| Tuesday, 3rd March 2026, 1:42 pm

ഭാര്യയും ഭര്‍ത്താവും തമ്മില്‍ ബോക്‌സ് ഓഫീസില്‍ ക്ലാഷ്, ഒരുകാലത്ത് തമിഴിലെ സ്റ്റാറായിരുന്ന ഭര്‍ത്താവിനെ ബോക്‌സ് ഓഫീസില്‍ മുട്ടുകുത്തിച്ച് ഭാര്യ

അമര്‍നാഥ് എം.

സിനിമാചരിത്രത്തില്‍ ഇന്നേവരെ നടന്നിട്ടില്ലാത്ത ക്ലാഷായിരുന്നു കഴിഞ്ഞയാഴ്ച തമിഴില്‍ അരങ്ങേറിയത്. അച്ഛനും മക്കളും തമ്മിലുള്ള ക്ലാഷ് റിലീസ് പല ഇന്‍ഡസ്ട്രിയിലും കണ്ടിട്ടുണ്ടെങ്കിലും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ക്ലാഷ് ആര്‍ക്കും അത്ര പരിചയമില്ല. ശരത് കുമാറിന്റെയും അദ്ദേഹത്തിന്റെ പങ്കാളി രാധികയുടെയും സിനിമകളാണ് ഒന്നിച്ച് തിയേറ്ററുകളിലെത്തിയത്.

ശരത്കുമാറിനെ നായകനാക്കി മലയാളി സംവിധായകന്‍ മാധവ് രാംദാസ് ഒരുക്കിയ ആഴിയും രാധിക ശരത്കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തിയ തായ് കിഴവിയും തിയേറ്ററുകളിലെത്തി. ഒരുകാലത്ത് തമിഴില്‍ ടോപ് ലീഗിലുണ്ടായിരുന്ന ശരത് കുമാറിനെ രാധിക ക്ലാഷില്‍ മലര്‍ത്തിയടിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ഗംഭീര കളക്ഷനാണ് തായ് കിഴവി സ്വന്തമാക്കിയത്.

മൂന്ന് ദിവസം കൊണ്ട് 20 കോടിയോളം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. നാവഗതനായ ശിവകുമാര്‍ മുരുകേശന്‍ സംവിധാനം ചെയ്ത തായ് കിഴവി പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനൊപ്പം റെലവെന്റായ വിഷയവും സംസാരിക്കുന്നുണ്ട്. ഈ വര്‍ഷത്തെ അടുത്ത ബ്ലോക്ക്ബസ്റ്ററായി തായ് കിഴവി മാറുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

അതേസമയം ശരത്കുമാര്‍ നായകനായ ആഴി പ്രതീക്ഷിച്ച മുന്നേറ്റം ബോക്‌സ് ഓഫീസില്‍ നടത്തുന്നില്ല. ഔട്ട്‌ഡേറ്റഡായ തിരക്കഥയും മോശം മേക്കിങ്ങും ചിത്രത്തിന് തിരിച്ചടിയായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജാസി ഗിഫ്റ്റിന്റെ സംഗീതത്തിനും റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനും ആഴിയെ രക്ഷിക്കാനായില്ല.

ഒരുകാലത്ത് ഹീറോയായി തിളങ്ങിയ ശരത്കുമാര്‍ അടുത്തിടെ ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറ്റിയിരുന്നു. പഴയ ട്രാക്കിലേക്കുള്ള താരത്തിന്റെ മാറ്റം പ്രേക്ഷകര്‍ക്ക് സ്വീകരിക്കാനാകുന്നില്ലെന്നതിന്റെ തെളിവാണ് ആഴിയുടെ പരാജയം. ഇരു ചിത്രങ്ങളുടെയും റിലീസിന് മുമ്പ് തന്നെ ഈ ക്ലാഷ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ക്ലാഷിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ശരത്കുമാര്‍ നല്‍കിയ മറുപടിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ സിനിമയെക്കാള്‍ രാധികയുടെ സിനിമ വിജയിച്ചുകാണാനാണ് തനിക്ക് ഇഷ്ടമെന്നായിരുന്നു താരത്തിന്റെ മറുപടി. താരബാഹുല്യമില്ലാത്ത ചെറിയ സിനിമകള്‍ വിജയിക്കുന്ന കാഴ്ചക്കാണ് തമിഴ് ഇന്‍ഡസ്ട്രി സാക്ഷ്യം വഹിക്കുന്നത്.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തായ് കിഴവിയുടെ വിജയം. മധുരൈയിലെ ഒരു സാധാരണ ഗ്രാമത്തില്‍ നാട്ടുകാര്‍ക്കെല്ലാം തലവേദനയായി മാറിയ പവുനുത്തായി എന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. ശിവകാര്‍ത്തികേയനാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

Content Highlight: Sarath Kumar and Radhika’s movie released in same day

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more