| Wednesday, 5th November 2025, 9:56 am

'സാംസ്‌കാരിക മന്ത്രിയാക്കിയത് വേറെ കൊള്ളാവുന്നവരില്ലാഞ്ഞിട്ടല്ല' സ്ഥാനം തന്നവര്‍ ഇങ്ങനെ പറഞ്ഞിരുന്നെങ്കിലോ? സജി ചെറിയാനെതിരെ ശാരദക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്റെ പ്രതികരണങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി എഴുത്തുകാരി ശാരദക്കുട്ടി. വലിയ ഔദാര്യം ചെയ്തതിന്റെ അധികാര ഭാവമാണ് മന്ത്രിയുടെ പ്രതികരണങ്ങളില്‍ ഉള്ളതെന്ന് ശാരദക്കുട്ടി പറയുന്നു.

ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയര്‍മാനായി നടന്‍ പ്രേംകുമാറിനെ നിയോഗിച്ചത് സംബന്ധിച്ചും റാപ്പര്‍ വേടനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് പരിഗണിച്ചതുമായി ബന്ധപ്പെട്ടും സജി ചെറിയാന്‍ നടത്തിയ പ്രതികരണങ്ങളാണ് ശാരദക്കുട്ടി ചൂണ്ടിക്കാട്ടിയത്.

പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കിയത് വേറെ നടന്മാരില്ലാഞ്ഞിട്ടല്ലല്ലോ, വേടനെ പോലും അംഗീകരിച്ചു എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സജി ചെറിയാന്‍ പറഞ്ഞത്.  ഇവ അംഗീകാരമല്ലെന്നും ഔദാര്യമാണെന്ന ധ്വനി വരുത്തികൊണ്ടുള്ള നിന്ദാസംഭാഷണമാണെന്നും ശാരദക്കുട്ടി പറയുന്നു.

‘സാംസ്‌കാരിക മന്ത്രിയാക്കിയത് വേറെ കൊള്ളാവുന്നവരില്ലാഞ്ഞിട്ടല്ല’ എന്ന് സ്ഥാനം തന്നവര്‍ അധികാരഭാഷയില്‍ പറഞ്ഞാല്‍ അതിനര്‍ത്ഥം എന്തായിരിക്കുമെന്നും ശാരദക്കുട്ടി ചോദിച്ചു. ‘സജി ചെറിയാനെ പോലും ഞങ്ങള്‍ അംഗീകരിച്ചു’ എന്ന് കൂടി പറഞ്ഞാലോ? സ്വന്തം ദേഹത്ത് നുള്ളിയാലേ നോവറിയൂ എന്നും അവര്‍ ചൂണ്ടിക്കാട്ടി.

നിങ്ങളില്‍ അപമാനത്തിന്റെ ഒരു പുളച്ചിലുണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രേംകുമാറിനും വേടനും തോന്നും. ഭാഷ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രത്യേകിച്ചും. പ്രിവിലേജസ് ഉള്ളവരുടെ കൈയില്‍ ഭാഷ ചില അഹങ്കാരക്കളികള്‍ കളിക്കുന്നതിന് ഉദാഹരണമാണ് മന്ത്രിയുടെ ഈ രണ്ട് വാചകങ്ങളെന്നും ശാരദക്കുട്ടി പ്രതികരിച്ചു.

ഇന്നലെ (ചൊവ്വ) മാധ്യമങ്ങളോട് പ്രതികരിച്ച മന്ത്രി, വേടനെ പോലും സ്വീകരിച്ചുവെന്ന പരാമര്‍ശത്തില്‍ വിശദീകരണം നല്‍കിയിരുന്നു.

വാക്കുകള്‍ വളച്ചൊടിക്കരുത്. വേടന്‍ ഒരു ഗാനരചയിതാവ് അല്ല, ശ്രീകുമാരന്‍ തമ്പിയെ പോലെ നൂറുക്കണക്കിന് ആളുകളുള്ള ഒരിടത്ത് വേടന്‍ എഴുതിയ കവിത ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ടുവെന്നും അത് ജൂറി പരിഗണിച്ചെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്.

Content Highlight: Saradakutty points out the flaws in Culture Minister Saji Cherian’s responses

We use cookies to give you the best possible experience. Learn more