| Wednesday, 1st October 2025, 9:44 pm

കന്നഡ കലര്‍ന്ന സംസാര രീതി വലിയ വെല്ലുവിളി; ലോകയിലെ വില്ലന്‍ വേഷത്തെ കുറിച്ച് ശരത് സഭ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളുമായി സാമ്യമില്ലാത്ത കഥപാത്രമാണ് ലോകയിലെ സുന്ദറെന്ന് ശരത് സഭ. ഡൊമിനിക് അരുണിന്റെ തരംഗം മുതല്‍ മലയാള സിനിമയുടെ ഭാഗമായ നടന്‍ ലോക ചാപ്റ്റര്‍ 1 ചന്ദ്രയിലെ കന്നഡ വില്ലനായി തിളങ്ങി. ലോകയിലെ തന്റെ കഥപാത്രത്തെ കുറിച്ച് ശരത് സംസാരിക്കുന്നു.

‘ഞാന്‍ സുന്ദറിനെപ്പോലെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി എത്തുമ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കണം. അതനുസരിച്ച് വളരെ കണ്‍വിന്‍സിങ് രീതിയിലായിരിക്കണം, അവതരിപ്പിക്കേണ്ടതെന്നത്. എന്നെ സംബന്ധിച്ച് വെല്ലുവിളി തന്നെയായിരുന്നു.

സുന്ദര്‍ എന്ന കഥാപാത്രത്തിന്റെ ബാക്ക് സ്റ്റോറി സംവിധായകന്‍ വ്യക്തമായി പറഞ്ഞുതന്നിരുന്നു. അല്ലാതെ അതിനുപുറമെ സ്വന്തം ഭാവനയിലും സുന്ദറിന്റെ ബാക്ക് സ്റ്റോറി യില്‍ കൂട്ടിച്ചേര്‍ത്തു,’ ശരത് സഭ പറുന്നു.

സുന്ദറിന്റെ കഥാപാത്രത്തിന് ഹ്യൂമറിന്റെ ഒരു അംശമുണ്ടെന്നും എന്നാല്‍ ഡാര്‍ക്ക് ഷെയ്ഡ് കൂടെയുണ്ടായിരുന്നുവെന്നും നടന്‍ പറയുന്നു. അത് നന്നായി അവതരിപ്പിക്കുക എന്ന് തന്നെയായിരുന്നു നേരിട്ട പ്രധാന വെല്ലുവിളിയെന്നും സുന്ദറിന്റെ കന്നഡ കലര്‍ന്ന സംസാരരീതിയായിരുന്നു നേരിട്ട മറ്റൊരു വെല്ലുവിളിയെന്നും ശരത് പറഞ്ഞു.

‘എനിക്ക് കന്നഡ ഒട്ടും അറിയില്ലായിരുന്നു. സംവിധായകന്‍ തന്ന ആത്മവിശ്വാസമാണ് ക്യാമറയ്ക്ക് മുന്നില്‍ അത് മനോഹരമായി അവതരിപ്പിക്കാന്‍ സഹായിച്ചത്. ടോബി എന്ന കന്നഡ ചിത്രം സംവിധാനം ചെയ്ത മലയാളിയായ ബേസില്‍ സഹായിച്ചു. അദ്ദേഹമാണ് സ്‌ക്രിപ്റ്റ് ട്രാന്‍സിലേറ്റ് ചെയ്ത എന്റെ ഡയലോഗുകള്‍ എങ്ങനെ പറയുമെന്നൊക്കെ വാട്സ് ആപ്പില്‍ വോയിസ് നോട്ടായി ഇട്ടുതന്നത്,’ ശരത് സഭ കൂട്ടിച്ചേര്‍ത്തു.

Content highlight: Sarath Saba says that  on his role in Loka Chapter One

We use cookies to give you the best possible experience. Learn more