| Wednesday, 15th October 2025, 5:45 pm

മമ്മൂട്ടിക്കൊത്ത എതിരാളിയാണല്ലോ, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ശരത് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ കാര്യം സംസാരിക്കുമ്പോള്‍ പലരും എടുത്തുപറയുന്ന കാര്യമാണ് അദ്ദേഹത്തിന്റെ പ്രായം. 74ാം വയസിലും 50 കാരന്റെ ചുറുചുറുക്കുമായി നടക്കുന്ന മമ്മൂട്ടി ഇപ്പോഴും ആരാധകരുടെ സ്വകാര്യ അഹങ്കാരമാണ്. എന്നാല്‍ മമ്മൂട്ടിയെപ്പോലെ പ്രായത്തിന്റെ ചുറുചുറുക്ക് കാത്തുസൂക്ഷിക്കുന്ന തമിഴ് താരം ശരത് കുമാറാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

കഴിഞ്ഞദിവസം പുറത്തുവന്ന ഡ്യൂഡ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോയാണ് ചര്‍ച്ചാവിഷയമായത്. വന്‍ എനര്‍ജിയില്‍ ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്ന ശരത് കുമാര്‍ സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തി. 71ാം വയസില്‍ ഇത്രയും ചുറുചുറുക്ക് കാത്തുസൂക്ഷിക്കുന്ന ശരത് കുമാറിനെ അഭിനന്ദിച്ച് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

‘മമ്മൂട്ടിയെ അഭിനന്ദിക്കുന്നതുപോലെ ആരും ഇദ്ദേഹത്തെ അഭിനന്ദിക്കുന്നില്ല’, ‘ഈ പ്രായത്തിലും ബോഡി മെയിന്റയിന്‍ ചെയ്തുകൊണ്ട് പോകുന്നത് സമ്മതിച്ചു കൊടുക്കേണ്ട കാര്യമാണ്’, ‘പ്രായം ഇദ്ദേഹത്തിന് വെറും കോമഡിയാണ്’, ‘ഈ പ്രായത്തിലും എന്നാ ഒരിതാ’, എന്നിങ്ങനെയാണ് ശരത് കുമാറിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകള്‍.

തമിഴില്‍ ഒരുകാലത്ത് തിളങ്ങിനിന്ന താരമായിരുന്നു ശരത് കുമാര്‍. നാട്ടാമൈ, സൂര്യവംശം, സൂര്യന്‍ തുടങ്ങിയ സിനിമകളിലൂടെ വമ്പന്‍ സ്റ്റാര്‍ഡം സ്വന്തമാക്കിയ ശരത് കുമാര്‍ രാഷ്ട്രീയത്തിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇടക്ക് നായകനായ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടെതോടെ സഹനടന്‍ വേഷങ്ങളും വില്ലന്‍ വേഷങ്ങളും പരീക്ഷിച്ചു.

അടുത്തിടെ റീലീസായ പോര്‍ തൊഴിലില്‍ മികച്ച പ്രകടനമായിരുന്നു ശരത് കുമാറിന്റേത്. തമിഴിന് പുറമെ മലയാളം, തെലുങ്ക് ഭാഷകളിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ശരത് കുമാറിന് സാധിച്ചിട്ടുണ്ട്. ദീപാവലി റിലീസായെത്തുന്ന ഡ്യൂഡിലും മികച്ച വേഷമാകും ശരത് കുമാറിനെന്ന് ട്രെയ്‌ലര്‍ ഉറപ്പു നല്‍കുന്നുണ്ട്. പ്രദീപ് രംഗനാഥന്റെ അമ്മാവനായാണ് ശരത് കുമാര്‍ വേഷമിടുന്നത്.

നവാഗതനായ കീര്‍ത്തീശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രദീപ് രംഗനാഥനാണ് നായകന്‍. മലയാളികളുടെ സ്വന്തം മമിത ബൈജുവാണ് ഡ്യൂഡിലെ നായിക. പ്രദീപ്- മമിത കെമിസ്ട്രിയും സായ് അഭ്യങ്കര്‍ ഈണം നല്കിയ ഗാനങ്ങളും ഇതിനോടകം സിനിമാപ്രേമികളുടെ ഇടയില്‍ ചര്‍ച്ചയായി. ഒക്ടോബര്‍ 17ന് തിയേറ്ററുകളിലെത്തും.

Content Highlight: Sarath Kumar’s new video viral in Social media

We use cookies to give you the best possible experience. Learn more