തനിക്കൊരു ക്യാരക്ടര്‍ വേഷം തന്ന് കൊമേഴ്ഷ്യല്‍ സിനിമയില്‍ പരിചയപ്പെടുത്തുന്നത് ഡൊമിനിക് അരുണാണെന്ന് നടന്‍ ശരത് സഭ. ഡൊമിനിക്കിന്റെ ആദ്യ ചിത്രമായ തരംഗത്തിലൂടെയാണ് ശരത് തന്റെ കരിയര്‍ ആരംഭിച്ചത്. ഡൊമിനിക്ക് അരുണിനെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
‘എന്നെ ആദ്യമായി സിനിമയില്‍ പരിചയപ്പെടുത്തുന്നത് ഡൊമിനക്കാണ്. എട്ടു വര്‍ഷങ്ങള്‍ക്കുശേഷം അതേ സംവിധായകന്‍ രണ്ടാമത്തെ സിനിമയുമായി എത്തുമ്പോള്‍ (ലോക) അതുവരെ ഞാന്‍ ചെയ്തുവന്ന ഹ്യൂമര്‍ വേഷങ്ങളെയും അടുത്ത വീട്ടിലെ ചെറുപ്പക്കാരന്‍ എന്ന് തോന്നിപ്പിക്കുന്ന വേഷങ്ങളെയും ബ്രേക്ക് ചെയ്യുന്ന വേഷമാണ് സുന്ദര്‍.
അജിത്ത് മാമ്പുള്ളി സംവിധാനം ചെയ്ത കൊണ്ടല്‍ എന്ന ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള വേഷം ചെയ്തിട്ടുണ്ടെങ്കിലും അത് പ്രേക്ഷകരിലേക്ക് എത്തിയില്ല. ലോകയിലൂടെയാണ് അത് കൂടുതല്‍ പേരിലേക്ക് എത്തുന്നത്,’ ശരത് സഭ പറയുന്നു.
ലോക നേടിയ റെക്കോര്‍ഡുകളും കിട്ടുന്ന സ്വീകാര്യതയുമെല്ലാം തനിക്ക് കൂടി സന്തോഷം നല്‍കുന്ന ഒന്നാണെന്നും തനിക്കാദ്യമായി ക്യാരക്ടര്‍ റോള്‍ നല്‍കുന്നതും ഇപ്പോള്‍ ചെയ്തുവന്ന ഷെയ്ഡ് പൊളിച്ചെഴുതിയതും ഡൊമിനിക്കാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
ഡൊമിനിക് അരുണ്‍ എന്ന സംവിധായകനെക്കുറിച്ച് ഓര്‍ക്കുമ്പോഴും താന്‍ ചെയ്ത കഥാപാത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴും സന്തോഷവും അഭിമാനവുമുണ്ടെന്നും ശരത് പറഞ്ഞു. ലോകയിലെ കന്നഡ വില്ലനായി ശരത് കൈയടി നേടിയിരുന്നു. താന്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് ലോകയില്‍ ചെയ്തിരുന്നതെന്നും നടന്‍ പറഞ്ഞിരുന്നു.
തരംഗത്തിലൂടെ സിനിമയിലെത്തിയ ശരത് ജാനേ എ മന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. അതേ സമയം ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര കോടികള്‍ സ്വന്തമാക്കി പല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തു.
Content highlight: Sarath Sabha says that Dominic Arun is introduced him to commercial films by giving him a character role