മാലിക്, കണ്ണൂര്‍ സ്‌ക്വാഡ്, ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് യുവനടന്‍ ശരത് സഭ. ഈയടുത്തിറങ്ങിയ നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സിലും താരം ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
2011 ല്‍ പുറത്തിറങ്ങിയ സീനിയേഴ്സ് എന്ന ചിത്രത്തില്‍ താന്‍ ചെയ്ത വേഷത്തെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘സീനിയേഴ്സ് സിനിമയിലെ തുടക്കത്തിലെ എല്ലാവരെയും പേടിപ്പെടുത്തിയ ഡ്രാമ സീനില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. നമ്മളെ വിളിക്കുന്ന സമയത്ത് തന്നെ അവര്‍ പറഞ്ഞിരുന്നു അഭിനയിക്കുന്നത് നിങ്ങളാണെന്ന് തിരച്ചറിയാന്‍ പറ്റുന്ന വേഷമല്ലെന്നും, മാസ്‌ക് വച്ചിട്ടുള്ള പരിപാടിയാണ് നിങ്ങളുടെ മുഖമൊന്നും ആരും കാണില്ല.
പക്ഷേ അന്നത്തെ അവസ്ഥയില്‍ ഇത്തരത്തിലുള്ള ഓഫറുകളെല്ലാം എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. ഒരു തുടക്കകാരനെന്ന നിലയില്‍ ഒരു സിനിമയുടെ സെറ്റില്‍ പോകുക ക്യാമറയുടെ മുന്‍പില്‍ നില്ക്കുക എന്നതെല്ലാം തന്നെ വലിയൊരു ഭാഗ്യമായിരുന്നു. അവിടെ മുഖം കണ്ടാലെന്താ കണ്ടില്ലെങ്കിലെന്താ നമുക്ക് ചെയ്യാന്‍ പറ്റുന്നുവെന്നുള്ള സന്തോഷമായിരുന്നു,’ ശരത് സഭ പറഞ്ഞു.
‘സിനിമ റിലീസായതിനു ശേഷം സിനിമയിലെ ഈ രംഗങ്ങളും ഇതിന്റെ തീം മ്യൂസിക്കും വലിയ രീതിയില്‍ വൈറലായി. നമ്മള്‍ പോകുന്നിടത്തെല്ലാം ഈ മ്യൂസിക് കേള്‍ക്കാം. പക്ഷേ ഈ രംഗത്തില്‍ താന്‍ അഭിനയിച്ചിട്ടിണ്ട് എന്ന് ആരോടും പറയാന്‍ പറ്റാതിരുന്നത് സങ്കടമുള്ള കാര്യമായിരുന്നു. പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല, കാരണം നമ്മളാണെന്ന് തെളിയിക്കുന്ന ഒന്നും ചൂണ്ടിക്കാണിക്കാന്‍ പറ്റില്ലായിരുന്നു,’ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുത്തില്‍ താരം പറയുന്നു.
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത തരംഗം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശരത്, ബേസില്‍ ജോസഫ് നായകനായ ജാന്‍ എ മന്‍ എന്ന ചിത്രത്തിലെ കണ്ണന്‍ എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികള്‍ക്കിടയില്‍ സുപരിചിതനാവുന്നത്. ‘സജിയേട്ട ഇവിടെ സേഫല്ല’ എന്ന് സിനിമയില്‍ ശരത് പറയുന്ന ഡയലോഗ് വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
Content Highlight: Sarath Sabha saying he was a part of Seniors movie