ് ഓഡിയന്‍സ് ബെത്‌ലഹേമിനെ തമിഴ്‌നാട്ടില്‍ ഇന്‍ഡസ്ട്രി ഹിറ്റാക്കിയേനെയെന്നും പരിഹാസമുണ്ട്.

‘യവനകഥയില്‍’ എന്ന പാട്ടിന് പകരം ഇളയരാജയുടെ ഏതെങ്കിലും അണ്ടര്‍റേറ്റഡ് പാട്ട് വെച്ചിരുന്നെങ്കില്‍ കുറച്ചുകൂടി ഹിറ്റായേനെയെന്നും പോസ്റ്റില്‍ പറയുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ കളക്ഷന്റെ പകുതി ഇളയരാജ റൈറ്റ്‌സായി ചോദിച്ചേനെയെന്നും കമന്റുകളുണ്ട്. തമിഴ് പ്രേക്ഷകര്‍ക്ക് അവരുടെ സിനിമയാണ് എല്ലാ കാലത്തും പ്രധാനമെന്നും മലയാളത്തിന് വലിയ പ്രാധാന്യം കൊടുക്കാറില്ലെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നു.

സമീപകാലത്ത് ഇന്‍സ്റ്റഗ്രാമില്‍ വലിയ ചര്‍ച്ചയായ ‘ക്ലെയിംനാട്’ പോസ്റ്റുകളെ ഉദ്ദേശിച്ചാണ് അനൂപിന്റെ പോസ്റ്റ്. മലയാളത്തില്‍ നല്ലത് എന്ത് കണ്ടാലും അതെല്ലാം തമിഴ്‌നാടിന്റെയാണെന്ന് വാദിക്കുന്ന ഇത്തരം ‘ക്ലെയിമിങ്’ പോസ്റ്റുകള്‍ വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. അത്തരം പോസ്റ്റുകളെ സര്‍ക്കാസ്റ്റിക്കായി സമീപിച്ച അനൂപിന്റെ പോസ്റ്റിന് വലിയ റീച്ചാണ് ലഭിക്കുന്നത്.

Content Highlight: Sarcastic post about Bethlehem Kudumba Unit viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more