| Friday, 31st October 2025, 10:28 pm

വന്‍വൃക്ഷങ്ങള്‍ മുന്നില്‍ നിന്ന് മാറിക്കൊടുക്കണം; പുരസ്‌കാരങ്ങള്‍ അര്‍ഹതയുള്ള ചെറുപ്പക്കാര്‍ വാങ്ങട്ടെ: ശാരദക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വര്‍ഷാവര്‍ഷം നല്‍കുന്ന സംസ്ഥാന പുരസ്‌കാരങ്ങള്‍ അര്‍ഹതയുള്ള ചെറുപ്പക്കാര്‍ വാങ്ങട്ടെയെന്ന് എഴുത്തുകാരി ശാരദക്കുട്ടി.

സംസ്ഥാന ചലച്ചിത്ര-സാഹിത്യ പുരസ്‌കാരങ്ങളില്‍ നിന്നും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പരമോന്നത ബഹുമതി വരെ ലഭിച്ചവര്‍ മാറിനില്‍ക്കണമെന്ന് പറഞ്ഞാല്‍ തെറ്റുണ്ടോയെന്നും ശാരദക്കുട്ടി ചോദിക്കുന്നു.

വന്‍വൃക്ഷങ്ങള്‍ മുന്നില്‍ നിന്ന് മാറിക്കൊടുക്കണമെന്നും പത്മശ്രീ, പത്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കേ അടക്കമുള്ള പുരസ്‌കാരങ്ങള്‍ നേടിയവര്‍ തങ്ങളുടെ പേര് ഇനി പ്രാദേശിക മത്സരങ്ങളില്‍ പരിഗണിക്കേണ്ടതില്ലെന്ന് പറയണമെന്നും ശാരദക്കുട്ടി ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് ശാരദക്കുട്ടി ഇക്കാര്യം ആവശ്യപ്പെട്ടത്.

‘അവര്‍ ആരോട് മത്സരിക്കാനാണിനി? കിട്ടിയതിലും വലിയ തിടമ്പുകള്‍ ഇനി കിട്ടാനില്ലെന്നിരിക്കെ അതല്ലേ ഔചിത്യം?,’ ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു. ആദരവ് വാങ്ങി മടുത്തുവെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതുപോലെ, ചിലപ്പോഴൊക്കെ ആദരിച്ചും മടുത്തു പോകാറുണ്ടെന്നും ശാരദക്കുട്ടി പറയുന്നു.

താരസിംഹാസനങ്ങള്‍ ഒഴിഞ്ഞ് കൊടുക്കാനല്ല പറയുന്നത്, അത് അര്‍ഹതയുള്ളവര്‍ പിടിച്ചെടുക്കുക തന്നെ വേണം. പക്ഷേ പ്രോത്സാഹനമെന്ന നിലയില്‍ നല്‍കുന്ന പുരസ്‌കാരങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും ശാരദക്കുട്ടി വ്യക്തമാക്കി.

പ്രഖ്യാപിക്കുവാനിരിക്കുന്ന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ചെറുപ്പക്കാരായിരിക്കണേ മുന്‍ നിരയിലെന്നും അവര്‍ കുറിച്ചു. നിലവില്‍ ഈ പോസ്റ്റിന് താഴെ ശാരദക്കുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്.

അഭിപ്രായം തെറ്റെന്ന് ചൂണ്ടിക്കാട്ടിയവരോട് ‘താരസിംഹാസനങ്ങള്‍ ഒഴിഞ്ഞ് കൊടുക്കാനല്ല പറയുന്നത്, പുരസ്‌കാരങ്ങള്‍. ഇനി ഇവര്‍ക്ക് പുരസ്‌കാരങ്ങള്‍ എന്തിനാണ് എന്നൊരു സംശയം. പിടിച്ചുനിന്ന് സ്ഥാനങ്ങളും ഉറപ്പിച്ച് ഇനി കയറ്റങ്ങള്‍ പോലും വേണ്ടാത്തവരുണ്ടല്ലോ, അവരോടാണ്’ എന്നും ശാരദക്കുട്ടി മറുപടി നല്‍കി.

എന്നാല്‍ ആരും തന്നെ ഇത്തരം പുരസ്‌കാരങ്ങളില്‍ നിന്നും പിന്മാറില്ലെന്നും അവാര്‍ഡ് പ്രഖ്യാപിക്കുന്നത് വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ ആണെങ്കിലും ചിലരത് വാങ്ങുമെന്നുമാണ് ഒരാളുടെ പ്രതികരണം. പിന്മാറിയില്ലെങ്കിലും കുഴപ്പമില്ല, വേണ്ടപ്പെട്ടവര്‍ക്ക് കൊടുക്കാതിരുന്നാല്‍ മതിയെന്നും ചിലര്‍ പറയുന്നു.

അതേസമയം നാളെ (ശനി) പ്രഖ്യാപിക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നവംബര്‍ മൂന്നിലേക്ക് മാറ്റി. സിനിമയുടെ സ്‌ക്രീനിങ്ങ് കഴിയാത്തതും നാളെ പ്രത്യേക നിയമസഭാ സമ്മേളനം നടക്കുന്നതുമാണ് പ്രഖ്യാപനം മാറ്റിവെക്കാന്‍ കാരണമായതെന്നാണ് വിവരം. തിങ്കളാഴ്ച്ച തൃശൂരില്‍ വെച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.

Content Highlight: Saradakutty said Let deserving youth receive awards

We use cookies to give you the best possible experience. Learn more