ഇന്ത്യ-ശ്രീലങ്ക രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിന് തുടക്കമായിരിക്കുകയാണ്. കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി ഓള്‍ റൗണ്ടര്‍ സാരാന്‍ഷ് ജെയ്ന്‍ അരങ്ങേറ്റം കുറിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചതോടെ ഒരു അപൂര്‍വ റെക്കോഡും സാരാന്‍ഷ് സ്വന്തമാക്കി. 2000ത്തിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായാണ് സാരാന്‍ഷ് മാറിയത്.
33 വയസും 145 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം. മുന്‍ ഇന്ത്യന്‍ താരം സബ കരീമിനെയാണ് സാരാന്‍ഷ് മറികടന്നത്. 2000ത്തില്‍ ബംഗ്ലാദേശിനെതിരെ സബ കരീം അരങ്ങേറ്റം കുറിക്കുമ്പോള്‍ 32 വയസും 362 ദിവസവും ആയിരുന്നു പ്രായം.
ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് വാഷിങ്ടണ്‍ സുന്ദറിന് ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്തിരിക്കേണ്ടിവന്നതോടെയാണ് സരാന്‍ഷിന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അവസരം ലഭിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിനായും ഇന്ത്യ എ ടീമിനായും പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനമാണ് 33കാരനായ താരത്തിന് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 54 മത്സരത്തിലെ 85 ഇന്നിങ്‌സില്‍ നിന്ന് 2223 റണ്‍സാണ് സാരാന്‍ഷ് നേടിയത്. രണ്ട് സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും ഫോര്‍മാറ്റില്‍ താരം നേടി. ബൗളിങ്ങില്‍ 97 ഇന്നിങ്‌സില്‍ നിന്ന് 188 വിക്കറ്റുകളും 6/75 എന്ന മികച്ച പ്രകടനവും ജെയിന്‍ സ്വന്തമാക്കി.
10 ഫോര്‍ഫറും 10 ഫൈഫറുമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരത്തിന്റെ അക്കൗണ്ടിലുള്ളത്. ലിസ്റ്റ് എയില്‍ 47 മത്സരത്തിലെ 37 ഇന്നിങ്‌സില്‍ 553 റണ്‍സും 38 വിക്കറ്റും 33കാരന്‍ അക്കൗണ്ടിലാക്കിയിട്ടുണ്ട്.
അതേസമയം പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഇന്ത്യ ഈ മത്സരവും വിജയിച്ചുകൊണ്ട് സമ്പൂര്‍ണ വിജയമാവും ലക്ഷ്യം വെക്കുക. മറുഭാഗത്ത് പരമ്പര സമനിലയാക്കാന്‍ ലങ്കക്കും ഈ മത്സരം നിര്‍ണായകമാണ്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
യശസ്വി ജയസ്വാള്‍, കെ.എല്‍ രാഹുല്‍, ദേവദത്ത് പടിക്കല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, സാരാന്‍ഷ് ജെയ്ന്‍, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ശ്രീലങ്ക പ്ലെയിങ് ഇലവന്‍
ലാഹിരു ഉദാര, കാമില്‍ മിഷാര, പസിന്ദു സൂര്യബന്ദര, കാമിന്ദു മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), സോണാല്‍ ദിനുഷ, നിരോഷന്‍ ഡിക്ക്വെല്ല (വിക്കറ്റ് കീപ്പര്‍), കേശാര നുവന്ത, പ്രഭാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ.
Content Highlight: Saransh Jain create a rare record for India in test cricket