ഇന്ത്യ-ശ്രീലങ്ക രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിന്റെ രണ്ടാം ദിനം അവസാനിച്ചിരിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സ് എന്ന നിലയിലാണ്.
മത്സരത്തില്‍ ഇന്ത്യക്കായി ഓള്‍ റൗണ്ടര്‍ സാരാന്‍ഷ് ജെയ്ന്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചതോടെ ഒരു അപൂര്‍വ റെക്കോഡും സാരാന്‍ഷ് സ്വന്തമാക്കി. 2008ല്‍ ഐ.പി.എല്‍ ആരംഭിച്ചതിന് ശേഷം ഇന്ത്യന്‍ പ്രിമീയര്‍ ലീഗില്‍ കളിക്കാതെ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന മൂന്നാമത്തെ താരമാണ് സാരാന്‍ഷ്.
ഇതിന് മുമ്പ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്, പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ മാത്രമാണ് ഇത്തരത്തില്‍ ഐ.പി.എല്‍ കളിക്കാതെ ഇന്ത്യന്‍ ടീമിലെത്തിയ താരങ്ങള്‍.
2008ല്‍ ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിലായിരുന്നു മുരളി വിജയുടെ ഇന്ത്യന്‍ അരങ്ങേറ്റം. താരം 2009ലായിരുന്നു ആദ്യമായി ഐ.പി.എല്‍ കളിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയാണ് താരം ആദ്യമായി ഐ.പി.എല്ലില്‍ കളത്തിലിറങ്ങിയത്.
ഷമി 2013 ജനുവരിയില്‍ പാകിസ്ഥാനെതിരെയായിരുന്നു ഇന്ത്യക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയത്. ഏകദിനത്തിലായിരുന്നു ഷമിയുടെ അരങ്ങേറ്റം. ഇതേ വര്‍ഷം നടന്ന ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് ഷമി ആദ്യമായി പന്തെറിഞ്ഞത്. ഐ.പി.എല്ലിന് ശേഷം 122 താരങ്ങളാണ് ഇന്ത്യക്കായി കളിച്ചത്. എന്നാല്‍ ഈ മൂന്ന് താരങ്ങളും അപൂര്‍വ താരങ്ങളായി മാറി.
2000ത്തിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരവും കൂടിയാണ് സാരാന്‍ഷ്. 33 വയസും 145 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം. മുന്‍ ഇന്ത്യന്‍ താരം സബ കരീമിനെയാണ് സാരാന്‍ഷ് മറികടന്നത്. 2000ത്തില്‍ ബംഗ്ലാദേശിനെതിരെ സബ കരീം അരങ്ങേറ്റം കുറിക്കുമ്പോള്‍ 32 വയസും 362 ദിവസവും ആയിരുന്നു പ്രായം.
ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് വാഷിങ്ടണ്‍ സുന്ദറിന് ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്തിരിക്കേണ്ടിവന്നതോടെയാണ് സരാന്‍ഷിന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അവസരം ലഭിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിനായും ഇന്ത്യ എ ടീമിനായും പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനമാണ് 33കാരനായ താരത്തിന് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 54 മത്സരത്തിലെ 85 ഇന്നിങ്സില്‍ നിന്ന് 2223 റണ്‍സാണ് സാരാന്‍ഷ് നേടിയത്. രണ്ട് സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും ഫോര്‍മാറ്റില്‍ താരം നേടി. ബൗളിങ്ങില്‍ 97 ഇന്നിങ്സില്‍ നിന്ന് 188 വിക്കറ്റുകളും 6/75 എന്ന മികച്ച പ്രകടനവും ജെയ്ന്‍ സ്വന്തമാക്കി.
10 ഫോര്‍ഫറും 10 ഫൈഫറുമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരത്തിന്റെ അക്കൗണ്ടിലുള്ളത്. ലിസ്റ്റ് എയില്‍ 47 മത്സരത്തിലെ 37 ഇന്നിങ്സില്‍ 553 റണ്‍സും 38 വിക്കറ്റും 33കാരന്‍ അക്കൗണ്ടിലാക്കിയിട്ടുണ്ട്.
Content Highlight: Saransh Jain set a rare record for India in international cricket