| Wednesday, 11th February 2026, 4:00 pm

ഡയലോഗ് പലയാവര്‍ത്തി വായിച്ച് പഠിച്ചു; അദ്ദേഹത്തിന്റെ പിന്തുണയില്ലാതെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല: ശരത് സഭ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത തരംഗം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടനാണ് ശരത് സഭ. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും ജാനേ എ മന്‍ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയനായത്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഐഡന്റിറ്റി കൊണ്ടുവരാന്‍ ശരത്തിന് കഴിഞ്ഞിരുന്നു. 2025ല്‍ പുറത്തിറങ്ങി ഇന്‍ഡസ്ട്രി ഹിറ്റായ ലോകഃയില്‍ ശരത് ഒരു വേഷം കൈകാര്യം ചെയ്യുകയും അത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ ലോകഃ സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് ശരത്ത് സഭ.

കന്നടയും മലയാളവും കലര്‍ത്തിയാണ് ആ സിനിമയിലെ തന്റെ കഥാപാത്രം സംസാരിക്കുന്നതെന്നും ഡൊമിനിക്ക് അരുണിന്റെ സുഹൃത്തായ ബേസിലാണ് തനിക്ക് സഹായമായതെന്നും നടന്‍ പറയുന്നു.

‘കര്‍ണാടകയില്‍ ‘ടോബി’ എന്ന സിനിമ ബേസില്‍ സംവിധാനം ചെയ്തിട്ടുണ്ട്. എന്റെ ഡയലോഗുകള്‍ കന്നടയിലേക്ക് വിവര്‍ത്തനം ചെയ്ത ബേസില്‍ വാട്‌സാപ്പില്‍ അയച്ചുതരുമായിരുന്നു. അത് പലയാവര്‍ത്തി വായിച്ച് പഠിച്ചാണ് ഞാന്‍ സെറ്റില്‍ ചെന്നിരുന്നത്. വലിയ പിഴവുകളില്ലാതെ ചെയ്തല്ലോ എന്ന് ഡബ് ചെയ്യാന്‍ വന്നപ്പോള്‍ ബേസില്‍ എന്നോട് പറഞ്ഞു.

ഡബ്ബിങ് ഘട്ടത്തിലും ബേസില്‍ ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ എനിക്ക് കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയുമായിരുന്നില്ല. സിനിമ വ്യത്യസ്തത കൊണ്ട് ശ്ര ദ്ധിക്കപ്പെടുമെന്നും ഹിറ്റാകുമെന്നും പ്രതീക്ഷിച്ചിരുന്നു. റെക്കോഡുകള്‍ തകര്‍ത്ത് പുതിയ റെക്കോഡുകള്‍ തീര്‍ക്കുമെന്ന് കരുതിയില്ല,’ ശരത് സഭ പറഞ്ഞു.

ആക്ഷന്‍ സീക്വന്‍സുകളുടെ ആരാധകനാണ് താനെന്നും ലോകഃയില്‍ തനിക്ക് കാര്യമായ സംഘട്ടനങ്ങളൊ ന്നുമില്ലായിരുന്നുവെന്നും നടന്‍ പറയുന്നു. കല്യാണിയാണ് ആക്ഷന്‍ കൂടുതല്‍ ചെയ്തതെന്നും സിനിമയ്ക്ക് മുമ്പ് തന്നെ മാര്‍ഷ്യല്‍ ആര്‍ട്‌സൊക്കെ പഠിച്ച് കൃത്യമായ മുന്നൊരുക്കത്തോടെയാണ് കല്യാണിയെത്തിയതെന്നും ശരത് കൂട്ടിച്ചേര്‍ത്തു.

നെല്ലിക്കാം പൊയില്‍ നൈറ്റ് റൈഡേഴ്‌സാണ് ശരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മാത്യു തോമസ് നായകനായ സിനിമ തിയേറ്ററില്‍ പരാജയമായിരുന്നു. ഒ.ടി.ടി റിലീസ് ശേഷവും ചിത്രം സമൂഹമാധ്യമങ്ങളില്‍ ട്രോളിനിരയാകുന്നുണ്ട്.

Content Highlight: Sarath  Sabha is talking about Lokah cinema and his character 

Latest Stories

We use cookies to give you the best possible experience. Learn more