| Wednesday, 3rd December 2025, 1:53 pm

ആങ്കൂട്ടത്തിന്റെ ഈശ്വരന്‍ വെള്ളം കുടിച്ചിട്ട് 48 മണിക്കൂറായി; ആരെങ്കിലുമൊന്ന് കണ്ടഭാവം നടിക്കണേ: പരിഹസിച്ച് ശാരദക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുന്ന വലത് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. നിരാഹമിരിക്കുന്ന രാഹുല്‍ ഈശ്വറിനെ ആരെങ്കിലും കണ്ടഭാവം നടിക്കണേ എന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ആങ്കൂട്ടത്തിന്റെ ഈശ്വരന്‍ വെള്ളം കുടിച്ചിട്ട് 48 മണിക്കൂറായെന്നും ശാരദക്കുട്ടി പരിഹസിച്ചു. ‘ആരെങ്കിലും ഒന്ന് കണ്ടഭാവം നടിക്കണേ… കേട്ട ഭാവം നടിക്കണേ… അയാളല്ലാതാരുമില്ലേ അയാളുടെ പട്ടിണി ഓര്‍മിക്കാന്‍?,’ എന്നും ശാരദക്കുട്ടി പറഞ്ഞു. കേരളത്തിലെ ആണുങ്ങള്‍ ഇത്ര ക്രൂരന്മാരാണോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണ് തുറക്കാത്ത ദൈവങ്ങളെ എന്ന സിനിമാഗാനത്തിലെ ‘കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമണ്‍ പ്രതിമകളേ’, ‘കര്‍പ്പൂരദീപമായ് നിങ്ങള്‍ തന്‍ മുന്നില്‍ കത്തിയെരിഞ്ഞവന്‍ ഞാന്‍’ എന്നീ വരികളും ശാരദക്കുട്ടി തന്റെ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

നിലവില്‍ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

രാഹുലിനെ രണ്ട് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. മൂന്ന് ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ട് ദിവസമാണ് കോടതി അനുവദിച്ചത്. ജാമ്യാപേക്ഷ തള്ളിയതോടെ ദേഹാസ്വാസ്ഥ്യമുണ്ടായ രാഹുലിനെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച രാഹുല്‍ ഈശ്വര്‍, ഈ കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും താന്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ കോടതി കണ്ടിട്ടില്ലെന്നും പറഞ്ഞു. രാഹുലിന് വേണ്ടി ഇനിയും സംസാരിക്കുമെന്നും അതില്‍ അഭിമാനം മാത്രമേ ഉള്ളുവെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.

സമൂഹ മാധ്യമങ്ങളില്‍ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് യുവതിയുടെ പരാതി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകള്‍ മുഖേനയാണ് രാഹുല്‍ അതിജീവിതയെ അധിക്ഷേപിച്ചത്.

Content Highlight: Saradakutty mocks Rahul Easwar

We use cookies to give you the best possible experience. Learn more